സർക്കാർ വെറുതെ ഒന്നരക്കോടി തന്നതല്ല, നാല് റൗണ്ടുകളിലൂടെ തെരഞ്ഞെടുക്കപ്പെട്ടതാണ്‌; അടൂരിനോട് ശ്രുതി ശരണ്യം

മെയിൽ - അപ്പർ ക്ലാസ് പ്രിവിലെജിൽ ജീവിച്ചവർക്ക് ഇപ്പറയുന്ന ബുദ്ധിമുട്ടുകൾ എന്തെന്ന് മനസ്സിലാവുകയുമില്ല, സർ', ശ്രുതി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സിനിമാ കോണ്‍ക്ലേവില്‍ അധിക്ഷേപ പരാമര്‍ശം നടത്തിയ സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണനെതിരെ സംവിധായിക ശ്രുതി ശരണ്യം. അടൂരിനുള്ള മറുപടിക്കുറിപ്പ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചുകൊണ്ടാണ് ശ്രുതി തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. തങ്ങൾക്കാർക്കും സിനിമ ചെയ്യാൻ സർക്കാർ വെറുതെ ഒന്നരക്കോടി തന്നതല്ലെന്നും ഏകദേശം ഒരു വർഷത്തോളം നീണ്ടു നിന്ന നാലോളം റൗണ്ടുകളായുണ്ടായ മത്സരത്തിലൂടെയാണ് തിരക്കഥകൾ തെരഞ്ഞെടുക്കപ്പെട്ടതെന്നും അവർ കുറിച്ചു. ഒന്നരക്കോടി ആരുടെയും സ്വകാര്യ അക്കൗണ്ടിലേക്കല്ല, കെഎസ്എഫ്ഡിസിയുടെ അക്കൗണ്ടിലേക്കാണ് സർക്കാർ നിക്ഷേപിക്കുന്നത്. സിനിമയുടെ നിർമ്മാണ നിർവ്വഹണം മുഴുവനും കെഎസ്എഫ്ഡിസിയുടെ ചുമതലയാണ്. അതിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ല. മാത്രമല്ല ഈ സിനിമകളിൽ തങ്ങൾക്ക് ലഭിച്ച പ്രതിഫലത്തിനെക്കാൾ കൂടുതൽ തുക കയ്യിൽ നിന്നും ചെലവായിട്ടുണ്ടെന്നും അവർ പറഞ്ഞു.

'ചിത്രലേഖാ ഫിലിം കോ-ഓപ്പറേറ്റിവും, രവീന്ദ്രൻ നായരും ഉണ്ടായത് താങ്കളുടെ ഭാഗ്യം കൂടിയാണ്, സർ. ആ ഭാഗ്യം എല്ലാവർക്കും സിദ്ധിച്ചുകൊള്ളണമെന്നില്ല, പ്രത്യേകിച്ച് സ്ത്രീകൾക്കും അരികുവൽക്കരിക്കപ്പെട്ടവർക്കും. മെയിൽ - അപ്പർ ക്ലാസ് പ്രിവിലെജിൽ ജീവിച്ചവർക്ക് ഇപ്പറയുന്ന ബുദ്ധിമുട്ടുകൾ എന്തെന്ന് മനസ്സിലാവുകയുമില്ല, സർ', അവർ കൂട്ടിച്ചേർത്തു. ഇത്തരമൊരു പ്രസ്താവന നടത്തുന്നതിന് മുൻപ് തങ്ങളിൽ ഒരാളുടെയെങ്കിലും ചിത്രം അടൂരിനെപ്പോലൊരാൾ ഒന്നു കണ്ടിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോവുകയാണെന്നും ശ്രുതി കൂട്ടിച്ചേർത്തു. ഓരോരോ പ്രസ്താവനകൾ ഇറക്കുന്നത് അവരവരുടെ മൂല്യബോധങ്ങളിലൂന്നിയാണ്. അതിനാൽ ഈ പ്രസ്താവനയെ മുഖവിലയ്ക്കെടുക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് ശ്രുതി കുറിപ്പ് അവസാനിപ്പിക്കുന്നത്.

