തിരുവനന്തപുരം: സംവിധായകൻ അടൂര് ഗോപാലകൃഷ്ണന്റെ അധിക്ഷേപ പരാമര്ശത്തിനെതിരെ സംവിധായകന് ഡോ. ബിജു. അടൂരിന്റെ പരാമര്ശം വരേണ്യ ബോധ്യത്തില് നിന്നാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം അഭിപ്രായങ്ങള് ഉച്ചത്തില് വിളിച്ചു പറയാന് അദേഹത്തിന് ധൈര്യം നല്കുന്നത് അതാണെന്നും ആ ധൈര്യത്തിന്റെ അടിസ്ഥാനം എലൈറ്റിസമാണെന്നും ബിജു വിമര്ശിച്ചു. ആ വാക്കുകള്ക്ക് വലിയ കയ്യടി കിട്ടുന്നു എന്നതാണ് കേരളത്തിന്റെ സമകാലിക സാമൂഹിക യാഥാര്ത്ഥ്യവും ദുരന്തവുമെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്എഫ്ഡിസി നല്കുന്ന ധനസഹായത്തെ കുറിച്ച് പൊതു സമൂഹം ചില കാര്യങ്ങള് അറിയേണ്ടതുണ്ടെന്നും ബിജു പറഞ്ഞു. ഈ ഫണ്ട് നല്കുന്നതിന് കൃത്യമായ ഒരു തെരഞ്ഞെടുപ്പ് രീതിയും വിദഗ്ധ സമിതിയുമുണ്ടെന്നും ബിജു കൂട്ടിച്ചേര്ത്തു. ഒരു തവണ താനും തെരഞ്ഞെടുപ്പ് ജൂറിയില് അംഗം ആയിരുന്നു. അന്തരിച്ച പ്രശസ്ത സംവിധായകന് ജോണ് പോള് ഉള്പ്പെടെ ഉള്ളവര് ആയിരുന്നു ആ കമ്മിറ്റിയില് ഉണ്ടായിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
'ശ്രീ അടൂര് ഗോപാലകൃഷ്ണന് പറയും പോലെ പട്ടികജാതി പട്ടികവര്ഗ്ഗത്തില്പ്പെട്ടവര്ക്കും വനിതകള്ക്കും അവര് ആ വിഭാഗത്തില്പ്പെട്ടവര് ആണെന്നത് കൊണ്ട് വെറുതെ അങ്ങ് വാരിക്കോരി കൊടുക്കുന്നതല്ല ഈ പദ്ധതി. തെരഞ്ഞെടുക്കപ്പെടുന്ന സംവിധായകര്ക്ക് പല രീതിയിലുള്ള മെന്റര്ഷിപ്പ് നല്കിയ ശേഷം ആണ് അവര് സിനിമ നിര്മിക്കുന്നത്. നിര്മാതാവ് എന്ന നിലയില് ഓരോ സിനിമയുടെയും തുക ചെലവഴിക്കുന്നത് കെഎസ്എഫ്ഡിസി നേരിട്ട് തന്നെയാണ്. ഒന്നരക്കോടി രൂപ സിനിമാ നിര്മാണത്തിന് നല്കുന്നു എന്ന് പറയുമ്പോഴും യഥാര്ത്ഥത്തില് ഒരു കോടി പത്ത് ലക്ഷം രൂപ മാത്രമാണ് സിനിമയുടെ നിര്മാണത്തിനായി കെഎസ്എഫ്ഡിസി നല്കുന്നത്. ബാക്കി നാല്പ്പത് ലക്ഷം രൂപ സിനിമകളുടെ വിതരണത്തിനും മാര്ക്കറ്റിനും മാറ്റി വെക്കുന്നു എന്നാണ് പറയപ്പെടുന്നത്', ബിജു പറഞ്ഞു.
