വിമര്‍ശിക്കുന്നതിൽ തെറ്റില്ല, വാർത്ത പുറത്തുപോകുന്നത് മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കും; കേരള കോണ്‍ഗ്രസ് എം

സിപിഐക്കകത്തെ സംഘടനാ പ്രശ്‌നങ്ങള്‍ മറച്ചുവെക്കാന്‍ വേണ്ടിയാണ് ഇക്കാര്യങ്ങള്‍ തിരിച്ചുവിടുന്നതെന്നാണ് ചിലര്‍ പറയുന്നത്. താനതില്‍ വിശ്വസിക്കുന്നില്ലെന്നും സ്റ്റീഫന്‍ ജോര്‍ജ്

കോട്ടയം: സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തിലുയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്. സിപിഐ വിമര്‍ശനം ശരിയായ രീതിയിലാണെന്ന് കരുതുന്നില്ല. സമ്മേളനങ്ങളില്‍ ചര്‍ച്ച ചെയ്യുന്ന കാര്യങ്ങള്‍ പുറത്തുപോകുന്നത് മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന കാര്യമാണ്. കേരള കോണ്‍ഗ്രസ് അണികള്‍ എപ്പോഴും കേരള കോണ്‍ഗ്രസ് എമ്മിനൊപ്പമാണെന്നും സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടാണ് പ്രതികരണം.

'സിപിഐ വിമര്‍ശനം ശരിയായ രീതിയിലാണെന്ന് കരുതുന്നില്ല. കേരള കോണ്‍ഗ്രസിനെ മാത്രമല്ല, സിപിഐയുടെ മന്ത്രിമാരെയും സര്‍ക്കാരിനെയുമെല്ലാം അവര്‍ വിമര്‍ശിക്കുന്നുണ്ട്. പാര്‍ട്ടി കമ്മിറ്റികളില്‍ ചര്‍ച്ച ചെയ്യുന്നതിലോ വിമര്‍ശിക്കുന്നതിലോ തെറ്റില്ല. പക്ഷെ കീഴ്‌വഴക്കം അനുസരിച്ച് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ അത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ വാര്‍ത്ത പുറത്തുപോകാറില്ല. വാര്‍ത്ത പുറത്തുപോകുന്നത് മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന കാര്യമാണ്. അത് മുന്നണി സംവിധാനത്തിനും മുന്നണിയുടെ കെട്ടുറപ്പിനും യോജിച്ചതാണെന്ന് കരുതുന്നില്ല. തെറ്റിദ്ധാരണ മാറ്റാനായി ഒരു കാര്യം പറയാം. കേരള കോണ്‍ഗ്രസ് അണികള്‍ എപ്പോഴും കേരള കോണ്‍ഗ്രസ് എമ്മിനൊപ്പമാണ്. ഇത് കോണ്‍ഗ്രസിനും ബോധ്യപ്പെട്ട കാര്യമാണ്', സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു.

സിപിഐയുടേത് ശരിയായ വിലയിരുത്തലല്ല. സിപിഐക്കകത്തെ സംഘടനാ പ്രശ്‌നങ്ങള്‍ മറച്ചുവെക്കാന്‍ വേണ്ടിയാണ് ഇക്കാര്യങ്ങള്‍ തിരിച്ചുവിടുന്നതെന്നാണ് ചിലര്‍ പറയുന്നത്. താനതില്‍ വിശ്വസിക്കുന്നില്ലെന്നും സ്റ്റീഫന്‍ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫിലെത്തിയെങ്കിലും അണികള്‍ ഇപ്പോഴും യുഡിഎഫിനൊപ്പമാണെന്നായിരുന്നു സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ വിമര്‍ശനം. കേരള കോണ്‍ഗ്രസ് എം മുന്നണിയിലേക്ക് വന്നതുകൊണ്ട് തെരഞ്ഞെടുപ്പില്‍ നേട്ടമില്ല. അണികള്‍ക്ക് ഇപ്പോഴും യുഡിഎഫിനോടാണ് കൂറെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.

Content Highlights: Kerala Congress M Stephen George Against CPI

To advertise here,contact us