തൃശൂർ: കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ പരിഹാസവുമായി ഓർത്തഡോക്സ് സഭ തൃശൂർ മെത്രാപ്പോലീത്ത യൂഹാനോൻ മാർ മിലിത്തിയോസ് രംഗത്ത്. ഞങ്ങൾ തൃശൂരുകാർ തിരഞ്ഞെടുത്ത് ഡൽഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല, പൊലീസിൽ അറിയിക്കണമോ എന്നാശങ്ക! എന്നാണ് മിത്തിലിയോസ് ഫേസ്ബുക്കിൽ കുറിച്ചത്.
ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിലോ ഒഡീഷയിൽ കന്യാസ്ത്രീകളും മലയാളി വൈദികനും ആക്രമിക്കപ്പെട്ടതിലും കേന്ദ്ര മന്ത്രി സുരേഷ് ഗോപി പ്രതികരിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണ് പരിഹാസവുമായി യൂഹാനോൻ മാർ മിലിത്തിയോസ് രംഗത്ത് വന്നത്. ദിവസങ്ങൾക്ക് മുൻപേ ഛത്തീസ്ഗഡ് വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങളെ പരിഹസിച്ചും അദ്ദേഹം പോസ്റ്റ് പങ്കുവെച്ചിരുന്നു.
എന്തിനാണ് പ്രതിഷേധിക്കുന്നതെന്നും അടുത്ത പെരുന്നാളിന് ഒന്നൂടെ ഡൽഹിയിൽ വിളിച്ച് ആദരിച്ചാൽ പോരെ എന്നുമാണ് അന്ന് യൂഹാനോൻ മാർ മിലിത്തിയോസ് ഫേസ്ബുക്കിൽ കുറിച്ചത്. കന്യാസ്ത്രീകളുടെ അറസ്റ്റിൽ വ്യാപക പ്രതിഷേധം എന്ന പത്രവാർത്ത പങ്കുവെച്ചായിരുന്നു പ്രതികരണം. അതിനു ശേഷവും കേന്ദ്രത്തെ വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ അദ്ദേഹം പങ്കുവെച്ചിരുന്നു. നടക്കുന്നതെല്ലാം പുതിയകാര്യമല്ലെന്നും ആർഎസ്എസിന്റെയും അനുബന്ധസംഘടനകളുടെയും പ്രകടമായ പ്രവർത്തിയാണെന്നും യൂഹാനോൻ മാർ മിലിത്തിയോസ് അന്ന് റിപ്പോർട്ടറിനോട് പ്രതികരിച്ചിരുന്നു.
Content Highlights: Yuhanon Meletius facebook post against central minister suresh gopi