കണ്ണൂര്: പി കെ ബുജൈര് ലഹരിക്കേസില് അറസ്റ്റിലായ സംഭവത്തില് പി കെ ഫിറോസ് രാജിവെച്ച് മാതൃകയാകുമോയെന്ന് ബിനീഷ് കോടിയേരി. കേസില് ഫിറോസിന്റെ പങ്ക് അന്വേഷിക്കണമെന്നും ബിനീഷ് കോടിയേരി ആവശ്യപ്പെട്ടു.
'കുന്നമംഗലം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് കേരളത്തില് ഒരു അറസ്റ്റ് നടന്നിട്ടുണ്ട്. യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്റെ അനിയന് പി കെ ബുജൈറിനെയാണ് അറസ്റ്റ് ചെയ്തത്. പി കെ ബുജൈറിന്റെ ഒരു സുഹൃത്തിനെ നാര്ക്കോട്ടിക് കേസില് അറസ്റ്റ് ചെയ്യുന്നു. അയാളില് നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില് അന്വേഷണം പി കെ ബുജൈറിലേക്ക് എത്തുകയും അറസ്റ്റ് ചെയ്യാന് വേണ്ടി പോയപ്പോള് പൊലീസുകാരെ അക്രമിക്കുകയും ചെയ്തു. അക്രമിച്ചതിനൊപ്പം തന്നെ അയാളുടെ കാറില് നിന്നും നാര്ക്കോട്ടിക് ഡ്രഗ്സ് ഉപയോഗിക്കാനുള്ള സാധനങ്ങളും കിട്ടിയിട്ടുണ്ട്. ഇത്തരത്തില് ഒരു കേസ് കേരളത്തില് നടന്നപ്പോള് മുന്കാലങ്ങളില് യൂത്ത് ലീഗ് അധ്യക്ഷന് ക്രിയാത്മകമായ ഇടപെടല് നടത്തിയിട്ടുണ്ട്. അനുജന്റെ അറസ്റ്റില് പി കെ ഫിറോസ് രാജിവെച്ച് മാതൃക കാണിക്കുമോ?', ബിനീഷ് കോടിയേരി ചോദിച്ചു.
പി കെ ഫിറോസും പി കെ ബുജൈറും തമ്മില് സാമ്പത്തിക ഇടപാട് ഉണ്ടോയെന്നും ബിനീഷ് കോടിയേരി ചോദിച്ചു. രാവിലെ ലഹരിക്കെതിരെ പ്രവര്ത്തിക്കുകയും രാത്രി ലഹരി ബിസിനസ് നടത്തുകയുമാണ്. അനുജന്റെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണം. മുസ്ലിം യൂത്ത് ലീഗിന്റെ അധ്യക്ഷസ്ഥാനത്ത് ഇരിക്കുന്നയാളുടെ സഹോദരന് ഇത്തരത്തിലൊരു കേസില്പ്പെടുമ്പോള് നിസ്സാരവല്ക്കരിക്കാന് കഴിയുന്ന കാര്യമല്ലല്ലോയെന്നും ബിനീഷ് കോടിയേരി കൂട്ടിച്ചേര്ത്തു.
നാര്ക്കോട്ടിക് കേസില് അറസ്റ്റിലായ ചൂലാംവയല് ആമ്പ്രമ്മല് റിയാസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബുജൈറിലേക്ക് അന്വേഷണം എത്തിയത്. റിയാസിന്റെ ഫോണില് ബുജൈറിനെതിരെ തെളിവുകള് പൊലീസ് കണ്ടെത്തി. റിയാസും ബുജൈറും ലഹരി ഇടപാടുകള് നടത്തിയെന്ന് പൊലീസ് പറയുന്നു. ഇരുവരുടെയും. വാട്സ്ആപ്പ് ചാറ്റുകള് പോലീസ് കണ്ടെടുത്തു. ബുജൈറിനെതിരെ ബിഎന്എസ് 132, 121 വകുപ്പുകള് പ്രകാരമാണ് കേസെടുത്തത്. ലഹരി ഇടപാട് നടത്തുന്നുവെന്ന വിവരത്തെ തുടര്ന്ന് പരിശോധനയ്ക്കായെത്തിയ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥനെ മര്ദിക്കുകയും ലഹരി വസ്തുക്കള് ഉപയോഗിക്കാനുള്ള ഉപകരണം കൈവശം വെച്ചതിനുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Content Highlights: will PK Firos resign his brother's arrest ask bineesh kodiyeri