'പുറത്തുവന്ന ചാറ്റിൽ വിശ്വാസ്യതയില്ല, നടക്കുന്നത് തെറ്റായ പ്രചാരണം'; അർജന്റീനയുടെ കേരള സന്ദർശനത്തിൽ മന്ത്രി

ലിയാൻഡ്രൊയുടേത് എന്ന പേരിൽ പുറത്തുവന്ന ചാറ്റുകൾ മന്ത്രി തള്ളി

മലപ്പുറം: മെസ്സിയുടെയും അർജന്റീന ടീമിന്റേയും കേരള സന്ദർശനവുമായി ബന്ധപ്പെട്ട് നടക്കുന്നത് തെറ്റായ പ്രചാരണങ്ങളെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാൻ. നടപടിക്രമങ്ങൾ എല്ലാം പൂർത്തീകരിച്ചിട്ടുണ്ടെന്നും സ്പോൺസർ പണം അടച്ചിട്ടുണ്ടെന്നും വി അബ്ദുറഹ്മാൻ പറഞ്ഞു. ഈ വർഷം അർജന്റീന ടീം കേരളത്തിൽ കളിച്ചില്ലെങ്കിൽ പിന്നീട് കേരളത്തിന് താൽപര്യം ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.

ലിയാൻഡ്രൊയുടേത് എന്ന പേരിൽ പുറത്തുവന്ന ചാറ്റുകളും മന്ത്രി തള്ളി. ലിയാൻഡ്രോ മാർക്കറ്റിങ് ഹെഡ്ഡാണ്. എന്നാൽ കരാർ ഒപ്പിട്ടത് അർജന്റീനിയൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡൻ്റുമായാണ്. തന്റെ പക്കലുള്ള ലിയാൻഡ്രൊയുടെ പ്രൊഫൈൽ അല്ല ഇപ്പോൾ പുറത്തുവന്ന ചാറ്റിൽ ഉള്ളത്. ഇനിയും തീരുമാനമെടുക്കാനാകാത്ത ഒരു കാര്യത്തിൽ ലിയാൻഡ്രൊ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അത് കരാർ ലംഘനമെന്നും മന്ത്രി പറഞ്ഞു. നൽകേണ്ട പണം എല്ലാം നൽകിയതിന് ശേഷമാണ് അർജന്റീന വരില്ല എന്ന് പറഞ്ഞതെന്നും മന്ത്രി കൂട്ടിച്ചേർത്തു. സർക്കാർ കൊണ്ടുവന്ന സ്പോർട്സ് പോളിസിയുടെ ഭാഗമായാണ് അർജന്റീനയെ കേരളത്തിലെത്തിക്കുന്നത്. സ്‌പെയിനിൽ പോയത് താൻ ഒറ്റയ്ക്കല്ല, സ്പോർട്സ് അതോറിറ്റിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. മാധ്യമങ്ങൾ അനാവശ്യ വാർത്തകൾ സൃഷ്ടിക്കുന്നത് ശരിയാണോ എന്ന് ആലോചിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മെസ്സിയെയും ടീമിനെയും കൊണ്ടുവരാൻ നടത്തുന്നത് ചെറിയ ശ്രമമല്ല എന്നും മന്ത്രി കൂട്ടിച്ചേർത്തു. നമ്മുടെ ഭാഗത്തുനിന്നുണ്ടാകേണ്ട എല്ലാ കാര്യങ്ങളും ചെയ്തു. സ്‌പോൺസർമാർ കൃത്യമായി പണം നൽകി. മാധ്യമങ്ങൾ തെറ്റിദ്ധാരണ പരത്തരുതെന്നും മന്ത്രി അഭ്യർത്ഥിച്ചു.

മാധ്യമങ്ങള്‍ തെറ്റായ കാര്യങ്ങള്‍ ഓരോവട്ടം പ്രചരിപ്പിക്കുമ്പോഴും സര്‍ക്കാരും കായികവകുപ്പും സ്‌പോണ്‍സറും പറയുന്നതാണ് ശരിയെന്ന് പുറത്ത് വന്നിട്ടുണ്ട്. അതെ പോലെ ഇപ്പോഴത്തെ വിവാദത്തിലും സത്യാവസ്ഥ ശരിയായ സമയത്ത് പുറത്ത് വരുമെന്നും മന്ത്രി വ്യക്തമാക്കി.

Content Highlights: V Abdurahman on argentina teams visit to kerala

To advertise here,contact us