ശ്രുതി ശരണ്യത്തിന്റെ കുറിപ്പ്

പ്രിയ്യ അടൂർ സർ,ഇപ്പൊഴാണ് ഫിലിം കോൺക്ലേവിലെ താങ്കളുടെ ഇന്നത്തെ പ്രസംഗത്തിൻ്റെ പൂർണ്ണരൂപം ലഭ്യമായത്. അതുകൊണ്ട് മാധ്യമങ്ങൾ പലരും അൽപം മുൻപ് വരെ എൻ്റെ പ്രതികരണം ആവശ്യപ്പെട്ടപ്പോൾ പോലും "അദ്ദേഹം എന്താണ് യഥാർത്ഥത്തിൽ പറഞ്ഞത് എന്നെനിക്കറിയില്ല. അതുകൊണ്ട് ഇപ്പോൾ മറുപടി പറയുന്നില്ല" എന്നു പറഞ്ഞിരുന്നു.സർ, ഞങ്ങൾക്കാർക്കും സിനിമ ചെയ്യാൻ അങ്ങ് വെറുതേ സർക്കാർ ഒന്നരക്കോടി തന്നതല്ല. ഏകദേശം ഒരു വർഷത്തോളം നീണ്ടു നിന്ന, നാലോളം റൗണ്ടുകളായുണ്ടായ മത്സരത്തിലൂടെയാണ് ഞങ്ങളുടെ തിരക്കഥകൾ തിരഞ്ഞെടുക്കപ്പെട്ടത്. എൻ്റെയറിവിൽ, ഒരോ റൗണ്ടിലും പ്രത്യേകം നിയമിക്കപ്പെട്ട വെവ്വേറെ ജ്യൂറി അംഗങ്ങളായിരുന്നു തിരഞ്ഞെടുപ്പുകൾ നടത്തിയിരുന്നത്. സർക്കാർ നിർമ്മിതിയിൽ സിനിമകളൊരുക്കിയ ഞങ്ങൾ ചുരുക്കം ചില സംവിധായകർ ഞങ്ങളുടെ സിനിമയ്ക്കുവേണ്ടി അവരവരുടെ ഔദ്യോഗിക ജീവിതത്തിൽ നിന്നും വ്യക്തി ജീവിതത്തിൽ നിന്നുമെല്ലാം ഏകദേശം രണ്ടുവർഷത്തോളം മാറി നിൽക്കേണ്ടി വന്നിട്ടുണ്ട്.. ഈ ഒന്നരക്കോടി ഞങ്ങളുടെ സ്വകാര്യ എക്കൗണ്ടിലേക്കല്ല, മറിച്ച് കെ.എസ്.എഫ്.ഡി. സി യുടെ എക്കൗണ്ടിലേക്കാണ് സർക്കാർ നിക്ഷേപിക്കുന്നത്. സിനിമയുടെ നിർമ്മാണ നിർവ്വഹണം മുഴുവനും കെ.എസ്.എഫ്.ഡി.സിയുടെ ചുമതലയാണ്. അതിൽ ഞങ്ങൾക്ക് യാതൊരു പങ്കുമില്ല. മാത്രമല്ല, ഈ സിനിമകളിൽ ഞങ്ങൾക്ക് ലഭിച്ച പ്രതിഫലത്തിനേക്കാൾ കൂടുതൽ തുക ഒരുപക്ഷേ, ഞങ്ങളുടെയൊക്കെ കൈയ്യിൽ നിന്നും ചെലവായിട്ടുണ്ട്.ഇനിയൊന്ന് പറയട്ടെ, സാർ - സർക്കാർ നിർമ്മാണത്തിലുണ്ടായ എൻ്റെ ആദ്യ സിനിമ പുറത്തിറങ്ങിയിട്ട് വർഷം രണ്ട് കഴിഞ്ഞു. സാമാന്യം പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമായിരുന്നു എൻ്റേത് എന്നാണെൻ്റെ വിശ്വാസം. എന്നിട്ടും നാളിന്നേവരെ മലയാളത്തിലെ ഒരു പ്രൊഡ്യൂസർ പോലും " കയ്യിൽ എന്തെങ്കിലും സബ്ജക്ട് ഉണ്ടോ" എന്നു ചോദിച്ചിട്ടില്ല. പല നടീനടൻമാരുടെയും പ്രൊഡ്യൂസർമാരുടെയും വാതിലുകൾ മുട്ടിയിട്ടുണ്ട്. മിക്കവരും കഥകേൾക്കാൻ പോയിട്ട്, അയക്കുന്ന മെസെജുകൾക്ക് മറുപടി പറയാൻ പോലും സന്നദ്ധരായിട്ടില്ല. എന്നാൽ, സ്വന്തമായി സിനിമ നിർമ്മിക്കാനുള്ള സാമ്പത്തിക ശേഷിയില്ലതാനും. ചിത്രലേഖാ ഫിലിം കോ- ഓപ്പറേറ്റിവും, രവീന്ദ്രൻ നായറും ഉണ്ടായത് താങ്കളുടെ ഭാഗ്യം കൂടിയാണ്, സർ. ആ ഭാഗ്യം എല്ലാവർക്കും സിദ്ധിച്ചുകൊള്ളണമെന്നില്ല, പ്രത്യേകിച്ച് സ്ത്രീകൾക്കും അരികുവൽക്കരിക്കപ്പെട്ടവർക്കും. മെയിൽ - അപ്പർ ക്ലാസ് പ്രിവിലെജിൽ ജീവിച്ചവർക്ക് ഇപ്പറയുന്ന ബുദ്ധിമുട്ടുകൾ എന്തെന്ന് മനസ്സിലാവുകയുമില്ല, സർ.

