എറണാകുളം: മാര്ട്ടിന് മേനാച്ചേരിക്കെതിരെ പരാതി നല്കി സിനിമാ നിരൂപകനും കോഴിക്കോട് സ്വദേശിയുമായ സുധീഷ് പാറയില്. എറണാകുളം സെന്ട്രല് പൊലീസിലാണ് പരാതി നല്കിയത്. സ്ത്രീത്വത്തെ അപമാനിക്കുക ലക്ഷ്യമിട്ടാണ് ശ്വേതാ മേനോനെതിരെ മാര്ട്ടിന് പരാതി നല്കിയതെന്നും നിരോധിത അശ്ലീല സൈറ്റുകളുടെ വിവരങ്ങള് ഉള്പ്പെടെ പങ്കുവെച്ച് പ്രചാരം നല്കി എന്നുമാണ് പരാതി.
കഴിഞ്ഞ ദിവസമാണ് അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചുവെന്ന പരാതിയില് നടി ശ്വേത മേനോനെതിരെ എറണാകുളം പൊലീസ് കേസ് രജിസ്റ്റര് ചെയ്തത്. നടി അഭിനയിച്ച ചില ചിത്രങ്ങള് ചൂണ്ടിക്കാട്ടി അവയില് അശ്ലീല രംഗങ്ങളാണെന്നാണ് മാര്ട്ടിന് മേനാച്ചേരി എന്നയാള് പരാതി നല്കിയത്. പാലേരിമാണിക്യം, രതിനിര്വേദം, ശ്വേത മേനോന്റെ പ്രസവം ചിത്രീകരിച്ച ബ്ലെസി ചിത്രം കളിമണ്ണ്, എന്നീ ചിത്രങ്ങളും കാമസൂത്രയുടെ പരസ്യവുമാണ് പരാതിക്കാരന് ചൂണ്ടിക്കാട്ടിയിരുന്നത്.
സെന്സര് ബോര്ഡ് സര്ട്ടിഫിക്കറ്റ് നല്കി പ്രേക്ഷകര് കണ്ടതും ഇപ്പോഴും പൊതുമധ്യത്തില് ലഭ്യവുമായ ചിത്രങ്ങളാണ് ഇവ. ഈ സിനിമകളിലെ രംഗങ്ങള് സമൂഹമാധ്യമങ്ങളിലും അശ്ലീല സൈറ്റുകളിലും പ്രചരിക്കുന്നുണ്ടെന്ന് പറഞ്ഞാണ് പരാതി.
Content Highlight: Film critic files complaint against Martin Menachery