'രാഹുൽ ഗാന്ധി തെറ്റായ ആരോപണം ഉന്നയിക്കില്ല'; വോട്ടർ പട്ടികയിൽ തൃശൂരിലും അട്ടിമറി നടന്നെന്ന് വി എസ് സുനിൽകുമാർ

തൃശൂരിലെ തെരഞ്ഞെടുപ്പ് വിജയത്തിനായി ബിജെപി നടത്തിയ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ആരോപണങ്ങള്‍ ശരിയെന്ന് തോന്നുന്നതാണ് രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തലെന്ന് വി എസ് സുനില്‍കുമാര്‍

തൃശൂര്‍: വോട്ടര്‍പട്ടികയില്‍ തൃശൂരിലും അട്ടിമറി നടന്നിട്ടുണ്ടെന്ന് മുന്‍ മന്ത്രി വി എസ് സുനില്‍കുമാര്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ വോട്ടര്‍ പട്ടികയില്‍ അട്ടിമറി നടന്നിട്ടുണ്ടോ എന്ന സംശയം ബലപ്പെടുന്നതായി സുനില്‍കുമാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടെന്നും തൃശൂരിലെ തെരഞ്ഞെടുപ്പ് വിജയത്തിനായി ബിജെപി നടത്തിയ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ആരോപണങ്ങള്‍ ശരിയെന്ന് തോന്നുന്നതാണ് രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'തൃശൂരില്‍ പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്നതില്‍ വലിയ അട്ടിമറി നടന്നു. അന്യസംസ്ഥാന തൊഴിലാളികളെയും മറ്റ് മണ്ഡലങ്ങളില്‍ നിന്നുള്ളവരെയും തൃശൂരില്‍ വ്യാപകമായി ചേര്‍ത്തു. വോട്ട് ചേര്‍ത്തുന്നതില്‍ നിയമം ലഘൂകരിച്ചത് തെരഞ്ഞെടുപ്പ് ഫലം തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാന്‍ നടത്തിയ ഇടപെടലിന്റെ ഭാഗമായിരുന്നു. ഇത്തരം അട്ടിമറി തൃശൂര്‍ മണ്ഡലത്തിലും നടന്നിട്ടുണ്ടെന്ന് അന്നുതന്നെ പരാതി ഉന്നയിച്ചിരുന്നു', സുനില്‍കുമാര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഏറെ കാലം കഴിഞ്ഞപ്പോഴാണ് രാഹുല്‍ ഗാന്ധിക്ക് ഇത് കണ്ടെത്താന്‍ കഴിഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതുകൊണ്ട് പരാതി നല്‍കാന്‍ വൈകുന്നതിലും കുഴപ്പമില്ലെന്നും സുനില്‍ കുമാര്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി തെറ്റായ ഒരു ആരോപണം ഉന്നയിക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നും സുപ്രീം കോടതി അടിയന്തരമായി ഇടപെട്ട് അന്വേഷണം നടത്തണമെന്നും സുനില്‍കുമാര്‍ ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് പട്ടികയില്‍ വലിയ ക്രമക്കേടുണ്ടെന്ന് രാഹുല്‍ ഗാന്ധി ഇന്ന് തെളിവുകളോടെ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. രാജ്യത്ത് വോട്ട് മോഷണം നടക്കുന്നുണ്ടെന്നും ഹരിയാന തെരഞ്ഞെടുപ്പോടെ അത് വ്യക്തമായതാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഡല്‍ഹിയിലെ ഇന്ദിരാ ഭവനില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചത്. തെളിവുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താ സമ്മേളനം.

