മൂന്ന് മാസത്തിനകം സിനിമാ നയത്തിന് അന്തിമരൂപം നല്‍കും; കോൺക്ലേവിലെ നിർദേശങ്ങൾ പരിശോധിക്കാനൊരുങ്ങി സർക്കാർ

സര്‍ക്കാര്‍ കാലാവധി അവസാനിക്കും മുമ്പ് തീരുമാനങ്ങള്‍ നടപ്പിലാക്കാനാണ് നീക്കം

തിരുവനന്തപുരം: സിനിമ കോണ്‍ക്ലേവിലെ നിര്‍ദ്ദേശങ്ങളില്‍ വിശദ പരിശോധനക്കൊരുങ്ങി സര്‍ക്കാര്‍. കോണ്‍ക്ലേവിലെ ചര്‍ച്ചകളില്‍ പ്രതിനിധികള്‍ ഉയര്‍ത്തിയ അഭിപ്രായങ്ങളാവും പരിശോധിക്കുക. ഇതില്‍ പ്രധാന നിര്‍ദ്ദേശങ്ങള്‍ സിനിമ നയത്തില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം. മൂന്നു മാസത്തിനകം സിനിമാ നയത്തിന് അന്തിമരൂപം നല്‍കും. സിനിമ നയം നടപ്പിലാക്കാന്‍ നിയമനിര്‍മാണത്തിനും നീക്കം നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി സിനിമ ഡെവലപ്‌മെന്റ് ആന്‍ഡ് റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കും. സര്‍ക്കാര്‍ കാലാവധി അവസാനിക്കും മുമ്പ് തീരുമാനങ്ങള്‍ നടപ്പിലാക്കാനാണ് നീക്കം.

സ്ത്രീ സുരക്ഷ, ലിംഗ സമത്വം, തൊഴിൽ സുരക്ഷിതത്വം തുടങ്ങിയ വിഷയങ്ങളിൽ വിശദ ചർച്ചകളാണ് കോൺക്ലേവിൽ നടന്നത്. പ്രതിനിധികളുടെ അഭിപ്രായങ്ങൾ ഉൾപ്പെടുത്തി അന്തിമ നയം തയ്യാറാക്കാനാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനാണ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തത്. നിയമസഭാ സമുച്ചയത്തിലെ ആര്‍ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചിലാണ് കോണ്‍ക്ലേവ് നടന്നത്. മോഹന്‍ലാലും സുഹാസിനിയും ഉദ്ഘാടനത്തിലെ മുഖ്യാതിഥികളായിരുന്നു.

മലയാള ചലച്ചിത്രമേഖലയുടെ ഭൂതം, വര്‍ത്തമാനം, ഭാവി എന്നിവ അപഗ്രഥിച്ചുകൊണ്ട് തയ്യാറാക്കുന്ന ഒരു ചലച്ചിത്ര നയത്തിന് സിനിമയുടെ ആവാസവ്യവസ്ഥയെ പുഷ്ടിപ്പെടുത്താനും വ്യക്തമായ ദിശാബോധം നല്‍കാനും കഴിയുമെന്ന് മോഹന്‍ലാല്‍ കോണ്‍ക്ലേവിനെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഒമ്പത് വിഷയങ്ങളിലാണ് ചര്‍ച്ചകള്‍ നടക്കുക. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങളിലൊന്നായിരുന്നു കോണ്‍ക്ലേവ്. കോണ്‍ക്ലേവില്‍ നിന്ന് ലഭിക്കുന്ന നിര്‍ദേശങ്ങളുടെയും മറ്റും അടിസ്ഥാനത്തില്‍ ആറ് മാസത്തിനകം സിനിമാ നയം പ്രഖ്യാപിക്കുകയാണ് ലക്ഷ്യം.

Content Highlights- Film Conclave; The film policy will be finalized within three months

To advertise here,contact us