'ടിപി കേസ് പ്രതികള്‍ക്ക് ഇനി മുറികൂടി എയര്‍കണ്ടീഷന്‍ ചെയ്തുകൊടുക്കണം'; വിമര്‍ശനവുമായി വി ഡി സതീശന്‍

'ടിപിയെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയില്‍ പങ്കെടുത്ത നേതാക്കന്മാരുടെ പേരുകള്‍ വെളിപ്പെടുത്തുമെന്ന് പറഞ്ഞ് അവര്‍ ബ്ലാക്ക് മെയില്‍ ചെയ്യുകയാണ്'

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ പൊലീസ് സാന്നിധ്യത്തില്‍ മദ്യം കഴിച്ച സംഭവത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാരിന്റെ മുന്‍ഗണനയില്‍ ആരാണുള്ളതെന്ന് വ്യക്തമായെന്ന് വി ഡി സതീശന്‍ പറഞ്ഞു. ആശമാരുടെ സമരത്തോട് മുഖം തിരിക്കുന്ന സമീപനമായിരുന്നു മന്ത്രിമാര്‍ സ്വീകരിച്ചത്. എന്നാല്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളുടെ കാര്യം അങ്ങനെയല്ല. കോടതിയില്‍ ഹാജരാക്കി തിരിച്ചുകൊണ്ടുവരുന്ന പ്രതികള്‍ക്ക് മദ്യസത്ക്കാരം അടക്കം എല്ലാ സൗകര്യങ്ങളും ഒരുക്കി നല്‍കുന്ന പൊലീസാണ് കേരളം ഭരിക്കുന്നതെന്ന് വി ഡി സതീശന്‍ പറഞ്ഞു.

തങ്ങള്‍ ആദ്യമായല്ല ഇത്തരത്തില്‍ ഒരു ആരോപണം ഉന്നയിക്കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു. ജയിലിലെ കാര്യമിതാണ്. ജയിലില്‍ ഫൈവ് സ്റ്റാര്‍ സൗകര്യങ്ങളാണ് ചെയ്ത് കൊടുക്കുന്നത്. ഭക്ഷണത്തിനുള്ള മെനു തലേദിവസം കൊടുക്കും. രാവിലെ യൂറോപ്യന്‍ ബ്രേക്ക് ഫാസ്റ്റ്, ഉച്ചക്ക് ചൈനീസ് ഫുഡ്, രാത്രി തന്തൂരി ചിക്കന്‍ എന്ന സ്ഥിതിയാണുള്ളത്. ചോദിക്കുന്ന ഭക്ഷണമാണ് നല്‍കുന്നത്. ഏറ്റവും ലേറ്റസ്റ്റ് ഫോണാണ് പ്രതികള്‍ക്ക് നല്‍കുന്നത്. ഇനി ചൂടുകാലമാണ് വരാന്‍ പോകുന്നത്. അതുകൊണ്ട് മുഖ്യമന്ത്രി ഒരു കാര്യം കൂടി ചെയ്യണം. ടി പി കേസ് പ്രതികളുടെ മുറി എയര്‍കണ്ടീഷന്‍ ചെയ്തു കൊടുക്കണം. അതുമാത്രമാണ് ടിപി കേസ് പ്രതികള്‍ക്കായി ഈ സര്‍ക്കാരിന് ചെയ്യാനുള്ളതെന്നും വി ഡി സതീശന്‍ പറഞ്ഞു.

ടി പി കേസ് പ്രതികള്‍ക്ക് ഈ സൗകര്യങ്ങള്‍ എന്തിന് ചെയ്തുകൊടുക്കുന്നുവെന്നും വി ഡി സതീശന്‍ ചോദിച്ചു. ടി പി കേസ് പ്രതികളെ സര്‍ക്കാരിന് പേടിയാണ്. ടിപിയെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയില്‍ പങ്കെടുത്ത നേതാക്കന്മാരുടെ പേരുകള്‍ വെളിപ്പെടുത്തുമെന്ന് പറഞ്ഞ് അവര്‍ ബ്ലാക്ക് മെയില്‍ ചെയ്യുകയാണ്. അതുകൊണ്ടാണ് അവര്‍ ചോദിക്കുന്ന സഹായങ്ങള്‍ സര്‍ക്കാര്‍ ചെയ്തുകൊടുക്കുന്നത്. ക്വട്ടേഷന്‍ പിടിക്കുന്നതും ലഹരി ഇടപാട് നടത്തുന്നതും പുറത്തിറങ്ങിയാല്‍ ഡ്രഗ് പാര്‍ട്ടി നടത്തുന്നതുമടക്കം ടി പി കേസ് പ്രതികള്‍ ചെയ്തുവരുന്നു. കേരളത്തെ മുഴുവന്‍ അപമാനിക്കുന്നതാണ് പിണറായി സര്‍ക്കാരിന്റെ മുഖമുദ്രയെന്നും വി ഡി സതീശന്‍ വ്യക്തമാക്കി

സിനിമാ കോണ്‍ക്ലേവില്‍ ദളിത് വിഭാഗങ്ങള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ അധിക്ഷേപ പരാമര്‍ശത്തിനെതിരെയും സതീശന്‍ രംഗത്തെത്തി. അത്തരത്തിലൊരു പരാമര്‍ശം അടൂര്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് വി ഡീ സതീശന്‍ പറഞ്ഞു. സ്ത്രീകള്‍ എത്ര മനോഹരമായ സിനിമകളാണ് കേരളത്തില്‍ ചെയ്തത്. പിന്നാക്കം നില്‍ക്കുന്നവര്‍ എത്രയോ നല്ല സിനിമകള്‍ ചെയ്തിരിക്കുന്നുവെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights- V D Satheesan agaisnt cm pinarayi vijayan and government over t p case accused caught drinking liquor in police custody

To advertise here,contact us