കെഎസ്എഫ്ഡിസിയുടെ വനിതാ സംവിധായകരുടെ പദ്ധതിയിലൂടെ അഞ്ചു സിനിമകളും പട്ടികജാതി പട്ടികവര്ഗ്ഗ സിനിമാ വിഭാഗത്തില് മൂന്നു സിനിമകളും പുറത്തിറങ്ങിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതില് പല സിനിമകളും നിരവധി അന്തര്ദേശീയ ചലച്ചിത്ര മേളകളിലേക്ക് ഇടം നേടുകയും അന്തര്ദേശീയ അംഗീകാരങ്ങള് നേടുകയും ചെയ്ത സാഹചര്യത്തില് ഇവരുടെ കഴിവുകളെ റദ്ദ് ചെയ്യുന്ന പ്രസ്താവന ആണ് അടൂര് ഗോപാലകൃഷ്ണന് നടത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'അടൂര് ഗോപാലകൃഷ്ണനും എന്എഫ്ഡിസിയുടെ ഫിലിം ഫണ്ടില് സിനിമകള് ചെയ്തിട്ടുണ്ട്. എന്എഫ്ഡിസി സിനിമാ നിര്മാണത്തിനായി നല്കുന്ന തുകയും ജനങ്ങളുടെ നികുതി പണത്തില് നിന്നും ആണെന്നതില് സംശയം ഇല്ലല്ലോ. എന്എഫ്ഡിസി സിനിമാ നിര്മാണത്തിനായി തുക നല്കുമ്പോള് അത് കിട്ടുന്ന ആളുകള്ക്ക് തീവ്രമായ പരിശീലനം നല്കിയ ശേഷമേ സിനിമ നിര്മിക്കാവൂ എന്ന അഭിപ്രായം കഴിഞ്ഞ അമ്പതു വര്ഷത്തിനിടയില് അടൂര് ഗോപാലകൃഷ്ണന് മുന്നോട്ടു വെക്കാതിരുന്നത് എന്തുകൊണ്ടാണ്', ബിജു ചോദിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണരൂപം
പട്ടികജാതി പട്ടികവര്ഗ്ഗ വിഭാഗത്തില്പ്പെട്ടവര്ക്കും വനിതകള്ക്കും സിനിമാ നിര്മാണത്തിനായി കെഎസ്എഫ്ഡിസി നല്കുന്ന ധനസഹായത്തിന് തെരഞ്ഞെടുക്കപ്പെടുന്ന സംവിധായകര്ക്ക് മൂന്ന് മാസമെങ്കിലും ഇന്റന്സീവ് പരിശീലനം നല്കണം എന്ന ശ്രീ അടൂര് ഗോപാലകൃഷ്ണന്റെ അഭിപ്രായം ചര്ച്ച ചെയ്യുമ്പോള് അതില് പൊതു സമൂഹം കൂടി അറിയേണ്ട മൂന്നു കാര്യങ്ങള് പരാമര്ശിക്കപ്പെടേണ്ടതുണ്ട്.
1- കേരള സര്ക്കാര് പട്ടികജാതി പട്ടികവര്ഗ്ഗ വിഭാഗത്തിലും വനിതാ വിഭാഗത്തിലും ഉള്ള സംവിധായകര്ക്കായി സിനിമാ നിര്മാണത്തിനായി ഫണ്ട് ഏര്പ്പെടുത്തിയത് കേരള സര്ക്കാരിന്റെ ഏറ്റവും പ്രോഗ്രസ്സീവ് ആയ ഒരു തീരുമാനം ആണ്. ഈ ഫണ്ട് നല്കുന്നത് വെറുതെ ആരെയെങ്കിലും ഒക്കെ തിരഞ്ഞു പിടിച്ചു നേരെ അങ്ങ് കൊടുക്കുക അല്ല. അതിനു കൃത്യമായ ഒരു തിരഞ്ഞെടുപ്പ് രീതിയും വിദഗ്ധ സമിതിയും ഒക്കെ ഉണ്ട്. പത്രത്തില് അപേക്ഷകള് ക്ഷണിച്ച് ലഭിക്കുന്ന അപേക്ഷകളില് നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ആളുകള് പൂര്ണ്ണമായ തിരക്കഥ സമര്പ്പിക്കുകയും ആ തിരക്കഥ മലയാള സിനിമയിലെ പ്രശസ്തരായ ആളുകള് അടങ്ങിയ ഒരു അഞ്ചംഗ സമിതി പരിശോധിക്കുകയും അതില് നിന്നും ഷോര്ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ആളുകളെ ഈ ജൂറി രണ്ടു ഘട്ടങ്ങളിലായി ഇന്റര്വ്യൂ ചെയ്തും ആണ് രണ്ടു വിഭാഗങ്ങളില് നിന്നും രണ്ടു പേരെ വീതം സിനിമ ചെയ്യുന്നതിനായി തിരഞ്ഞെടുക്കുന്നത്. ഒരു തവണ ഞാനും തിരഞ്ഞെടുപ്പ് ജൂറിയില് അംഗം ആയിരുന്നു. അന്തരിച്ച പ്രശസ്ത സംവിധായകന് ജോണ് പോള് സാര് ഉള്പ്പെടെ ഉള്ളവര് ആയിരുന്നു ആ കമ്മിറ്റിയില് ഉണ്ടായിരുന്നത്.
