കൊച്ചി: നടന് ബാലചന്ദ്രമേനോനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസില് അഭിഭാഷകന് അറസ്റ്റില്. കൊല്ലം സ്വദേശി അഡ്വ. സംഗീത് ലൂയിസ് ആണ് അറസ്റ്റിലായത്. കാക്കനാട് സൈബര് പൊലീസാണ് സംഗീതിനെ അറസ്റ്റ് ചെയ്തത്. ഇയാള് കാപ്പ കേസിലും കര്ണാടകയിലെ കൊലപാതകക്കേസിലും പ്രതിയാണ്. ഒന്നാം പ്രതി മിനു മുനീര് നേരത്തെ മുന്കൂര് ജാമ്യം നേടിയിരുന്നു.
ലൈംഗിക ആരോപണം ഉന്നയിച്ച നടിക്കും അഭിഭാഷകനുമെതിരെ ബാലചന്ദ്രനമേനോൻ നേരത്തേ പരാതി നൽകിയിരുന്നു. നടിയുടെ അഭിഭാഷകന് തന്നെ ബ്ലാക്ക്മെയില് ചെയ്തെന്നായിരുന്നു ഡിജിപിക്ക് നൽകിയ പരാതിയിൽ ബാലചന്ദ്രമേനോൻ പറഞ്ഞത്. ആരോപണങ്ങള് ഉന്നയിക്കും മുന്പ് അഭിഭാഷകൻ ഫോണില് വിളിച്ച് ഭീഷണിപ്പെടുത്തി. മൂന്ന് ലൈംഗിക ആരോപണങ്ങള് ഉടന് വരുമെന്നായിരുന്നു ഭീഷണി. ഫോണ് കോള് എത്തിയത് ഭാര്യയുടെ നമ്പറില് സെപ്റ്റംബര് 13-നായിരുന്നു. തൊട്ടടുത്ത ദിവസം നടി തനിക്കെതിരെ സമൂഹമാധ്യമത്തില് പോസ്റ്റിട്ടുവെന്നും ബാലചന്ദ്രമേനോൻ പരാതിയില് പറഞ്ഞിരുന്നു. വക്രബുദ്ധികളായ ധനമോഹികളുടെ ഗൂഢനീക്കത്തിന്റെ ഇരയാണ് താനെന്നും ബാലചന്ദ്ര മേനോന് പറഞ്ഞിരുന്നു.
ഹേമ കമ്മിറ്റി റിപ്പോര്ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ബാലചന്ദ്രമേനോന് അടക്കം എട്ടോളം പേര്ക്കെതിരെ പരാതിയുമായി ആലുവ സ്വദേശിനിയായ നടി രംഗത്തെത്തിയത്. 2007 ജനുവരിയില് തിരുവനന്തപുരത്തെ ഹോട്ടല് മുറിയില് വച്ച് ബാലചന്ദ്രമേനോന് ലൈംഗിക അതിക്രമം നടത്തിയെന്നാണ് നടി പ്രത്യേക അന്വേഷണ സംഘത്തിന് മുന്പാകെ പരാതി നല്കിയത്. ജയസൂര്യയെ നായകനാക്കി ഒരുക്കിയ 'ദേ ഇങ്ങോട്ട് നോക്കിയേ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. ഹോട്ടലില് വെച്ച് ബാലചന്ദ്രമേനോന് ഗ്രൂപ്പ് സെക്സിന് നിര്ബന്ധിച്ചതായും നടി ആരോപിച്ചിരുന്നു. ബാലചന്ദ്രമേനോന് പുറമേ ജയസൂര്യയ്ക്കും ചിത്രത്തില് വേഷമിട്ട ജാഫര് ഇടുക്കിക്കുമെതിരെയും നടി പരാതി നല്കിയിരുന്നു.
Content Highlights: Lawyer arrested for trying to extort money from actor Balachandra Menon by threatening him