തിരുവനന്തപുരം: അവധിക്ക് ശേഷം തിരുവനന്തപുരം മെഡിക്കല് കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കല് ഇന്ന് ഓഫീസില് തിരിച്ചെത്തും. ഡിഎംഇ നല്കിയ വിശദീകരണ നോട്ടീസിന് ഇന്ന് ഹാരിസ് മറുപടി നല്കും. അതേസമയം കഴിഞ്ഞ ദിവസം ആശുപത്രി സൂപ്രണ്ടും പ്രിന്സിപ്പല് ഡോ. ജബ്ബാറും നടത്തിയ വാര്ത്താസമ്മേളത്തിലും ദുരൂഹതയുണ്ട്.
ആശുപത്രി സൂപ്രണ്ടിനെയും പ്രിന്സിപ്പലിനെയും വാര്ത്താ സമ്മേളനത്തിന് വിളിച്ചതാരാണെന്ന ചോദ്യം ഉയരുന്നുണ്ട്. ഗുരുതര ആരോപണം ഉന്നയിക്കാന് ആരാണ് നിര്ദേശം നല്കിയതെന്നും ദുരൂഹതയുണ്ട്. ഹാരിസിനെ കുടുക്കാനുള്ള നീക്കങ്ങള് ശക്തമാകുന്നുവെന്ന ആരോപണവും നിലനില്ക്കുന്നുണ്ട്. നിലവില് വിഷയത്തില് ആരോഗ്യമന്ത്രി വീണാ ജോര്ജ് പ്രതികരിച്ചിട്ടില്ല.
ആശുപത്രിയില് നിന്ന് കാണാതായെന്ന് പറയുന്ന ഉപകരണം ഹാരിസിന്റെ മുറിയില് നടത്തിയ പരിശോധനയില് കണ്ടെത്തിയെന്ന ഗുരുതര ആരോപണം കഴിഞ്ഞ ദിവസം ജബ്ബാര് വാര്ത്താസമ്മേളനത്തില് ഉന്നയിച്ചിരുന്നു. ആദ്യഘട്ടത്തില് നടത്തിയ പരിശോധനയില് ഈ പെട്ടി കണ്ടിരുന്നില്ലെന്നും വീണ്ടും നടത്തിയ പരിശോധനയില് ഈ പെട്ടി കണ്ടെത്തിയതില് അസ്വാഭാവികത തോന്നിയതായും പ്രിന്സിപ്പല് പറഞ്ഞിരുന്നു. ഈ ഉപകരണം പുതിയതായി വാങ്ങിയതാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ബില്ലില് മോസിലോസ്കോപ്പ് എന്നാണ് എഴുതിയിരുന്നതെന്നും പ്രിന്സിപ്പല് പറഞ്ഞിരുന്നു.
എന്നാല് തന്റെ മുറിയില് നിന്ന് കണ്ടെത്തിയത് നേരത്തേ ഉണ്ടായിരുന്ന നെഫ്രോസ്കോപ്പ് എന്ന ഉപകരണമെന്ന് ഹാരിസ് ചിറക്കല് വ്യക്തമാക്കിയിരുന്നു. കേടുപാട് വന്നപ്പോള് റിപ്പയര് ചെയ്യാന് വേണ്ടി എറണാകുളത്തേക്ക് അയയ്ക്കുകയായിരുന്നു. റിപ്പയര് ചെയ്യാന് വലിയ തുകയാകും എന്ന് എറണാകുളത്തെ കമ്പനി അറിയിച്ചു. ഇതോടെ ഉപകരണങ്ങള് മടക്കി അയക്കാന് കമ്പനിയോട് ആവശ്യപ്പെട്ടു. അങ്ങനെ വന്ന ഉപകരണങ്ങളാണ് മുറിയില് ഉണ്ടായിരുന്നതെന്നും ഹാരിസ് ചിറക്കല് കെജിഎംസിടിഎ വാട്സ്ആപ്പ് ഗ്രൂപ്പില് പ്രതികരിച്ചു.
നേരത്തേ തിരുവനന്തപുരം മെഡിക്കല് കോളേജ് ആശുപത്രിയില് യൂറോളജി വിഭാഗത്തില് ഉപയോഗിച്ചിരുന്ന ഉപകരണത്തിന്റെ ഒരു ഭാഗം കാണാനില്ലെന്ന ആരോപണവുമായി മന്ത്രി വീണാ ജോര്ജായിരുന്നു രംഗത്തെത്തിയത്. ഓസിലോസ്കോപ്പ് എന്ന ഉപകരണത്തിന്റെ ഭാഗമായ മോസിലോസ്കോപ്പ് എന്ന ഭാഗം കാണാനില്ലെന്നായിരുന്നു പിന്നീട് പുറത്തുവന്ന വിവരം. എന്നാല് അത്തരത്തില് ഒരു ഉപകരണം കാണാതായിട്ടില്ലെന്നായിരുന്നു ഹാരിസ് ചിറക്കല് പറഞ്ഞത്. ഇതിന് പിന്നാലെയാണ് പ്രിന്സിപ്പലിന്റെ നേതൃത്വത്തില് ഹാരിസ് ചിറക്കലിന്റെ മുറിയില് പരിശോധന നടത്തിയത്.
Content Highlights: Harris Chirackal responds to DMI's explanatory notice after vacation