സെബാസ്റ്റ്യന്‍ ചില്ലറക്കാരനല്ല,കൈകാര്യം ചെയ്യുന്നത് കോടികള്‍;ബെനാമിയെന്ന് സംശയിക്കുന്നവരും നിരീക്ഷണ വലയത്തില്‍

സ്ഥലം വാങ്ങാനായി സൂക്ഷിച്ചിരുന്ന പണമടക്കമാണ് ഐഷയെ കാണാതായത്.

ആലപ്പുഴ: ചേര്‍ത്തല തിരോധാനക്കേസില്‍ പ്രതി പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കാന്‍ പൊലീസ്. നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോഴും സെബാസ്റ്റിയന് വലിയ തോതില്‍ സാമ്പത്തിക സഹായം ലഭിച്ചെന്നാണ് പൊലീസ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. വസ്തു ഇടപാടുകളിലൂടെയും തട്ടിപ്പുകളിലൂടെയും സെബാസ്റ്റ്യന്‍ സമ്പാദിച്ച സമ്പത്ത് വിശ്വസ്തരായവരിലൂടെയാണ് ചെലവഴിക്കുന്നതെന്നാണ് വിവരം.

കോടികളുടെ ഭൂമി വില്‍പ്പനയില്‍ സെബാസ്റ്റ്യന്‍ ഇടനിലക്കാരനായിരുന്നു. കാണാതായ ബിന്ദു പദ്മനാഭന്റെ പേരില്‍ ഇടപ്പള്ളിയിലുണ്ടായിരുന്ന സ്ഥലം 2013ല്‍ വ്യാജ ആധാരം ഉണ്ടാക്കി 1.36 കോടി രൂപയ്ക്കാണ് വിറ്റത്. ബിന്ദുവിന്റെ തന്നെ ചേര്‍ത്തലയിലെ കോടികള്‍ വില വരുന്ന ഭൂമികള്‍ 2003ല്‍ വിറ്റതില്‍ ഇയാള്‍ ഇടനിലക്കാരനായിരുന്നുവെന്നാണ് പൊലീസ് വിലയിരുത്തുന്നത്.

ഇങ്ങനെ നേടിയ വലിയ തുകകള്‍ തന്റെ വിശ്വസ്തരെ ഏല്‍പ്പിച്ച് അവര്‍ മുഖേനയാണ് വിവിധ ആവശ്യങ്ങള്‍ക്കായി ചെലവഴിച്ചതെന്നാണ് പറയപ്പെടുന്നത്. ബെനാമികളെ ഉപയോഗിച്ച് വലിയ തോതിലുള്ള ഇടപാടുകള്‍ നടന്നെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ചില ഉന്നതരെ പൊലീസ് ഇതിനോടകം തന്നെ നോട്ടമിട്ടിട്ടുണ്ടെന്നാണ് വിവരം.

റിട്ടയേര്‍ഡ് പഞ്ചായത്ത് ജീവനക്കാരിയായിരുന്ന ഐഷയെ 2013 മെയ് മുതലാണ് കാണാതായത്. അയല്‍വാസിയായ സ്ത്രീയാണ് സ്ഥലം ഇടപാടുമായി ബന്ധപ്പെട്ട് ഐഷയെ സെബാസ്റ്റ്യനുമായി ബന്ധപ്പെടുത്തിയത്. സ്ഥലം വാങ്ങാനായി സൂക്ഷിച്ചിരുന്ന പണമടക്കമാണ് ഐഷയെ കാണാതായത്.

Content Highlights: Police to investigate Sebastian's financial transactions

To advertise here,contact us