തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല് കോളോജ് ആശുപത്രിയിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിനെ സംശയത്തിന്റെ നിഴലിലാക്കി പ്രിന്സിപ്പലും സൂപ്രണ്ടും നടത്തിയ വാര്ത്താസമ്മേളനത്തിനിടെ വന്ന ഫോണ് കോള് ഡിഎംഇ ഡോ. വിശ്വനാഥൻ്റേത്. ഡിഎംഇ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വിളിച്ചതില് അസ്വാഭാവികത ഇല്ലെന്നാണ് ഡിഎംഇ പറയുന്നത്.
ഡോ. ഹാരിസ് ചിറക്കലിനെതിരായ അന്വേഷണ സമിതിയുടെ റിപ്പോര്ട്ടിലെ കാര്യങ്ങള് മാത്രം പറയാനാണ് നിര്ദ്ദേശിച്ചതെന്ന് ഡിഎംഇ പറഞ്ഞു. അന്വേഷണ റിപ്പോര്ട്ടിലെ വിവരങ്ങള് പറയാനാണ് വാര്ത്താസമ്മേളനം വിളിച്ചത്. മറ്റ് കാര്യങ്ങള് പറയേണ്ടതില്ലെന്നാണ് നിര്ദേശിച്ചതെന്നും ഡിഎംഇ വ്യക്തമാക്കി. ഡോ. ഹാരിസ് ചിറക്കലിനെതിരെ ആരോപണങ്ങള് ഉയര്ന്ന വാര്ത്താസമ്മേളനത്തിനിടെ അപ്രതീക്ഷിതമായി വന്ന ഫോണ് കോള് ചര്ച്ചയ്ക്ക് വഴിവെച്ചിരുന്നു. ആരാണ് വാര്ത്താസമ്മേളനം വിളിച്ചതെന്നും ഗുരുതര ആരോപണങ്ങള് ഉന്നയിക്കാന് ആരാണ് നിര്ദേശം നല്കിയതെന്നുമുള്ള കാര്യത്തില് ദുരൂഹത ഉയര്ന്നിരുന്നു. ഇതിനിടെയാണ് നിര്ണായക വാര്ത്താസമ്മേളനത്തിനിടെ സൂപ്രണ്ടിനെ വിളിച്ചത് ഡിഎംഇയാണെന്നുള്ള വിവരം വരുന്നത്. തിരുവനന്തപുരം മെഡിക്കല് കോളേജ് ആശുപത്രിയിലെ ഉപകരണക്ഷാമം ഉയര്ത്തി ഡോ. ഹാരിസ് ചിറക്കല് രംഗത്തെത്തിയത് മുതല് ഡിഎംഇ ഡോ. വിശ്വനാഥന് അദ്ദേഹത്തിനെതിരാണ്. സംവിധാനത്തെയാകെ നാണംകെടുത്താന് വേണ്ടിയായിരുന്നു ഡോ. ഹാരിസ് ചിറക്കലിന്റെ പ്രതികരണം എന്നായിരുന്നു ഡോ. വിശ്വനാഥന് നേരത്തേ പ്രതികരിച്ചത്.
ഇന്നലെയായിരുന്നു തിരുവനന്തപുരം മെഡിക്കല് കോളേജ് ആസ്ഥാനത്ത് പ്രിന്സിപ്പല് ഡോ. പി കെ ജബ്ബാറും സൂപ്രണ്ട് ഡോ. സുനില്കുമാറും വാര്ത്താസമ്മേളനം നടത്തിയത്. തിരുവനന്തപുരം മെഡിക്കല് കോളേജ് ജനങ്ങള്ക്ക് നല്കുന്ന സേവനങ്ങളെക്കുറിച്ച് പറഞ്ഞുതുടങ്ങിയ പ്രിന്സിപ്പല് പിന്നീട് ഹാരിസ് ചിറക്കലിനെ സംശയനിഴലിലാക്കിയുള്ള ആരോപണങ്ങള് ഉയര്ത്തി. യൂറോളജി വിഭാഗത്തില് നിന്ന് ഉപകരണം കാണാതായി എന്നുള്ള വിദഗ്ധ സമിതിയുടെ കണ്ടെത്തലില് ഹാരിസ് ചിറക്കലിന്റെ മുറിയില് വിശദമായ പരിശോധന നടത്തിയെന്നും ആദ്യ പരിശോധനയില് കാണാത്ത പെട്ടി പിന്നീട് കണ്ടെത്തിയത് സംശയത്തിനിടയാക്കിയെന്നും പ്രിന്സിപ്പല് പറഞ്ഞിരുന്നു. അസ്വാഭാവികമായി കണ്ടെത്തിയ പെട്ടിയില് മോസിലോസ്കോപ്പ് എന്ന് എഴുതിയിരുന്നു. എന്നാല് ഇതിനുള്ളില് നെഫ്രോസ്കോപ്പ് എന്ന ഉപകരണമായിരുന്നുവെന്നും പ്രിന്സിപ്പല് പറഞ്ഞു. ഹാരിസ് ചിറക്കലിന്റെ മുറിയില് ആരോ കയറിയെന്ന സംശയമുണ്ടെന്നും സിസിടിവി പരിശോധിച്ചപ്പോള് സംശയം ബലപ്പെട്ടെന്നും പ്രിന്സിപ്പല് പറഞ്ഞിരുന്നു. ഈ ആരോപണങ്ങള് പ്രിന്സിപ്പല് ഉന്നയിക്കുന്നതിനിടെയായിരുന്നു സൂപ്രണ്ടിന് അപ്രതീക്ഷിതമായി ഫോണ് കോള് വരുന്നത്. ഇത് കൂടുതല് സംശയങ്ങള്ക്ക് ഇടയാക്കുകയായിരുന്നു.
Content Highlights- Superintendent Sunil Kumar gets a call from dme while press meet which raise allegations against dr haris chirackal