തിരുവനന്തപുരം: ദളിത്-വനിതാ വിഭാഗങ്ങളെ അധിക്ഷേപിച്ച സംവിധായകൻ അടൂര് ഗോപാലകൃഷ്ണനെതിരെയുള്ള പരാതിയില് പൊലീസ് ഉടന് കേസെടുക്കില്ല. നിയമോപദേശം തേടാനാണ് മ്യൂസിയം പൊലീസിന്റെ തീരുമാനം. പൊലീസ് മേധാവിയുടെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം. ഇന്ന് രാവിലെയാണ് മ്യൂസിയം പൊലീസിന് പരാതി ലഭിച്ചത്.
വിഷയത്തില് എസ്സി/എസ്ടി കമ്മീഷന് ഇടപെട്ടിട്ടുണ്ട്. പത്ത് ദിവസത്തിനകം പൊലീസ് റിപ്പോര്ട്ട് സമര്പ്പിക്കണമെന്ന് എസ്സി/എസ്ടി കമ്മീഷന് ആവശ്യപ്പെട്ടു. ആക്ടിവിസ്റ്റ് ദിനു വെയിലാണ് അടൂരിന്റെ പരാമര്ശത്തില് ഇടപെടണമെന്നാവശ്യപ്പെട്ട് എസ്സി/എസ്ടി കമ്മീഷനും തിരുവനന്തപുരം മ്യൂസിയം പൊലീസിനും പരാതി നല്കിയത്.
ഇന്ന് രാവിലെയാണ് അടൂരിനെതിരെ ദിനു വെയില് പരാതി നല്കിയത്. ഇമെയില് വഴി പരാതി അയയ്ക്കുകയായിരുന്നു. അടൂര് തന്റെ പ്രസ്താവനയിലൂടെ എസ്സി/എസ്ടി വിഭാഗത്തിലെ മുഴുവന് അംഗങ്ങളെയും കുറ്റവാളികളോ കള്ളന്മാരോ അഴിമതി ചെയ്യാന് സാധ്യതയുള്ളവരോ ആയി ചിത്രീകരിക്കുന്നുവെന്ന് ദിനു തന്റെ പരാതിയില് ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം തന്റെ ആരോപണങ്ങളില് ഉറച്ച് നില്ക്കുന്നതായാണ് അടൂര് ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്. താന് പറഞ്ഞതില് തെറ്റില്ലെന്നും വ്യാഖ്യാനിച്ചെടുത്തതിന് താന് ഉത്തരവാദിയല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ദളിതരെയോ സ്ത്രീകളെയോ അപമാനിച്ചിട്ടില്ലെന്നും അവര് സിനിമയെ പഠിക്കണമെന്നാണ് പറഞ്ഞതെന്നും അടൂര് മാധ്യമങ്ങളോട് പറഞ്ഞു.
സിനിമാ കോണ്ക്ലേവിന്റെ അവസാന ദിനമായ ഇന്നലെയായിരുന്നു അടൂരിന്റെ അധിക്ഷേപ പരാമര്ശം. സ്ത്രീകള്ക്കും ദളിത് വിഭാഗങ്ങള്ക്കും സിനിമ നിര്മിക്കാന് സര്ക്കാര് നല്കുന്ന ഫണ്ടുമായി ബന്ധപ്പെട്ടായിരുന്നു അടൂര് നിലപാട് പറഞ്ഞത്. സര്ക്കാരിന്റെ ഫണ്ടില് സിനിമ നിര്മിക്കാന് ഇറങ്ങുന്നവര്ക്ക് മൂന്ന് മാസത്തെ ഇന്റന്സീവ് ട്രെയിനിങ് കൊടുക്കണമെന്ന് അടൂര് പറഞ്ഞിരുന്നു. സര്ക്കാര് പട്ടികജാതി പട്ടികവര്ഗത്തിന് നല്കുന്ന പണം ഒന്നരക്കോടിയാണ്. അഴിമതിക്കുള്ള വഴിയുണ്ടാക്കുകയാണെന്ന് താന് മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാല് അടൂരിനെതിരെ വ്യാപക വിമര്ശനമാണ് ഉയര്ന്നുവരുന്നത്. അടൂര് പ്രസംഗിക്കുമ്പോള് തന്നെ കേരള സംഗീത നാടക അക്കാദമി വൈസ് ചെയര്പേഴ്സണ് പുഷ്പവതി അടൂരിനെതിരെ പ്രതിഷേധിച്ചിരുന്നു. മന്ത്രി സജി ചെറിയാനും വേദിയില് അടൂരിന്റെ പരാമര്ശത്തിനെതിരെ പ്രതികരിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര് ബിന്ദു, സംവിധായകന് ആര് ബിജു, ആക്ടിവിസ്റ്റ് ടി എസ് ശ്യാംകുമാര്, സ്പീക്കര് എ എന് ഷംസീര്, പ്രതിപക്ഷ നേതാവ് വി ഡി സതീശന് തുടങ്ങി സാമൂഹ്യ-സാംസ്കാരിക രംഗത്തെ നിരവധിപ്പേരും അടൂറിനെതിരെ രംഗത്തെത്തിയിരുന്നു.
Content Highlights: Museum police will seek legal advice for take case against Adoor Gopalakrishnan