ചേര്‍ത്തല തിരോധാനക്കേസില്‍ അറസ്റ്റിലായ സെബാസ്റ്റ്യന്റെ കസ്റ്റഡി നീട്ടി

ഏറ്റുമാനൂര്‍ ജെ എഫ് എം കോടതിയാണ് കസ്റ്റഡി നീട്ടിയത്

ആലപ്പുഴ :ചേർത്തല തിരോധാനക്കേസില്‍ അറസ്റ്റിലായ സെബാസ്റ്റ്യന്റെ കസ്റ്റഡി ഈ മാസം 12 വരെ നീട്ടി. ഏറ്റുമാനൂര്‍ ജെ എഫ് എം കോടതിയാണ് കസ്റ്റഡി നീട്ടിയത്. അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ ഉപദ്രവിച്ചിട്ടില്ലെന്നും തനിക്ക് നിയമസഹായം വേണമെന്നും സെബാസ്റ്റ്യന്‍ കോടതിയോട് ആവശ്യപ്പെട്ടു.

കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിയായ ജൈനമ്മ തിരോധാനവുമായി ബന്ധപ്പെട്ടായിരുന്നു സെബാസ്റ്റ്യനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. സ്ത്രീകളെ പ്രണയം നടിച്ച് കൊലപ്പെടുത്തി സ്വത്തും സ്വര്‍ണ്ണവും കൈക്കലാക്കുന്ന കുറ്റവാസനയുള്ള ആളാണോ സെബാസ്റ്റ്യന്‍ എന്നാണ് ക്രൈംബ്രാഞ്ചിന്റെ സംശയം. സെബാസ്റ്റ്യനുമായി സൗഹൃദം ഉണ്ടായിരുന്ന സ്ത്രീകളെ പലരേയും പിന്നീട് കാണാതായത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുണ്ട്. ചേര്‍ത്തല ബിന്ദു പത്മനാഭന്‍ തിരോധാന കേസിലെ പ്രതിയായ സെബാസ്റ്റ്യന്‍ നിലവില്‍ ഏറ്റുമാനൂര്‍ ജൈനമ്മ കൊലക്കേസിലും പ്രതിയാണ്.

ജൈനമ്മ കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് ചേര്‍ത്തല ഐഷ തിരോധാന കേസിലും സെബാസ്റ്റ്യന് പങ്കുണ്ടോ എന്ന സംശയം ഉയരുന്നത്. സെബാസ്റ്റ്യന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത ക്യാപ്പിട്ട പല്ല് ഐഷയുടെതാണോ എന്നാണ് സംശയം. സെബാസ്റ്റ്യനുമായി അടുപ്പമുണ്ടായിരുന്ന ഐഷയെ 2012ലാണ് കാണാതായത്. പിന്നാലെയാണ് സിന്ധു തിരോധാന കേസിലും സെബാസ്റ്റ്യന് പങ്കുണ്ടോയെന്ന സംശയമുയരുന്നത്.

Content Highlights-Sebastian's custody extended in Cherthala disappearance case

To advertise here,contact us