'മഹാരാഷ്ട്ര 5 വര്‍ഷം കൊണ്ട് ചേര്‍ത്തതിലും അധികം വോട്ട് അഞ്ചുമാസം കൊണ്ട് ചേര്‍ന്നു. ഹരിയാനയിലെയും കര്‍ണാടകയിലെയും തെരഞ്ഞെടുപ്പ് തിയതികള്‍ മാറ്റിയതിലും സംശയമുണ്ട്. മഹാരാഷ്ട്രയില്‍ അഞ്ച് മണിക്ക് ശേഷം പോളിംഗ് നിരക്ക് കുതിച്ചുയരുകയായിരുന്നു. മഹാരാഷ്ട്രയില്‍ 40 ലക്ഷം ദുരൂഹ വോട്ടര്‍മാര്‍ വന്നു. സിസിടിവി ദൃശ്യങ്ങളടക്കം 45 ദിവസം കൊണ്ട് നശിപ്പിച്ചു. ദൃശ്യങ്ങള്‍ ലഭിക്കാതിരിക്കാന്‍ വേണ്ടിയാണ് അവ നശിപ്പിച്ചത്. ലോക്സഭ-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കിടെ ഒരുകോടി പുതിയ വോട്ടര്‍മാര്‍ ചേര്‍ക്കപ്പെട്ടു. ആറുമാസം കൃത്യമായ പരിശോധന നടത്തി. ഇലക്ട്രോണിക് ഡേറ്റ ലഭിച്ചാല്‍ 30 സെക്കന്‍ഡ് കൊണ്ട് തീരേണ്ട ജോലി ആറുമാസമെടുത്തു. ഇലക്ട്രോണിക് ഡേറ്റ കമ്മീഷന്‍ നല്‍കിയില്ല. നല്‍കിയ ഡേറ്റ ഇലക്ട്രോണിക് റീഡിന് കഴിയാത്തവയായിരുന്നു', രാഹുല്‍ ഗാന്ധി പറഞ്ഞു.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് പ്രതീക്ഷിച്ചത് 16 സീറ്റുകളാണെന്നും കിട്ടിയത് 9 സീറ്റുകളാണെന്നും രാഹുല്‍ പറഞ്ഞു. നഷ്ടമായ ഒരു ലോക്സഭാ സീറ്റിലെ ഒരു നിയമസഭാ സീറ്റിനെക്കുറിച്ച് പഠിച്ചു. മഹാദേവ് പുര നിയമസഭാ മണ്ഡലം. അവിടെ ലോക്സഭയിലെ ബിജെപിയുടെ ഭൂരിപക്ഷം 32,707 ആയിരുന്നു. ഈ മണ്ഡലത്തില്‍ 1,14,046 വോട്ട് ബിജെപിക്ക് ഭൂരിപക്ഷമുണ്ട്. ഒറ്റ നിയമസഭാ മണ്ഡലത്തിന്റെ ബലത്തിലാണ് ആ ലോക്സഭാ സീറ്റ് ബിജെപി പിടിച്ചത്. 1,00250 വോട്ട് അവര്‍ മോഷ്ടിച്ചു. ഒരു വോട്ടറുടെ പേര് നാല് ബൂത്തുകളില്‍ ഉണ്ട്. ഇങ്ങനെ നിരവധി വോട്ടര്‍മാരാണുളളത്. ഒരാള്‍ പല സംസ്ഥാനങ്ങളിലെ വോട്ടര്‍ പട്ടികയിലുണ്ട്. വ്യാജ വിലാസങ്ങള്‍ 40,000 മുകളിലാണ്. പലരുടെയും അച്ഛന്റെ പേര് അക്ഷരങ്ങള്‍ മാത്രം. പല വീട്ടുനമ്പറുകളും പൂജ്യം. ഒരേ വിലാസത്തില്‍ എണ്‍പത് വോട്ടര്‍മാര്‍. തിരിച്ചറിയല്‍ ഫോട്ടോകളില്ലാത്ത 4132 വോട്ടര്‍മാര്‍. 33,692 വോട്ടര്‍മാര്‍ ഫോം 6 ദുരുപയോഗം ചെയ്തു. ആദ്യമായി വോട്ട് ചെയ്യുന്നവര്‍ നല്‍കുന്ന ഫോം ആണിത്. 70 വയസുളള സ്ത്രീ വരെ ഈ ഫോം നല്‍കി. ഈ സ്ത്രീ രണ്ടിടങ്ങളില്‍ വോട്ടുചെയ്തു. ഒരുലക്ഷത്തിലധികം വോട്ടുകള്‍ ഇത്തരത്തില്‍ പല മാര്‍ഗങ്ങളിലൂടെ മോഷ്ടിച്ചുവെന്നും രാഹുല്‍ പറഞ്ഞു.

Content Highlights: V S Sunil Kumar support Rahul Gandhi on Voters list issue

To advertise here,contact us