ലൈംഗികാതിക്രമ പരാതി; ഐടി കമ്പനി ഉടമ മുന്‍കൂര്‍ ജാമ്യം തേടി

കാക്കനാട്ടെ സ്മാര്‍ട്ട് സിറ്റിയില്‍ ലിറ്റ്മസ് 7 എന്ന ഐടി കമ്പനി നടത്തുന്ന വേണുവിന്റെ പേരില്‍ ഇതേ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന യുവതിയാണ് പരാതി നല്‍കിയത്.

കൊച്ചി: ജീവനക്കാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ച് ഐടി വ്യവസായി വേണുഗോപാലകൃഷ്ണന്‍. കാക്കനാട് സ്വദേശിയായ വേണുഗോപാലകൃഷ്ണനും ഇയാളുടെ സ്ഥാപനത്തിലെ രണ്ട് ജീവനക്കാരും ഒരു സ്വതന്ത്ര ഡയറക്ടറുമാണ് മുന്‍കൂര്‍ ജാമ്യം നേടിയത്.

ജീവനക്കാരായ ജേക്കബ്ബ് പി തമ്പി, എബി പോള്‍, സ്വതന്ത്ര ഡയറക്ടറായ ബിമല്‍രാജ് ഹരിദാസ് എന്നിവരാണ് മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് സര്‍ക്കാരിന്റെ വിശദീകരണം തേടി. ഹര്‍ജി വീണ്ടും പരിഗണിക്കുന്ന 13 വരെ രണ്ടുമുതല്‍ നാല് വരെ പ്രതികളെ അറസ്റ്റ് ചെയ്യുന്നത് വിലക്കി.

കാക്കനാട്ടെ സ്മാര്‍ട്ട് സിറ്റിയില്‍ ലിറ്റ്മസ് 7 എന്ന ഐടി കമ്പനി നടത്തുന്ന വേണുവിന്റെ പേരില്‍ ഇതേ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന യുവതിയാണ് പരാതി നല്‍കിയത്. പരാതി നല്‍കാതിരിക്കാനായി യുവതിയെ ഭീഷണിപ്പെടുത്തിയെന്നാണ് മറ്റുള്ളവര്‍ക്കെതിരെ കേസ്.

അതേ സമയം നേരത്തെ പരാതിക്കാരിയും ഭര്‍ത്താവും ചേര്‍ന്ന് 30 കോടി രൂപ തട്ടിയെടുക്കാനായി ഹണി ട്രാപ്പില്‍ ശ്രമിക്കുന്നുവെന്ന പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഇരുവരെയും എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ ലൈംഗികാതിക്രമ പരാതി ഉന്നയിക്കുന്നതെന്നാണ് മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വിശദീകരിക്കുന്നത്.

Content Highlights: Sexual assault complaint; IT company owner seeks anticipatory bail

To advertise here,contact us