തിരഞ്ഞെടുക്കപ്പെടുന്ന സംവിധായകര്ക്ക് പല രീതിയിലുള്ള മെന്റര്ഷിപ്പ് നല്കിയ ശേഷം ആണ് അവര് സിനിമ നിര്മിക്കുന്നത്. പ്രശസ്ത സംവിധായകര് ആയ നീരജ് ഗയ്യ് വാന്, അഞ്ജും രാജ ബാലി തുടങ്ങിയവര് ഒക്കെ ഈ സ്കീമില് തിരഞ്ഞെടുക്കപ്പെട്ട ആളുകള്ക്ക് മെന്റര്ഷിപ് നല്കിയിട്ടുണ്ട്. അല്ലാതെ ശ്രീ അടൂര് ഗോപാലകൃഷ്ണന് പറയും പോലെ പട്ടിക ജാതി പട്ടിക വര്ഗ്ഗത്തില് പെട്ടവര്ക്കും വനിതകള്ക്കും അവര് ആ വിഭാഗത്തില്പ്പെട്ടവര് ആണെന്നത് കൊണ്ട് വെറുതെ അങ്ങ് വാരിക്കോരി കൊടുക്കുന്നതല്ല ഈ പദ്ധതി.
ഇനി ഒന്നരക്കോടി രൂപയാണ് സിനിമ നിര്മിക്കാന് ആയി നല്കുന്നത് എന്ന വാദം. ആദ്യം മനസ്സിലാക്കേണ്ടത് സിനിമ നിര്മിക്കുവാനായി ഈ തിരഞ്ഞെടുക്കപ്പെടുന്ന ആളുകള്ക്ക് ഒന്നരക്കോടി രൂപ നേരിട്ട് അങ്ങ് കൊടുക്കുക അല്ല. കെഎസ്എഫ്ഡിസി ആണ് നിര്മാതാക്കള്. ബജറ്റ് പ്ലാന് ചെയ്യുന്നതും അത് ചിലവഴിക്കുന്നതും ഒക്കെ കെഎസ്എഫ്ഡിസി നിയോഗിക്കുന്ന പ്രൊഡക്ഷന് എക്സിക്യൂട്ടീവ്മാരിലൂടെയും കെഎസ്എഫ്ഡിസി യുടെ അക്കൗണ്ടിലൂടെയും ആണ്. അത് മോണിറ്റര് ചെയ്യുന്നത് കെഎസ്എഫ്ഡിസിയിലെ ഉദ്യോഗസ്ഥര് ആണ്. നിര്മാതാവ് എന്ന നിലയില്ഓരോ സിനിമയുടെയും തുക ചിലവഴിക്കുന്നത് കെഎസ്എഫ്ഡിസി നേരിട്ട് തന്നെയാണ്.