ഇതുകൊണ്ടുതന്നെയാണ് ഈ സർക്കാർ പദ്ധതിയ്ക്ക് തുരങ്കം വയ്ക്കുന്ന ഒരു വാക്കുപോലും ഞാൻ എവിടെയും പറയാത്തത്. ഈ പദ്ധതി കൊണ്ട് എനിയ്ക്ക് ഔദ്യോഗിക ജീവിതത്തിലും, വ്യയ്ക്തി ജീവിതത്തിലും നഷ്ടങ്ങൾ ഏറെയുണ്ടായിട്ടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഏറെ നേരിടേണ്ടി വന്നിട്ടുണ്ട്. പദ്ധതിയുടെ നടത്തിപ്പുകാരായ പല ഉദ്യോഗസ്ഥരിൽ നിന്നും അപമാനങ്ങൾ ഏറെ നേരിടേണ്ടി വന്നിട്ടുണ്ട്. അതുവരെ സുഹൃത്തുക്കളെന്നു കരുതിയ പലരും എന്നെ ശത്രുപക്ഷം ചേർത്തിട്ടുണ്ട്. ഇതെല്ലാം സഹിച്ചിട്ടും സർക്കാർ സിനിമാ നിർമ്മാണ പദ്ധതിക്ക് ഞാൻ എതിരു നിന്നിട്ടില്ല. കാരണം, ഇത്തരം ഒരു പദ്ധതിയുള്ളതുകൊണ്ട് എൻ്റെ ആദ്യത്തെ സിനിമയുണ്ടായി. എന്നെപ്പോലെയൊരാൾക്ക് ഒരു നിർമ്മാതാവിനെ കിട്ടുകയെന്നത് ഇന്നത്തെ നിലയിൽ ഒട്ടും എളുപ്പമല്ല എന്ന തിരിച്ചറിവും എനിയ്ക്കുണ്ട്. പിന്നെ താങ്കൾ സൂചിപ്പിച്ചതുപോലെ മതിയായ ട്രെയ്നിംഗ് ഞങ്ങൾക്ക് കിട്ടിയിരുന്നെങ്കിൽ സിനിമ ഒരുപക്ഷേ ഇതിലും മെച്ചപ്പെട്ടേനെ. അത് ഞങ്ങൾക്കുമാത്രമല്ല, ആദ്യമായി സിനിമയെടുക്കുന്ന ഏതൊരാൾക്കും ബാധകമാണ്. അതുകൊണ്ടുതന്നെ, താങ്കളുടെ ആ പ്രസ്താവനയെ നല്ല രീതിയിൽ ഉൾക്കൊള്ളാനാണ് ഞാൻ ആഗ്രഹിക്കുന്നത്. പിന്നെ താങ്കളേപ്പോലൊരാൾ ഇത്തരമൊരു പ്രസ്താവന നടത്തുന്നതിന് മുൻപ്, ഞങ്ങളിൽ ഒരാളുടെയെങ്കിലും ചിത്രം ഒന്നു കണ്ടിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിച്ചു പോവുകയാണ്.

