തിരുവനന്തപുരം: വർക്കലയിൽ സ്വകാര്യ ബസിടിച്ച് വയോധികന് ദാരുണാന്ത്യം. സ്കൂട്ടറിൽ വരികയായിരുന്ന വർക്കല കുരയ്ക്കണി സ്വദേശി വിജയൻ (78) ആണ് മരിച്ചത്. വർക്കല റെയിൽവെ സ്റ്റേഷൻ ഭാഗത്ത് വെച്ചാണ് അപകടം ഉണ്ടായത്. ഒരേ ദിശയിൽ വരികയായിരുന്ന സ്വകാര്യ ബസ് ഇരുചക്ര വാഹനത്തെ മറികടക്കുന്നതിനിടെയായിരുന്നു അപകടം. ഡ്രൈവറെ വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസം കളമശ്ശേരിയിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിൽ സ്വിഗ്ഗി ഡെലിവറി ജീവനക്കാരൻ കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൾ സലാമിന് ജീവൻ നഷ്ടമായിരുന്നു. ബസ് മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുമ്പോൾ ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തലയിലൂടെ ബസ് കയറിയിറങ്ങിയായിരുന്നു അബ്ദുൾ സലാമിന്റെ മരണം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇൻസ്റ്റാമാർട്ടിന്റെ ഗോഡൗണിലേക്ക് ഓർഡർ എടുക്കാനായി പോയതായിരുന്നു സലാം.
ഇതിനിടെയാണ് സൗത്ത് കളമശ്ശേരി മേൽപ്പാലത്തിന് സമീപത്ത് വെച്ച് അപകടമുണ്ടായത്. അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് ബൈക്കിന് പിന്നിൽ വന്നിടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. അബ്ദുൾ സലാം സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. രണ്ടാഴ്ച മുൻപും സമാന സ്ഥലത്ത് അപകടമുണ്ടായിരുന്നു.
Conent Highlights: elderly man died in accident at varkala