'കന്യാസ്ത്രീകളുടെ മോചനത്തിന് കേന്ദ്രസർക്കാരോ ഛത്തീസ്ഗഡ് സർക്കാരോ ശ്രമിച്ചില്ല';വിമർശനവുമായി ഇരിങ്ങാലക്കുട രൂപത

കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഇരിങ്ങാലക്കുട രൂപതയുടെ ഇടയലേഖനം

തൃശൂർ: ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ ജയിലിലടച്ച വിഷയത്തിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഇരിങ്ങാലക്കുട രൂപതയുടെ ഇടയലേഖനം. ഭാരതത്തിലെ മുഴുവൻ ക്രൈസ്‌തവരെയും നിയന്ത്രിച്ച് നിർത്തുവാനുള്ള രാഷ്ട്രീയ നിഗൂഢ അജണ്ട തിരിച്ചറിയണമെന്ന് സർക്കുലറിൽ ചൂണ്ടിക്കാട്ടുന്നു. സിസ്റ്റർമാരുടെ മോചനത്തിനായി യാതൊരു തരത്തിലുമുള്ള ഇടപെടലുകൾ കേന്ദ്രമോ, ചത്തീസ്ഗഡ് സർക്കാരോ എടുത്തിട്ടില്ല എന്നത് നിരാശാജനകമാണ് എന്നും ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് രൂപതയിലെ മുഴുവൻ വിശ്വാസികളെയും പങ്കെടുപ്പിച്ചുകൊണ്ട് ബഹുജനറാലി ചാലക്കുടി നഗരത്തിൽ നടത്തുമെന്നും സർക്കുലറിൽ പറയുന്നു.

2014 മുതൽക്കേ രാജ്യത്ത് ആസൂത്രിതമായ ക്രൈസ്തവപീഡനങ്ങൾ നടന്നുവരുന്നുവെന്ന് ഇടയലേഖനത്തിൽ പരാമർശമുണ്ട്. അതിൽ ഏറ്റവും ഒടുവിലത്തേതാണ് നിലവിലെ സംഭവം. വിവിധ സഭകളുടെ തലവന്മാർ ആശങ്കകൾ അറിയിച്ചിട്ടും രാഷ്ട്രീയനേതാക്കൾ അടക്കം പ്രതിഷേധിച്ചിട്ടും, കന്യാസ്ത്രീകളുടെ മോചനത്തിന് കേന്ദ്രസർക്കാരോ, ഛത്തീസ്ഗഡിലെ സർക്കാരോ ശ്രമിച്ചില്ല എന്നത് നിരാശാജനകമാണ്. ഭാരതത്തിന്റെ ഭരണഘടന അനുവദിക്കുന്ന മതസ്വാതന്ത്ര്യത്തിനനുസരിച്ച് ജീവിക്കാനും സ്വതന്ത്രമായി സഞ്ചരിക്കാനും അവകാശമുണ്ട് എന്നിരിക്കെ ബജ്‌രംഗ് ദൾ, സംഘപരിവാർ പോലുള്ള സംഘടനകൾ വ്യക്തികളെ ഭീഷണിപ്പെടുത്തുന്നതും അന്യയായമായി തടവിൽ വെക്കുന്നതും ആൾക്കൂട്ട വിചാരണ നടത്തുന്നതും എതിർക്കപ്പെടേണ്ട വസ്തുത തന്നെയാണ് എന്നും ഇടയലേഖനത്തിൽ വിമർശനമുണ്ട്.ക്രൈസ്തവർ രാജ്യത്തിന്റെ ഉന്നമനത്തിന് നൽകിയ സംഭാവനകൾ തിരസ്കരിക്കാനും, മിഷനറി പ്രവർത്തനങ്ങൾ നിയന്ത്രിച്ച്, ന്യൂനപക്ഷങ്ങളെ ബലം പ്രയോഗിച്ച് അടിച്ചമർത്താനുമുളള ശ്രമങ്ങൾ നിയന്ത്രിച്ചില്ലെങ്കിൽ അസ്തിത്വം ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലേക്ക് നാം പോകുമെന്നും മതേതര - ഭരണഘടന അവകാശങ്ങൾ ചിലരുടെ മാത്രം കുത്തകയാകുമെന്നും ഇടയലേഖനം മുന്നറിയിപ്പ് നൽകുന്നു.

