തിരുവനന്തപുരം: പേഴ്സ് മോഷ്ടിച്ചെന്നാരോപിച്ച് 11 കാരനെ കെട്ടിയിട്ട് കത്തിച്ച് കേസില് പ്രതിക്ക് 20 വര്ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും. തിരുവനന്തപുരം അഡീഷണല് കോടതിയാണ് കേസിന് വിധി പറഞ്ഞത്. കുളത്തൂര് സ്വദേശി തങ്കപ്പന്റെ മകന് ടൈറ്റസ് എന്ന ജോര്ജിനെയാണ് അയല്വാസി മോഷണക്കുറ്റം ആരോപിച്ച് തീകൊളുത്തിയത്.
2014 ലാണ് കേസിനാസ്പദമായ സംഭവം. കുളിക്കടവില് വെച്ച് കുട്ടി ബന്ധുവായ സ്ത്രീയുടെ പണമടങ്ങുന്ന പേഴ്സ് മോഷ്ടിച്ചെന്നായിരുന്നു പ്രതിയുടെ വാദം. പിന്നാലെ കുട്ടിയുടെ ഇരുകൈയും കെട്ടി മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നു. കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും സത്യം പറയാന് പ്രതി അനുവദിച്ചില്ല. കുട്ടിയെ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയതോടെ ഡോക്ടറോട് മണ്ണെണ്ണ ചരിഞ്ഞ് പൊള്ളലേറ്റു എന്നാണ് കുടുംബം പറഞ്ഞിരുന്നത്. പ്രതി അതിസമ്പന്നനായതിനാലും കുട്ടിയുടെ കുടുംബം സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നതിനാലും ഭയന്ന് വിവരം പുറത്ത് പറയാതിരുന്നത്.
നാല് മാസത്തിന് ശേഷമാണ് കുട്ടി വിവരം ആശുപത്രിയിലെ അടുത്ത ബെഡില് കിടന്നയാളോട് പറയുന്നത്. ഇവരാണ് ചൈല്ഡ് ലൈനില് വിളിച്ച് കാര്യം അറിയിച്ചത്.പിന്നാലെ കേസെടുത്തു. കുട്ടിക്ക് ഇപ്പോഴും രണ്ട് കൈയ്യും നിവര്ത്താന് സാധിക്കില്ല. മുഖവും നെഞ്ചും അതി കഠിനമായി പൊള്ളലേറ്റിരിക്കുകയാണ്.
Content Highlights- 11-year-old tied up and set on fire in Thiruvananthapuram on suspicion of stealing a purse; Accused gets 20 years rigorous imprisonment