റായ്പൂര്: ഛത്തീസ്ഗഡില് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ മലയാളി കന്യാസ്ത്രീകള്ക്കെതിരായ കേസ് റദ്ദാക്കാന് നിയമപോരാട്ടം തുടരുമെന്ന് റായ്പൂര് അതിരൂപത വക്താവ് ഫാദര് സെബാസ്റ്റ്യന് പൂമറ്റം. കെട്ടിച്ചമച്ച കേസാണ് കന്യാസ്ത്രീകള്ക്കെതിരെ എടുത്തിരിക്കുന്നതെന്നും തുടര്നടപടികള് അഭിഭാഷകരുമായി കൂടിയാലോചന നടത്തി തീരുമാനിക്കുമെന്നും ഫാദര് സെബാസ്റ്റ്യന് പൂമറ്റം റിപ്പോര്ട്ടറിനോട് പറഞ്ഞു.
'കേസ് കെട്ടിച്ചമച്ചതാണ്. പൊലീസുകാരും പാര്ട്ടിക്കാരും ആവശ്യമില്ലാതെ കുത്തിക്കയറ്റിയാണ് വകുപ്പുകള് ചുമത്തിയത്. സെഷന്സ് കോടതിയില് നിന്നും ജാമ്യം കിട്ടേണ്ടതായിരുന്നു. ഇനി നിയമവിദഗ്ധരുമായി സംസാരിച്ച് മുന്നോട്ട് നീങ്ങും. ബലമായി അറസ്റ്റ് ചെയ്ത് ജയിലില് ഇടുകയാണ് ചെയ്തത്. നിയമവിരുദ്ധമാണ് എഫ്ഐആര്. അന്വേഷണം നടത്താതെയാണ് അറസ്റ്റ് ചെയ്തത്', ഫാദര് സെബാസ്റ്റ്യന് പൂമറ്റം പറഞ്ഞു.
ബജ്റംഗ്ദള് കാലങ്ങളായി ചെയ്യുന്നതാണിത്. ഇതൊക്കെ ധ്രുവീകരണ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണ്. വാജ്പേയ് സര്ക്കാര് വന്നതിന് ശേഷം തുടങ്ങിയതാണിത്. ഒരു രാഷ്ട്രീയ പാര്ട്ടിയോടും അതിരൂപതയ്ക്ക് അടുപ്പമില്ലെന്നും സെബാസ്റ്റ്യന് പൂമറ്റം പറഞ്ഞു.
മനുഷ്യക്കടത്തും നിര്ബന്ധിത മതപരിവര്ത്തനവും ആരോപിച്ച് ഛത്തീസ്ഗഡിലെ ദുര്ഗില് നിന്നും അറസ്റ്റ് ചെയ്ത മലയാളി കന്യാസ്ത്രീകള്ക്ക് ഇന്നലെയാണ് കോടതി ജാമ്യം അനുവദിച്ചത്. അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണ് അറസ്റ്റിലായ സിസ്റ്റര് വന്ദന ഫ്രാന്സിസ്, സിസ്റ്റര് പ്രീതി മേരി എന്നിവര്. കര്ശന വ്യവസ്ഥകളോടെയാണ് ബിലാസ്പുര് എന്ഐഎ കോടതി കന്യാസ്ത്രീകള്ക്ക് ജാമ്യം അനുവദിച്ചത്.
Content Highlights: Legal battle to quash case against nuns will continue Said Archdiocese of Raipur