തൃശൂർ: സിപിഐഎമ്മിനെതിരെ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ രംഗത്ത്. വോട്ടർപട്ടികയിലെ കള്ളങ്ങൾക്കെതിരായ സമരത്തെ ദേശീയതലത്തിൽ പിന്തുണയ്ക്കുന്ന സിപിഐഎം കേരളത്തിൽ നടക്കുന്ന കള്ളങ്ങൾക്ക് കൂട്ടുപിടിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഡിസിസി സംഘടിപ്പിച്ച ലീഡേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു വേണുഗോപാൽ. തെരഞ്ഞെടുപ്പ് കൃത്രിമങ്ങൾക്കെതിരെ അന്തിമസമരത്തിന് സമയമായെന്നും 2024 ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നിലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവിടാൻ പോവുകയാണെന്നും വേണുഗോപാൽ പറഞ്ഞു.
അമേരിക്ക ഇന്ത്യക്കുമേൽ അധികതീരുവ ചുമത്തിയത് വിദേശനയത്തിന്റെ പരാജയമാണ്. ഇത് കർഷകരെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആശുപത്രിയിലെ കുറവ് ചൂണ്ടിക്കാട്ടിയ ഡോക്ടറെ കുറ്റവാളിയാക്കുന്ന സ്ഥിതിയാണ് കേരളത്തിലിപ്പോഴുള്ളത്. നാട് മൊത്തം ഡോക്ടർക്കൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഉൾപ്പാർട്ടിക്കാര്യങ്ങൾ മാധ്യമങ്ങൾക്കു മുന്നിൽ വിളമ്പുന്ന നേതാക്കളെ വേണ്ടെന്നുവയ്ക്കുമെന്ന് പറഞ്ഞ വേണുഗോപാൽഇത്തരം വാർത്തകൾ വന്നാൽ എഐസിസിയെ അറിയിക്കണമെന്ന് വേദിയിലുണ്ടായിരുന്ന ജില്ലയുടെ ചുമതലയുള്ള ടി സിദ്ദിഖിനോട് ആവശ്യപ്പെടുകയും ചെയ്തു. വിമർശനങ്ങൾ പാർട്ടിഫോറങ്ങളിൽ മതിയെന്നും ഡിസിസി പ്രസിഡന്റ് ഫോറങ്ങൾ സജ്ജമാക്കണമെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.
ഇരകൾക്കൊപ്പം ഓടുകയും വേട്ടപ്പട്ടിക്ക് ഒപ്പം നിൽക്കുകയും ചെയ്യുന്ന നിലപാടാണ് ബിജെപിയുടേതെന്നും അദ്ദേഹം തുറന്നടിച്ചു. കന്യാസ്ത്രീകളുടെ അറസ്റ്റ് സംബന്ധിച്ച കേസ് എൻഐഎക്ക് വിട്ടതിന്റെ ലോജിക് അമിത്ഷായ്ക്ക് മാത്രമേ അറിയൂ. തങ്ങൾ ഇടപെട്ടാണ് കന്യാസ്ത്രീകൾക്ക് മോചനം ഒരുക്കിയതെന്ന ബിജെപി വാദത്തിന്റെ ലോജിക്കും അദ്ദേഹത്തിന് മാത്രമേ അറിയൂവെന്നും അദ്ദേഹം വിമർശിച്ചു.
Content Highlights: kc venugopal against cpim