ഭർത്താവിന്‍റെ മർദനത്തെ തുടർന്ന് വീട് വിട്ടു; തിരികെപോകാൻ പിതാവിന്‍റെ മർദനം; യുവതി ജീവനൊടുക്കാൻ ശ്രമിച്ചു

സ്വന്തം വീട്ടിലേക്ക് പോയ യുവതിയോട് തിരികെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ട് പിതാവും രണ്ടാനമ്മയും ചേര്‍ന്ന് ശാരീരികമായി ഉപദ്രവിച്ചു

കാസര്‍കോട്: കാസര്‍കോട് കുമ്പളയില്‍ യുവതിക്ക് ക്രൂരമര്‍ദനം. ഭര്‍ത്താവും യുവതിയുടെ പിതാവും രണ്ടാനമ്മയുമാണ് ക്രൂരമായി മര്‍ദിച്ചത്. മര്‍ദനം സഹിക്കാനാകാതെ ഇരുപതുകാരിയായ യുവതി കൈക്കുഞ്ഞിനെ വീട്ടിലാക്കി ഇറങ്ങിയോടി. ജീവനൊടുക്കാന്‍ ശ്രമിച്ച യുവതി നിലവില്‍ കുമ്പള സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. കാലിനും കൈക്കുമുള്‍പ്പെടെ പരിക്കുണ്ട്. ഡെറ്റോൾ കുടിച്ചാണ് യുവതി ആത്മഹത്യാശ്രമം നടത്തിയത്. ആറുമാസം പ്രായമായ കുഞ്ഞാണ് യുവതിക്കുളളത്.

ഒരുവര്‍ഷമായി ഭര്‍ത്താവ് ശാരീരികമായി മര്‍ദിക്കാറുണ്ടെന്നാണ് യുവതി പൊലീസിന് നല്‍കിയ മൊഴി. കുമ്പള സ്വദേശിയായ ഫിറോസ് എന്നയാളാണ് യുവതിയുടെ ഭര്‍ത്താവ്. ഇയാള്‍ക്ക് മറ്റൊരു വിവാഹം കഴിക്കണമായിരുന്നു. ഇതിനെ എതിര്‍ത്തതോടെയാണ് മര്‍ദിച്ചത്. ഇതോടെ സ്വന്തം വീട്ടിലേക്ക് പോയ യുവതിയെ തിരികെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ട് പിതാവും രണ്ടാനമ്മയും ചേര്‍ന്ന് ശാരീരികമായി ഉപദ്രവിച്ചു. ഇതോടെയാണ് യുവതി ഇന്ന് രാവിലെ ജീവനൊടുക്കാന്‍ ശ്രമം നടത്തിയത്.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights: Young woman beaten up by husband and her father and stepmother in kasargod

To advertise here,contact us