കൊച്ചി: എഴുത്തുകാരനും ചിന്തകനുമായ പ്രൊഫ. എം കെ സാനുവിന് നാട് ഇന്ന് വിട ചൊല്ലും. രാവിലെ വീട്ടിലും എറണാകുളം ടൗണ്ഹാളിലും പൊതുദര്ശനം നടക്കും. വൈകീട്ട് നാല് മണിക്ക് രവിപുരം ശ്മശാനത്തിലാണ് സംസ്കാരം. രാവിലെ 9 മണിക്ക് കൊച്ചിയിലെ വീട്ടിലും 10 മണിക്ക് എറണാകുളം ടൗണ് ഹാളിലും പൊതുദര്ശനം ഉണ്ടാകും.
സംസ്ഥാന സര്ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. രാവിലെ പത്തരയോടെ മുഖ്യമന്ത്രി പിണറായി വിജയന് അന്ത്യാഞ്ജലി അര്പ്പിക്കാനെത്തും. ശനിയാഴ്ച വൈകീട്ട് 5.35നാണ് അന്ത്യം സംഭവിച്ചത്. 98 കാരനായ എം കെ സാനു ദിവസങ്ങള്ക്ക് മുന്പ് വരെ പൊതു വേദികളില് സജീവമായിരുന്നു. വീഴ്ചയില് ഇടുപ്പെല്ലിന് പരിക്കേറ്റ എം കെ സാനുവിനെ ദിവസങ്ങള്ക്ക് മുന്പാണ് കൊച്ചി അമൃത ആശുപത്രിയില് പ്രവേശിപ്പിച്ചത്. അതിനിടെ ന്യുമോണിയ ബാധിച്ചതോടെ ആരോഗ്യ നില വഷളാവുകയായിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് അന്ത്യം സംഭവിച്ചത്.
1928 ഒക്ടോബര് 27ന് ആലപ്പുഴയിലെ തുമ്പോളിയിലായിരുന്നു എം കെ സാനുവിന്റെ ജനനം. അതീവ സമ്പന്ന കൂട്ടുകുടുംബത്തില് ജനിച്ച എം കെ സാനു, അകാലത്തില് അച്ഛന് മരിച്ചതോടെ ദാരിദ്ര്യത്തിന്റെയും നിസ്സഹായതയുടെയും നിഴലിലായി. അവിടെ നിന്നാണ് അദ്ദേഹം സാഹിത്യ ലോകത്തും സാംസ്കാരിക മണ്ഡലത്തിലും നിറഞ്ഞത്. നാല് വര്ഷത്തോളം സ്കൂള് അധ്യാപനായി സേവനം അനുഷ്ഠിച്ചു. പിന്നീട് വിവിധ ഗവണ്മെന്റ് കോളേജുകളില് അധ്യാപക വൃത്തിയിലേര്പ്പെട്ടു. 1958ല് അഞ്ചു ശാസ്ത്ര നായകന്മാര് എന്ന ആദ്യഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1960ല് വിമര്ശനഗ്രന്ഥമായ കാറ്റും വെളിച്ചവും പുറത്തിറങ്ങി.
1983ല് അധ്യാപനത്തില് നിന്ന് വിരമിച്ചു. 1986ല് പുരോഗമന സാഹിത്യസംഘം പ്രസിഡന്റായി. കോണ്ഗ്രസ് നേതാവ് എ എല് ജേക്കബിനെ പരാജയപ്പെടുത്തി 1987ല് എറണാകുളം നിയമസഭാ മണ്ഡലത്തില് നിന്ന് ഇടതുപക്ഷ സ്വതന്ത്രസ്ഥാനാര്ത്ഥിയായി മത്സരിച്ച് വിജയിച്ചു.
Content Highlights: M K Sanu Funeral at kochi ravipuram today evening