'കുഞ്ചാക്കോ ബോബന്‍ ജീവിക്കുന്നത് ഉമ്മൻചാണ്ടി ഭരണത്തിന്റെ ആലസ്യത്തിൽ, അതിന്റ പുറത്തേക്ക് വരൂ';ഡിവൈഎഫ്ഐ നേതാവ്

'ഇപ്പോൾ സ്‌കൂളിൽ ബിരിയാണിയും ഫ്രൈഡ് റൈസുമാണ്. നിങ്ങളാ ഹാങ്ങോവറിൽ നിന്ന് പുറത്തേക്ക് വാ എന്നിട്ട് ഈ നാടൊക്കെ ഒന്ന് കാണൂ' എന്ന് വിമര്‍ശനം

കണ്ണൂർ: വിദ്യാലയങ്ങളിലേക്കാൾ നല്ല ഭക്ഷണം ഇപ്പോൾ ജയിലുകളിലാണ് ലഭിക്കുന്നതെന്ന നടൻ കുഞ്ചാക്കോ ബോബന്റെ പ്രസ്താവനക്കെതിരെ ഡിവൈഎഫ്‌ഐ. കുഞ്ചാക്കോ ബോബൻ ജീവിക്കുന്നത് ഉമ്മൻചാണ്ടി ഭരണത്തിന്റെ ആലസ്യത്തിലാണെന്നും ആ കാലമൊക്കെ കഴിഞ്ഞെന്നും ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ലാ സെക്രട്ടറി സരിൻ ശശി ഫേസ്ബുക്കിൽ കുറിച്ചു.

ജയിലിലേക്കാൾ മികച്ച ഭക്ഷണം കൊടുക്കേണ്ടത് സ്‌കൂളിലാണ് എന്ന് കഴിഞ്ഞ ദിവസം സിനിമാ താരം കുഞ്ചാക്കോ ബോബൻ. മൂപ്പർ ഉമ്മൻചാണ്ടിയുടെ ഭരണത്തിന്റെ ആലസ്യത്തിലാണ്. ആ കാലമൊക്കെ കഴിഞ്ഞു കുഞ്ചാക്കോ ബോബ ഇപ്പോൾ സ്‌കൂളിൽ ബിരിയാണിയും ഫ്രൈഡ് റൈസും ഒക്കെയാണ്. നിങ്ങളാ ഹാങ്ങോവറിൽ നിന്ന് പുറത്തേക്ക് വാ എന്നിട്ട് ഈ നാടൊക്കെ ഒന്ന് കാണൂ.. എന്നാണ് സരിൻ ശശിയുടെ കുറിപ്പ്

തൃക്കാക്കര നിയോജക മണ്ഡലത്തിലെ സ്‌കൂൾ കുട്ടികൾക്കായി ഉമാ തോമസ് എംഎൽഎയുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രഭാത ഭക്ഷണ പദ്ധതിയുടെ ഉദ്ഘാടനത്തിലായിരുന്നു കുഞ്ചാക്കോ ബോബന്റെ പ്രസ്താവന. വിദ്യാലയങ്ങളിൽ ലഭിക്കുന്നതിനേക്കാൾ നല്ല ഭക്ഷണം ഇപ്പോൾ ജയിലുകളിൽ തടവുകാരാണ് കഴിക്കുന്നത്. ഇത് മാറ്റം വരേണ്ട വിഷയമാണ്. കുറ്റവാളികളെ വളർത്താനല്ല, കുറ്റമറ്റവരെ സംരക്ഷിക്കാനാണ് സർക്കാർ മുൻഗണന നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പിന്നാലെ സർക്കാർ സ്‌കൂളിലെ കുട്ടികൾക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാൻ നടനെ ക്ഷണിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും രംഗത്ത് വന്നിരുന്നു. സദുദ്ദേശത്തോടെയാണ് നടന്റെ വാക്കുകളെന്നും സ്‌കൂൾ ഭക്ഷണത്തിന്റെ മെനുവും രുചിയും നടന് സ്‌കൂളിലെത്തിയാൽ അറിയാമെന്നുമാണ് മന്ത്രി അന്ന് പ്രതികരിച്ചത്.

To advertise here,contact us