കൊച്ചി: തന്റെ ഭാര്യയെ തടവിലാണെന്നും മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഹേബിയസ് കോര്പ്പസ് ഹര്ജി നല്കിയ തമിഴ്നാട് സ്വദേശി തന്റെ ഭര്ത്താവല്ലെന്ന് യുവതി ഹൈക്കോടതിയില്. ഈ വ്യക്തി തന്റെ ഭര്ത്താവല്ലെന്നും സൗഹൃദം മാത്രമാണുള്ളതെന്നും യുവതി കോടതിയില് പറഞ്ഞു.
സൗഹൃദം തുടരാന് താല്പര്യമില്ലാതിരുന്നതിനാല് മനപ്പൂര്വ്വം മാറി നിന്നതാണെന്ന് ഗ്വാളിയര് സ്വദേശിനി കോടതിയെ അറിയിച്ചു. ഹര്ജിക്കാരന് തന്നെ ബ്ലാക്ക്മെയില് ചെയ്യാന് തുടങ്ങിയതോടെ സൗഹൃദത്തില് നിന്ന് ഒഴിവാകാനാണ് താന് മരിച്ചെന്ന സന്ദേശവും സംസ്കാരത്തിന്റെ ദൃശ്യങ്ങളും മറ്റ് ഫോണ് നമ്പറുകളില് നിന്ന് അയച്ചുകൊടുത്തതെന്നും യുവതി പറഞ്ഞു.
അതേ സമയം തന്റെ രണ്ട് കോടി രൂപ യുവതി തട്ടിയെടുത്തെന്നും അത് തിരികെ ലഭിക്കണമെന്നും ഹര്ജിക്കാരന് ആവശ്യപ്പെട്ടു. എന്നാല് പണം ഇയാള് സ്വമേധയാ നല്കിയതാണെന്നും തന്നെ ആരും തടങ്കലിലാക്കിയിട്ടില്ലെന്നും ജീവന് ഭീഷണി ഇല്ലെന്നും യുവതി പറഞ്ഞു.
നിയമപരമായ വിവാഹം നടന്നിട്ടില്ലെങ്കിലും പള്ളിയില്വെച്ച് താലികെട്ടിയതായി വൈദ്യുതി ബോര്ഡ് റിട്ടയേര്ഡ് ഉദ്യോഗസ്ഥനായ ഹര്ജിക്കാരന് കോടതിയെ ബോധിപ്പിച്ചു. ഇക്കാര്യങ്ങളെല്ലാം രേഖപ്പെടുത്തിയ ജസ്റ്റിസ് ദേവന് രാമചന്ദ്രന്, ജസ്റ്റിസ് എം ബി സ്നേഹലത എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ഹര്ജി തള്ളി. കേസിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ലെന്നും സാമ്പത്തിക വഞ്ചന നടന്നിട്ടുണ്ടെങ്കില് കക്ഷികള്ക്ക് നിയമപരമായി നീങ്ങാമെന്നും വ്യക്തമാക്കി.
തന്റെ ഭാര്യ ഇടക്കിടെ കേരളത്തില് വരാറുണ്ട്. അപ്പോള് കുടുംബസുഹൃത്തായ ജോസഫ് സ്റ്റീവനോടൊപ്പമാണ് താമസിക്കാറുള്ളത്. കഴിഞ്ഞ ഏപ്രിലില് കൊച്ചിയില് വച്ചാണ് ഭാര്യയെ അവസാനം കണ്ടത്. മേയ് 17ന് വാട്സ്ആപ് ചാറ്റും അവസാനിച്ചു. പിന്നീട് ജൂണ് ആദ്യം അഭിഭാഷകനെന്ന് പരിചയപ്പെടുത്തിയ ജി എം റാവു, കന്യാസ്ത്രീയെന്ന് പറയുന്ന സോഫിയ എന്നിവര് ഫോണില് ബന്ധപ്പെട്ട് ഭാര്യ മരിച്ചെന്ന് അറിയിച്ചുവെന്നും ഹര്ജിയില് പറഞ്ഞിരുന്നു.
ഏതോ സംസ്കാരച്ചടങ്ങിന്റെ ദൃശ്യങ്ങളും അയച്ചു. ശ്രദ്ധയുടെ പേരിലുള്ള രണ്ടരക്കോടിയുടെ സ്വത്ത് വില്ക്കുന്നതിന് തന്നെ ചുമതലപ്പെടുത്തിയതായും പറഞ്ഞു. എന്നാല് ഭാര്യ അന്യായ തടങ്കലിലാണെന്നാണ് താന് സംശയിക്കുന്നത്. ജോസഫും കൂട്ടരും തന്റെ പക്കല്നിന്ന് പല കാരണങ്ങള് മുമ്പ് പണം കൈപറ്റിയിട്ടുണ്ടെന്നും ഹര്ജിയില് ആരോപിച്ചിരുന്നു.
ഈ ഹര്ജിയുടെ അടിസ്ഥാനത്തില് പൊലീസ് നടത്തിയ അന്വേഷണത്തില് യുവതിയെ മരടിലെ താമസസ്ഥലത്ത് നിന്ന് കണ്ടെത്തിയിരുന്നു. ജോസഫ് സ്റ്റീവന് എന്ന പേരില് ആരെയും കണ്ടെത്തിയില്ല. എന്നാല് ഫോണ് നമ്പര് ഉപയോഗിച്ച് നടത്തിയ അന്വേഷണത്തില് ലെനിന് തമ്പി എന്നയാളാണ് ഇതെന്ന് കണ്ടെത്തിയിരുന്നു.
Content Highlights: The woman told the High Court that the man who filed the habeas corpus petition was not her husband