ഒന്നരക്കോടി രൂപ സിനിമാ നിര്മാണത്തിന് നല്കുന്നു എന്ന് പറയുമ്പോഴും യഥാര്ത്ഥത്തില് ഒരു കോടി പത്ത് ലക്ഷം രൂപ മാത്രമാണ് സിനിമയുടെ നിര്മാണത്തിനായി കെഎസ്എഫ്ഡിസി നല്കുന്നത്. ബാക്കി നാല്പ്പത് ലക്ഷം രൂപ സിനിമകളുടെ വിതരണത്തിനും മാര്ക്കറ്റിനും മാറ്റി വെക്കുന്നു എന്നാണ് പറയപ്പെടുന്നത്. പക്ഷെ കെഎസ്എഫ്ഡിസി ആ നാല്പ്പതു ലക്ഷം രൂപ ഫലപ്രദമായി വിനിയോഗിക്കുന്നുണ്ടോ എന്നത് വേറെ തന്നെ പരിശോധിക്കേണ്ടതാണ്. ഒപ്പം തന്നെ സിനിമകളുടെ നിര്മാണവുമായി ബന്ധപ്പെട്ട് സംവിധായകരോട് കെഎസ്എഫ്ഡിസി പുലര്ത്തുന്ന സമീപനങ്ങള്, ഉദ്യോഗസ്ഥ മേല്ക്കോയ്മകള്, കൃത്യമായ പ്ലാനിംഗ് ഇല്ലായ്മ തുടങ്ങിയ നിരവധി കാരണങ്ങള് ഇതുമായി ബന്ധപ്പെട്ടു പരിശോധിക്കുകയും പരിഹരിക്കുകയും ചെയ്യേണ്ടതുണ്ട്.
2- കെഎസ്എഫ്ഡിസിയുടെ വനിതാ സംവിധായകരുടെ പദ്ധതിയിലൂടെ ഇതിനോടകം അഞ്ചു സിനിമകള് ആണ് നിര്മിക്കപ്പെട്ടത്. പട്ടിക ജാതി പട്ടിക വര്ഗ്ഗ സിനിമാ വിഭാഗത്തില് മൂന്നു സിനിമകളും പുറത്തിറങ്ങി. ഈ എട്ടു സിനിമകളും അത്യാവശ്യം മികച്ച സിനിമകള് തന്നെ ആണ്. ഇതില് പല സിനിമകളും നിരവധി അന്തര്ദേശീയ ചലച്ചിത്ര മേളകളിലേക്ക് ഇടം നേടുകയും ചെയ്തു. ഇത്തവണ ഷാങ്ഹായ് ചലച്ചിത്ര മേളയില് പുതുമുഖ സംവിധായകരുടെ മത്സര വിഭാഗത്തില് ഈ സ്കീമില് നിര്മിച്ച വിക്ടോറിയ എന്ന സിനിമയ്ക്ക് മികച്ച നടിക്കുള്ള പുരസ്കാരവും ലഭിച്ചു. ഈ രണ്ടു സ്കീമുകളിലും ഇതുവരെ നിര്മിക്കപ്പെട്ട സിനിമകള് മികച്ചതാവുകയും അവ അന്തര്ദേശീയ അംഗീകാരങ്ങള് നേടുകയും ചെയ്ത സാഹചര്യത്തില് ഈ എട്ടു സംവിധായകരുടേയും കഴിവുകളെ റദ്ദു ചെയ്യുന്ന പ്രസ്താവന ആണ് ശ്രീ അടൂര് ഗോപാലകൃഷ്ണന് നടത്തിയത്. ദളിതുകളും വനിതകളും സര്ക്കാരിന്റെ പിന്തുണയോടെ അഭിമാനാര്ഹമായ മികച്ച സിനിമകള് നിര്മിച്ചു വരുമ്പോള് ഈ പദ്ധതിയെ തന്നെ അട്ടിമറിക്കുക എന്നതാണ് അദ്ദേഹം ചെയ്യുന്നത്.
