തിരുവനന്തപുരം: സഹോദരന്റെ അറസ്റ്റില് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല് സെക്രട്ടറി പി കെ ഫിറോസിനെതിരെ വ്യാപക വിമര്ശനമുയരുമ്പോള് ഫേസ്ബുക്ക് പോസ്റ്റുമായി എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. അച്ഛന്, അമ്മ, സഹോദരന്, സഹോദരി, മക്കള് ഇതൊക്കെ എല്ലാ പൊതു പ്രവര്ത്തകരുടെയും വീട്ടില് ഉണ്ടെന്നും ഒരു വിഷയമുണ്ടാകുമ്പോള് ഏറ്റവും അധികം ആക്രമിക്കപ്പെടുന്നത് ഇടത് നേതാക്കളും അവരുടെ കുടുംബവുമാണെന്നും എം ശിവപ്രസാദ് പറഞ്ഞു.
എന്തിന് തങ്ങള് ആക്രമിക്കപ്പെടുന്നു എന്ന് കാര്യകാരണങ്ങള് പോലും വിശദീകരിക്കാതെയുള്ള അധിക്ഷേപങ്ങളാണ് പലപ്പോഴും ഉയരുന്നതെന്ന് എം ശിവപ്രസാദ് പറഞ്ഞു. മോര്ഫ് ചെയ്ത ചിത്രങ്ങള് മുതല് കള്ള കേസുകള് വരെയുണ്ടാകും. നട്ടാല് കുരുക്കാത്ത നുണകള് പടച്ചുവിടുകയും മാധ്യമ വിചാരണകളും അന്തി ചര്ച്ചകളും വരെ ഇത് നീളുമെന്നും തുടര്ക്കഥയാകുമെന്നും എം ശിവപ്രസാദ് പറഞ്ഞു. അവരും മനുഷ്യരായിരുന്നുവെന്ന കാര്യം പലപ്പോഴും മറക്കും. അവര് പക്ഷെ ഇടതുപക്ഷമായത് കൊണ്ടുതന്നെ ഇതിനെയെല്ലാം നേരിട്ട് ജീവതത്തില് മുന്നോട്ട് പോവുകയാണ് ചെയ്യുന്നതെന്നും ശിവപ്രസാദ് പറഞ്ഞു. കാലം ഒന്നിനും കണക്ക് ചോദിക്കാതെ കടന്നു പോയിട്ടില്ലെന്നും ചക്കിന് വെച്ചാലും കൊക്കിന് വെച്ചാലും അവസാനം കൃത്യം കൊള്ളേണ്ടിടത്ത് തന്നെ കൊള്ളുമെന്നും ശിവപ്രസാദ് പറഞ്ഞു. സിപിഐഎം മുന് സംസ്ഥാന സെക്രട്ടറി കോടിയാരി ബാലകൃഷ്ണന്റെ 'ഞങ്ങളായത് കൊണ്ട് ഇതൊക്കെ താങ്ങും. പക്ഷെ നിങ്ങള്ക്ക് വന്നാല് നിങ്ങള് താങ്ങൂ' എന്ന വാക്കുകള് ഓര്മിപ്പിച്ചാണ് ശിവപ്രസാദ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണരൂപം
അച്ഛന്, അമ്മ, സഹോദരന്, സഹോദരി, മക്കള്… ഇതൊക്കെ എല്ലാ പൊതു പ്രവര്ത്തകരുടെയും വീട്ടില് ഉണ്ട്. ഒരാള് പൊതുപ്രവര്ത്തകന് ആകുമ്പോള്, ജന സേവനത്തിന് വേണ്ടി തന്റെ ജീവിതത്തിലെ ഏറിയ സമയവും മാറ്റി വെക്കുമ്പോള് അതിന്റെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അനുഭവിക്കുന്നവര് മേല് പറഞ്ഞ കുടുംബാംഗംങ്ങളാണ് എന്നതില് തര്ക്കമില്ല.
ഈ പ്രയാസമനുഭവിക്കുന്നവരെ തന്നെ പൊതു പ്രവര്ത്തകന്റെ കുടുംബാംഗംമായത് കൊണ്ട് മാത്രം, സമൂഹത്തിലും നവ മാധ്യമങ്ങളിലും അക്രമിക്കുന്ന രാഷ്ട്രീയ ശുദ്ര ജീവികളെ നാം കാണുകയാണ്.
ഇത് വായിക്കുമ്പോള് നിങ്ങളുടെ മനസ്സിലേക്ക് എന്തു കൊണ്ടാണ് ഇടതുപക്ഷ നേതാക്കന്മാരുടെ, പ്രത്യേകിച്ച് സിപിഐഎം നേതാക്കന്മാരുടെ മാത്രം കുടുംബങ്ങളുടെ ചിത്രം വരുന്നത്. കാരണം സമാനതകളില്ലാത്ത കടന്നാക്രമണങ്ങളാണ് അവരുടെ കുടുംബാംഗങ്ങള്ക്ക് നേരെ സമീപകാല കേരളത്തില് നടന്നിട്ടുള്ളത്. എന്തിന് തങ്ങള് ആക്രമിക്കപ്പെടുന്നു എന്ന് കാര്യകാരണങ്ങള് പോലും വിശദീകരിക്കാതെയുള്ള അധിക്ഷേപങ്ങള്. മോര്ഫ് ചെയ്ത ചിത്രങ്ങള് മുതല് കള്ള കേസുകള് വരെ. നട്ടാല് കുരുക്കാത്ത നുണകള്. മാധ്യമ വിചാരണകള്, അന്തി ചര്ച്ചകള്. അവസാനം, പറഞ്ഞ കള്ളങ്ങള് അത്രയും വിഴുങ്ങിയുള്ള ഒളിച്ചോട്ടങ്ങള്. വീണ്ടും തനിയാവര്ത്തനങ്ങള്. അവരും മനുഷ്യരായിരുന്നു. അവര് പക്ഷെ ഇടതുപക്ഷമായത് കൊണ്ടുതന്നെ ഇതിനെയെല്ലാം നേരിട്ട് ജീവതത്തില് മുന്നോട്ട് പോവുകയാണ്.
ഇത് ഇപ്പോള് പറയാന് കാരണം, കാലം ഒന്നിനും കണക്ക് ചോദിക്കാതെ കടന്നു പോയിട്ടില്ല. ചക്കിന് വെച്ചാലും കൊക്കിന് വെച്ചാലും അവസാനം കൃത്യം കൊള്ളേണ്ടിടത്ത് തന്നെ കൊള്ളും. സ. കോടിയേരി പറഞ്ഞ വാക്കുകള് ഓര്ക്കുന്നു. ' ഞങ്ങളായത് കൊണ്ട് ഇതൊക്കെ താങ്ങും. പക്ഷെ നിങ്ങള്ക്ക് വന്നാല് നിങ്ങള് താങ്ങൂല്ല…'
Content Highlights- SFI state president m sivaprasad on p k firos brother arrest