അതുല്യയുടെ മരണം; കേസ് ക്രൈം ബ്രാഞ്ചിന് കൈമാറാന്‍ തീരുമാനം

അതുല്യയെ ഭര്‍ത്താവ് സതീഷ് കൊലപ്പെടുത്തിയതെന്ന് കുടുംബം

ഷാര്‍ജ: ഷാര്‍ജയില്‍ ആത്മഹത്യ ചെയ്ത അതുല്യയുടെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തീരുമാനം. പോസ്റ്റ്‌മോര്‍ട്ടത്തില്‍ അതുല്യ സ്വയം ജീവനൊടുക്കിയതാണെന്ന് കണ്ടെത്തിയിരുന്നെങ്കിലും, അതുല്യയുടെ കുടുംബം ഇത് വിശ്വാസത്തിലെടുക്കാത്തതിനാലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നത്. അതുല്യയെ ഭര്‍ത്താവ് സതീഷ് കൊലപ്പെടുത്തിയതാണ് എന്ന ആരോപണമാണ് കുടുംബം ഇപ്പോഴും ഉന്നയിക്കുന്നത്.

ഇക്കഴിഞ്ഞ ജൂലൈ 19നാണ് ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ അതുല്യയെ കണ്ടെത്തുന്നത്. ഇതിന് പിന്നാലെ അതുല്യയെ ഭര്‍ത്താവ് സതീഷ് ശങ്കര്‍ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അതുല്യയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ വീഡിയോകളും പുറത്തുവന്നിരുന്നു. അതുല്യ, സതീഷില്‍ നിന്ന് ക്രൂരമായ പീഡനം നേരിട്ടിരുന്നുവെന്നും അതുല്യയെ സതീഷ് കൊലപ്പെടുത്തിയതാണെന്നുമുള്ള ആരോപണവുമായി കുടുംബവും രംഗത്ത് വന്നു.

അതുല്യ ജീവനൊടുക്കില്ലെന്ന വാദവുമായി സതീഷും രംഗത്തെത്തിയിരുന്നു. അതുല്യയെ മര്‍ദ്ദിക്കാറുണ്ടെന്ന് സമ്മതിച്ച സതീഷ് മദ്യലഹരിയില്‍ സംഭവിച്ചതാണെന്നും പറഞ്ഞിരുന്നു. അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തിയ ഫാനില്‍ കെട്ടിത്തൂങ്ങി താനും മരിക്കാന്‍ ശ്രമിച്ചുവെന്നും ഇയാള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ സതീഷിനെതിരെ അതുല്യയുടെ കുടുംബം ചവറ പൊലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ സതീഷിനെതിരെ കൊലക്കുറ്റം, ആത്മഹത്യാപ്രേരണ, സ്ത്രീധന നിരോധന നിയമം അടക്കം ചുമത്തി ചവറ പൊലീസ് കേസെടുത്തിരുന്നു.

അതുല്യയുടെ മരണത്തില്‍ സതീഷിന് പങ്കുണ്ടെന്ന് കാണിച്ച് സഹോദരി അഖില നല്‍കിയ പരാതിയില്‍ ഷാര്‍ജ പൊലീസും അന്വേഷണം നടത്തിയിരുന്നു. പിന്നാലെയാണ് ഫോറന്‍സിക് പരിശോധനയില്‍ അതുല്യയുടേത് ആത്മഹത്യ തന്നെയെന്നാണ് വ്യക്തമായത്. ഫോറന്‍സിക് പരിശോധനയുടെ പകര്‍പ്പ് ഷാര്‍ജ പൊലീസ് അഖിലയ്ക്ക് അയച്ചുനല്‍കിയിരുന്നു. എന്നാല്‍ അതുല്യയെ സതീഷ് കൊലപ്പെടുത്തിയതാണെന്ന സംശയത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കുടുംബം.

Content Highlight; Athulya Case to Be Handed Over to Crime Branch

To advertise here,contact us