'മെമ്മറി കാർഡ് വിവാദത്തിൽ നുണപ്രചാരണം, സ്ത്രീത്വത്തെ അപമാനിക്കുന്നു';വനിതാ കമ്മീഷനെ സമീപിച്ച് കുക്കു പരമേശ്വരൻ

സൈബര്‍ ആക്രമണങ്ങളില്‍ നടപടി തേടിയാണ് കുക്കു പരമേശ്വരന്‍ വനിതാ കമ്മീഷനെ സമീപിച്ചത്

തിരുവനന്തപുരം: സിനിമാ അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎയില്‍ ഉടലെടുത്ത മെമ്മറി കാര്‍ഡ് വിവാദത്തില്‍ വനിതാ കമ്മീഷനെ സമീപിച്ച് നടി കുക്കു പരമേശ്വരന്‍. വനിതാ കമ്മീഷന്‍ അധ്യക്ഷന്‍ പി സതീദേവിക്ക് കുക്കു പരമേശ്വരന്‍ പരാതി നല്‍കി. സൈബര്‍ ആക്രമണങ്ങളില്‍ നടപടി തേടിയാണ് കുക്കു പരമേശ്വരന്‍ വനിതാ കമ്മീഷനെ സമീപിച്ചത്. മെമ്മറി കാര്‍ഡ് വിവാദത്തില്‍ നുണപ്രചാരണം നടക്കുന്നതായി കുക്കു പരമേശ്വരന്‍ പരാതിയില്‍ പറയുന്നു.

നിരന്തരം സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടക്കുന്നതായും കുക്കു പരമേശ്വരന്‍ പരാതിപ്പെട്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ അടക്കം സ്ത്രീത്വത്തെ അപമാനിക്കുകയാണെന്നും കുക്കു പരമേശ്വരന്‍ പറഞ്ഞിരുന്നു. മെമ്മറി കാര്‍ഡ് വിവാദത്തില്‍ കുക്കു പരമേശ്വരന്‍ നേരത്തേ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. എഎംഎംഎ തെരഞ്ഞെടുപ്പിലെ ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥിയാണ് കുക്കു പരമേശ്വരന്‍.

ഹേമ കമ്മിറ്റി രൂപീകരിക്കുന്നതിന് മുന്‍പ് സിനിമയിലെ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തുന്നതിനായി എഎംഎംഎ യോഗം വിളിച്ചിരുന്നു. കുക്കു പരമേശ്വരന്റെയും ഇടവേള ബാബുവിന്റെയും നേതൃത്വത്തിലായിരുന്നു യോഗം വിളിച്ചത്. നടിമാരുടെ വെളിപ്പെടുത്തലുകള്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. ഇതിന്റെ മെമ്മറി കാര്‍ഡ് നിലവില്‍ കാണുന്നില്ലെന്നാണ് കുക്കു പരമേശ്വരന്‍ അടക്കം പറയുന്നതെന്നാണ് നടിമാരായ പൊന്നമ്മ ബാബു, പ്രിയങ്ക, ഉഷ ഹസീന തുടങ്ങിയവര്‍ പറയുന്നത്. കുക്കു പരമേശ്വരനെതിരെ നടിമാര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിനിടെ ഉഷയേയും പൊന്നമ്മ ബാബുവിനേയും തള്ളി മാലാ പാര്‍വതി രംഗത്തെത്തി. തെരഞ്ഞെടുപ്പില്‍ ബാബുരാജിനെ പ്രകീര്‍ത്തിച്ച് സംസാരിക്കുന്ന ഉഷയും പൊന്നമ്മയും ഉന്നയിക്കുന്ന ആരോപണത്തെ തെരഞ്ഞെടുപ്പ് തന്ത്രമായാണ് കാണുന്നതെന്നായിരുന്നു മാലാ പാര്‍വതി പറഞ്ഞത്.

Content Highlights- Kukku Parameswaran approached women commission of kerala on memory card controversy

To advertise here,contact us