രമേശ് ചെന്നിത്തല നയിച്ച ജാഥയെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം; പരാതി നല്‍കി ജി സുധാകരന്‍

ആക്ഷേപിക്കുകയും അശ്ലീല പദപ്രയോഗം നടത്തിയെന്നും പരാതിയില്‍ ആരോപിക്കുന്നു

ആലപ്പുഴ: സൈബര്‍ ആക്രമണത്തില്‍ പരാതി നല്‍കി മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്‍. അമ്പലപ്പുഴ ലോക്കല്‍ കമ്മിറ്റി അംഗം മിഥുന്‍ അമ്പലപ്പുഴയ്‌ക്കെതിരെയാണ് അമ്പലപ്പുഴ പൊലീസില്‍ പരാതി നല്‍കിയത്. ആക്ഷേപിക്കുകയും അശ്ലീല പദപ്രയോഗം നടത്തിയെന്നും പരാതിയില്‍ ആരോപിക്കുന്നു.

കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സംഘടിപ്പിച്ച ലഹരി വിരുദ്ധ ജാഥയെ പിന്തുണച്ച് ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചതിന് പിന്നാലെയാണ് ജി സുധാകരനെതിരായ സൈബര്‍ ആക്രമണം. ജാഥയ്ക്ക് അഭിനന്ദനം അറിയിച്ച ജി സുധാകരന്‍ ഈ കാലഘട്ടത്തിന് ഏറ്റവും അനുയോജ്യമായ പ്രചാരണ പരിപാടിയാണിതെന്നും അഭിപ്രായപ്പെട്ടിരുന്നു. ജാഥയെ പിന്തുണച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും രംഗത്തെത്തിയിരുന്നു.

'പ്രൗഡ് കേരള' എന്ന സംഘടനയുടെ ആഭിമുഖ്യത്തിലായിരുന്നു ജാഥ നടന്നത്. കെ സി വേണുഗോപാല്‍ എംപി, ഷാനിമോള്‍ ഉസ്മാന്‍, പി ചിത്തരഞ്ജന്‍ എംഎല്‍എ തുടങ്ങി നിരവധി രാഷ്ട്രീയനേതാക്കളു ജാഥയില്‍ പങ്കെടുത്തിരുന്നു. ആറേകാലോടെ ഫ്‌ലാഗ് ഓഫ് ചെയ്ത ജാഥയില്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, കലാകാരന്‍മാര്‍ തുടങ്ങി നിരവധി പേരാണ് പങ്കെടുത്തത്.

Content Highlights: G Sudhakaran Complaint to Ambalappuzha police over Cyber attack

To advertise here,contact us