ഇനി മറ്റൊന്ന് - കച്ചവടസിനിമ, വാണിജ്യസിനിമ, പാരലൽ സിനിമ തുടങ്ങിയ ലേബലുകൾ, നമ്മുടെ ക്രിയാത്മകതയും സാങ്കേതികതയുമെല്ലാം എഐ കയ്യേറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിന് ചേർന്നതാണോ, സർ? എൻ്റെ കാഴ്ച്ചപ്പാടിൽ, ഒരു സിനിമ പറഞ്ഞു വയ്ക്കുന്ന മൂല്യങ്ങൾ തന്നെയാണ് അതിനെ വേറിട്ടതാക്കുന്നത്. ആ അർത്ഥത്തിൽ സർക്കാർ നിർമ്മിതിയിൽ പുറത്തു വന്ന ചിത്രങ്ങളെല്ലാം വേറിട്ടതാണ്. നെറെറ്റിവ് സിനിമയോട് പൊതുവിൽ താത്പര്യക്കുറവുള്ളവർക്ക് ഈ സിനിമകളൊന്നും തന്നെ സിനിമകളായി തോന്നണമെന്നില്ല. എങ്കിലും പൊതുസമൂഹത്തിന് കുറച്ചെങ്കിലും ഈ ചിത്രങ്ങൾ ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

പ്രിയ്യ അടൂർ സർ, കഴിയുമെങ്കിൽ ഞങ്ങളുടെ ചിത്രങ്ങൾ സി സ്പേസിൽ നിന്നെടുത്ത് വല്ല ഓപ്പൺ പ്ലാറ്റ്ഫോമിലും ഇടാൻ കെഎസ്എഫ്ഡിസിയോടു പറയൂ. അങ്ങിനെയെങ്കിലും അത് നാലാൾ കാണട്ടെ. കൂട്ടത്തിൽ താങ്കൾക്കും കാണാമല്ലോ, സർ.വാൽക്കഷണം - ഓരോരുത്തരും ഓരോരോ പ്രസ്താവനകൾ ഇറക്കുന്നത് അവരവരുടെ മൂല്യബോധങ്ങളിലൂന്നിയാണ് എന്നുള്ള തിരിച്ചറിവുള്ളതിനാൽ, ഈ പ്രസ്താവനയെയും മുഖവിലയ്ക്കെടുക്കുന്നില്ല.

കഴിഞ്ഞ ദിവസമാണ് അടൂർ വിവാദ പ്രസ്താവന നടത്തിയത്. സിനിമ നിര്‍മിക്കാന്‍ സ്ത്രീകള്‍ക്കും ദളിത് വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ നല്‍കുന്ന ഫണ്ടിലായിരുന്നു വിവാദ പരാമര്‍ശം. സര്‍ക്കാരിന്റെ ഫണ്ടില്‍ സിനിമ നിര്‍മിക്കാന്‍ ഇറങ്ങുന്നവര്‍ക്ക് മൂന്ന് മാസത്തെ ഇന്റന്‍സീവ് ട്രെയിനിംഗ് കൊടുക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.

'സര്‍ക്കാര്‍ പട്ടികജാതി പട്ടികവര്‍ഗത്തിന് നല്‍കുന്ന പണം ഒന്നരക്കോടിയാണ്. അഴിമതിക്കുള്ള വഴിയുണ്ടാക്കുകയാണെന്ന് ഞാന്‍ മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നു. ഉദ്ദേശ്യം വളരെ നല്ലതാണ്. എന്നാല്‍ ഈ തുക മൂന്ന് പേര്‍ക്കായി നല്‍കണം. മൂന്ന് മാസത്തെ പരിശീലനം നല്‍കണം. അവര്‍ക്ക് മൂന്ന് മാസം വിദഗ്ധരുടെ പരിശീലനം നല്‍കണം', അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Content Highlights: Shruthi Sharanyam against adoor gopalakrishnan on his controversy speech about dalit and women

To advertise here,contact us