'കേസെടുത്തില്ലേ, ആദ്യം അത് അംഗീകരിക്കൂ'; കൊടി സുനിയുടെ പരസ്യമദ്യപാനത്തില്‍ കേസെടുത്തതില്‍ ഇ പി ജയരാജന്‍

ദിവസം, മണിക്കൂര്‍ താമസിച്ചുപോയി എന്ന് പറയുന്നതില്‍ ഔചിത്യമുണ്ടെന്ന് തോന്നുന്നില്ലെന്നും ഇ പി ജയരാജന്‍

കണ്ണൂര്‍: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കോടതി കുറ്റവാളിയെന്ന് വിധിച്ച കൊടി സുനിയുടെ പരസ്യമദ്യപാനത്തില്‍ കേസെടുത്തതില്‍ പ്രതികരിച്ച് മുതിര്‍ന്ന സിപിഐഎം നേതാവ് ഇ പി ജയരാജന്‍. വിഷയത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ 'കേസെടുത്തില്ലേ, ആദ്യം അത് അംഗീകരിക്കൂ' എന്നായിരുന്നു ഇ പി ജയരാജന്‍ പറഞ്ഞത്. ഏത് വിഷയം വന്നാലും അതേപ്പറ്റി കൃത്യമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കും. ദിവസം, മണിക്കൂര്‍ താമസിച്ചുപോയി എന്ന് പറയുന്നതില്‍ ഔചിത്യമുണ്ടെന്ന് തോന്നുന്നില്ലെന്നും ഇ പി ജയരാജന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ബിജെപി നേതാവും രാജ്യസഭാംഗവുമായ സി സദാനന്ദന്റെ കാല്‍വെട്ടിയ സംഭവത്തിലും ഇ പി ജയരാജന്‍ പ്രതികരിച്ചു. സിപിഐഎം ആരെയെങ്കിലും ആക്രമിക്കുന്ന പാര്‍ട്ടിയോ കാലും കയ്യും വെട്ടുന്ന പാര്‍ട്ടിയോ അല്ലെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. ജീവന്‍ കൊടുത്തും ജനങ്ങളെ സംരക്ഷിക്കുന്ന പാര്‍ട്ടിയാണ്. തങ്ങളെ വെട്ടാനും കൊല്ലാനും വന്നവരോട് പോലും സ്‌നേഹ വാത്സല്യത്തോട് പെരുമാറിയ പാരമ്പര്യമാണ് പാര്‍ട്ടിക്കുള്ളത്. അത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രത്യേകതയാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

പാര്‍ട്ടി എല്ലാ കാര്യങ്ങളും ആലോചിച്ചാണ് തീരുമാനം എടുക്കുന്നതെന്നും ഇ പി ജയരാജന്‍ ചൂണ്ടിക്കാട്ടി. തങ്ങള്‍ക്ക് തങ്ങളുടെ സഖാക്കളെ കുറിച്ച് അറിയാം. നിരീക്ഷിച്ചാല്‍ നിങ്ങള്‍ക്കത് മനസിലാകും. കോടതി കുറ്റക്കാരാണെന്ന് നിരവധി പേരെ കണ്ടെത്തിയിട്ടുണ്ടെന്നും എന്നാല്‍ അവര്‍ എല്ലാവരും കുറ്റക്കാരാകുമോ എന്നും ഇ പി ജയരാജന്‍ പറഞ്ഞു. കുറ്റക്കാരാണെന്ന് പറഞ്ഞതുകൊണ്ട് അന്തിമമായി അവര്‍ കുറ്റക്കാരാണെന്ന നിഗമനത്തില്‍ എത്തരുത്. ഭരണഘടനയും നിയമവ്യവസ്ഥയും വെച്ചുകൊണ്ട് സ്ഥാനം കോടതിക്കുണ്ട്. അതുകൊണ്ട് എല്ലാ കാര്യങ്ങളും നൂറ് ശതമാനം സത്യമാകണമെന്നില്ല. തെറ്റ് ആര്‍ക്കും സംഭവിക്കാമെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights- E P Jayarajan reaction over police case against kodi suni

To advertise here,contact us