ജ്യോതിഷികളെ കണ്ടാല്‍ തന്നെ എന്താണ് കുഴപ്പം, എനിക്ക് അവരോട് സംസാരിക്കാന്‍ പ്രത്യേക താല്‍പര്യം: എ കെ ബാലന്‍

കന്യാസ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണത്തെയും അദ്ദേഹം അപലപിച്ചു

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ജ്യോതിഷിയെ കണ്ടെന്ന വിവാദത്തില്‍ ന്യായീകരണവുമായി മുതിര്‍ന്ന നേതാവ് എ കെ ബാലന്‍. ജ്യോതിഷികളെ കണ്ടാല്‍ തന്നെ എന്താണ് കുഴപ്പമെന്ന് എ കെ ബാലന്‍ ചോദിച്ചു. താനുള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് ജ്യോതിഷികളുമായി നല്ലബന്ധമുണ്ടെന്നും എ കെ ബാലന്‍ പറഞ്ഞു.

'ജ്യോതിഷികളുമായും മജീഷ്യന്‍മാരുമായും സംസാരിക്കാന്‍ എനിക്ക് പ്രത്യേക താല്‍പര്യമുണ്ട്. സമയം നോക്കാനോ ജ്യോതിഷം നോക്കാനോ അല്ല ഇവിടം പോകുന്നത്. ജ്യോത്സ്യന്‍ പറഞ്ഞ കാര്യങ്ങള്‍ ഉദ്ധരിച്ച് എ കെ ആന്റണിക്കെതിരെ ഞാന്‍ നിയമസഭയില്‍ സംസാരിച്ചിരുന്നു. സിപിഐഎം അല്ല കോണ്‍ഗ്രസുകാരാണ് കൂടോത്രവും ജ്യോതിഷവുമായി പോകുന്നത്. ഞങ്ങളിപ്പോഴും വൈരുദ്ധ്യാത്മക ഭൗതിക വാദത്തില്‍ വിശ്വസിക്കുന്നവരാണ്', എ കെ ബാലന്‍ പറഞ്ഞു.

കന്യാസ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണത്തെയും അദ്ദേഹം അപലപിച്ചു. തൃശ്ശൂരില്‍ ബിജെപിയെ ജയിപ്പിച്ചത് ഈ വിഭാഗമാണെന്നും അതിന് സഭാ നേതൃത്വം കേരളാ സമൂഹത്തോട് മാപ്പ് പറയണമെന്നും എ കെ ബാലന്‍ പറഞ്ഞു. തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയെയും എ കെ ബാലൻ പരിഹസിച്ചു. റബറിന് 300 രൂപക്ക് വേണ്ടി അധികാരം നല്‍കാമെന്ന് പറഞ്ഞയാളാണ് അദ്ദേഹം. തലശ്ശേരിയിലെ ആഭ്യന്തരമന്ത്രിക്ക് ഇനിയെങ്കിലും തിരിച്ചറിവ് ഉണ്ടാകണമെന്നും എ കെ ബാലന്‍ പറഞ്ഞു.

അടൂര്‍ ഗോപാലകൃഷ്ണനെയും എ കെ ബാലന്‍ ന്യായീകരിച്ചു. അടൂര്‍ പറഞ്ഞത് നല്ല മനസ്സോടെയാണ്. വിശദീകരണത്തിന് ശേഷവും വിഷയം വിവാദമാക്കിയത് മാധ്യമങ്ങളാണ്. അടൂര്‍ ചലച്ചിത്ര ലോകത്തിന് മികച്ച സംഭാവനകള്‍ നല്‍കിയ വ്യക്തിയാണെന്നും എ കെ ബാലന്‍ പ്രതികരിച്ചു.

Content Highlights: A K Balan about astrology controversy on M V Govindan

To advertise here,contact us