3- ഈ വിഷയത്തില് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം ചൂണ്ടി കാണിക്കേണ്ടതുണ്ട്. കേന്ദ്രസര്ക്കാരിന് കീഴിലുള്ള നാഷണല് ഡെവലപ്മെന്റ് കോര്പ്പറേഷന് കഴിഞ്ഞ അമ്പതു വര്ഷമായി സിനിമാ നിര്മാണത്തിന് ഫണ്ട് നല്കുന്നുണ്ട്. അടൂര് ഗോപാലകൃഷ്ണനും എന്എഫ്ഡിസിയുടെ ഫിലിം ഫണ്ടില് സിനിമകള് ചെയ്തിട്ടുണ്ട്. എന്എഫ്ഡിസി സിനിമാ നിര്മാണത്തിനായി നല്കുന്ന തുകയും ജനങ്ങളുടെ നികുതി പണത്തില് നിന്നും ആണെന്നതില് സംശയം ഇല്ലല്ലോ. കഴിഞ്ഞ അമ്പതു വര്ഷമായി മുന്നൂറില് അധികം സിനിമകള് എന്എഫ്ഡിസി നിര്മിച്ചിട്ടുണ്ട്. കഴിഞ്ഞ അമ്പതു വര്ഷമായി ഒട്ടേറെ തവണ ശ്രീ അടൂര് ഗോപാലകൃഷ്ണന് കേന്ദ്ര സര്ക്കാരിന്റെയും എന്എഫ്ഡിസിയുടെയും ഒക്കെ സമിതികളില് വിവിധ നിലകളില് പ്രവര്ത്തിച്ചിട്ടുണ്ട്.
എന്എഫ്ഡിസി സിനിമാ നിര്മാണത്തിനായി തുക നല്കുമ്പോള് അത് കിട്ടുന്ന ആളുകള്ക്ക് തീവ്രമായ പരിശീലനം നല്കിയ ശേഷമേ സിനിമ നിര്മിക്കാവൂ എന്ന അഭിപ്രായം കഴിഞ്ഞ അമ്പതു വര്ഷത്തിനിടയില് അടൂര് ഗോപാലകൃഷ്ണന് മുന്നോട്ടു വെക്കാതിരുന്നത് എന്തുകൊണ്ടാണ്. അതോ എന്എഫ്ഡിസി സിനിമാ നിര്മാണത്തിന് തിരഞ്ഞെടുക്കുന്ന ആളുകള്ക്ക് പരിശീലനം ആവശ്യമില്ല, കേരള സര്ക്കാരിന് കീഴിലുള്ള കെഎസ്എഫ്ഡിസി സിനിമാ നിര്മാണത്തിന് തുക നല്കിയാല് മാത്രമേ പരിശീലനം ആവശ്യമുള്ളൂ എന്നാണോ. അതൊന്നുമല്ല കാര്യം വളരെ വ്യക്തമാണ്..
എന്എഫ്ഡിസി സിനിമാ നിര്മാണത്തിനായി തുക നല്കുന്നത് പൊതു വിഭാഗത്തിനാണ്. കേരളത്തില് സിനിമാ നിര്മാണത്തിനായി തുക നല്കുന്നത് പട്ടികജാതി പട്ടികവര്ഗ്ഗ വിഭാഗക്കാര്ക്കും വനിതകള്ക്കും ആണ്. പൊതു വിഭാഗം മെറിറ്റ് ഉള്ളവര് ആണ് അവര്ക്ക് പരിശീലനം ആവശ്യമില്ല, പട്ടിക ജാതി പട്ടികവര്ഗ്ഗവും വനിതകളും ഒക്കെ മെറിറ്റും കഴിവും ഇല്ലാത്തവര് ആയിരിക്കും, അവര്ക്ക് പരിശീലനം കൂടിയേ തീരൂ എന്ന ആ മുന് ധാരണയില് പൊതിഞ്ഞ വരേണ്യ ബോധ്യം ഉണ്ടല്ലോ, അതാണ് ഇത്തരം അഭിപ്രായങ്ങള് ഉച്ചത്തില് വിളിച്ചു പറയാന് അദേഹത്തിന് ധൈര്യം നല്കുന്നത്. ആ ധൈര്യത്തിന്റെ അടിസ്ഥാനം ആണ് എലൈറ്റിസം…ആ വാക്കുകള്ക്ക് വലിയ കയ്യടി കിട്ടുന്നു എന്നതാണ് കേരളത്തിന്റെ സമകാലിക സാമൂഹിക യാഥാര്ഥ്യവും ദുരന്തവും ..
Content Highlights: Dr Biju about Adoor Gopalakrishnan controversy