കന്യാസ്ത്രീകളുടെ അറസ്റ്റിൽ ബിജെപിയെയും സംഘപരിവാർ സംഘടനകളെയും രൂക്ഷമായി വിമർശിച്ച് ദീപികയും മുഖപ്രസംഗം എഴുതിയിരുന്നു. ബജ്‌രംഗ് ദൾ ഭീകരപ്രസ്ഥാനമെന്നും അക്രമം അഴിച്ചുവിട്ട ജ്യോതി ശർമ്മയ്ക്കെതിരെ ഒരു പെറ്റിക്കേസ് പോലും ഇല്ല എന്നും 'ദീപിക' വിമർശിക്കുന്നു. പാകിസ്ഥാനിൽ ഹിന്ദു-ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾ നേരിടുന്ന അതേ സ്ഥിതിവിശേഷമാണ് ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ തീവ്രഹിന്ദുത്വ സംഘടനകളിൽ നിന്ന് നേരിടുന്നതെന്നും മതം പറഞ്ഞ് കൊലപ്പെടുത്തിയവരെ അതിർത്തി കടന്ന് നേരിട്ട രാജ്യം, അതിർത്തിക്കുള്ളിലെ വർഗീയവാദികൾക്ക് മുന്നിൽ പത്മാസനത്തിലിരിക്കുന്നുവെന്നും ദീപിക മുഖപ്രസംഗത്തിൽ രൂക്ഷമായി വിമർശിക്കുന്നു.

രാജ്യത്തെ ന്യൂനപക്ഷങ്ങൾ തീവ്രഹിന്ദുത്വ സംഘടനകളിൽ നിന്ന് വലിയ ഭീഷണിയാണ് നേടിരുന്നതെന്നും മുഖപ്രസംഗം പറയുന്നു. ഗ്രഹാം സ്റ്റെയിൻസിനെതിരായ ആക്രമണം ചൂണ്ടിക്കാട്ടി ബജ്‌രംഗ്ദൾ എത്രയോ ആക്രമണങ്ങൾ ഇത്തരത്തിൽ ക്രൈസ്‌തവർക്കെതിരെ നടത്തിയിട്ടുണ്ടെന്ന് 'ദീപിക' പറയുന്നു. ഇവർക്ക് കാവൽ നിൽകുന്നത് തങ്ങളല്ലേ എന്ന് കേന്ദ്രം ഭരിക്കുന്നവർ ആത്മപരിധോധന നടത്തണമെന്നും വിമർശനമുണ്ട്. ഹിന്ദുത്വ ആൾകൂട്ടവിചാരണകളും ആൾക്കൂട്ട കൊലപാതകങ്ങളും ബുൾഡോസർ രാജും ഇപ്പോഴും നിലനിൽക്കുന്നു കന്യാസ്ത്രീകളെ അകത്താക്കിയതും പുറത്തിറക്കിയതും ആരാണെന്ന് എല്ലാ ക്രിസ്ത്യാനികൾക്കും അറിയാം. ഇത് തുടങ്ങിയിട്ട് എത്ര നാളായി എന്നും അറിയാം. കിട്ടിയ അവസരം മുതലെടുത്ത് കന്യാസ്ത്രീകളുടെ മാവോയിസ്റ്റ് ബന്ധം അന്വേഷിക്കാനും ക്രൈസ്തവ സ്ഥാപനങ്ങളിൽ റെയ്ഡ് നടത്താനും ആവശ്യപ്പെട്ട് ചിലർ വന്നു. അവർ ഭരണഘടനയെന്ന് കരുതി എന്തോ ചിന്താധാര വായിച്ചിട്ടുണ്ടാകുമെന്നും 'ദീപിക' വിമർശിക്കുന്നു.

കന്യാസ്ത്രീകളുടെ വിഷയത്തിൽ കേരളം രാജ്യത്തിന് വലിയ സന്ദേശം നൽകി എന്നും മുഖപ്രസംഗത്തിലുണ്ട്. രാജ്യത്തിന്റെ മതേതര വീണ്ടെടുപ്പ് സാധ്യമാണ് എന്ന സന്ദേശം കേരളം നൽകി. വർഗീയതയ്ക്ക് മേൽ സാഹോദര്യത്തിന്റെ വിജയമാണത്. വർഗീയ കൂട്ടുകെട്ടുകൾക്ക് മേൽ മതേതരത്വം തെളിയിച്ച 10 ദിവസങ്ങളാണ് കടന്നുപോയത്. അതിന്റെ കൊടിപിച്ചത് കേരളമാണ് എന്നത് നിസാര കാര്യമല്ല. കേരളം കോർത്തെടുത്ത ജാതിമത - ഇടതുവലതു ഭേതമില്ലാത്ത ഈ മനുഷ്യച്ചങ്ങല പൊട്ടരുത് എന്നും 'ദീപിക' മുന്നറിയിപ്പ് നൽകുന്നു. ഇത് കേരളമെഴുതിയ മതേതരത്വത്തിന്റെ ഇന്ത്യൻ സ്റ്റോറിയാണ് എന്നും ദീപിക മുഖപത്രം പ്രശംസിക്കുന്നു.

Content Highlights: Irinjalakuda diocese on malayali nuns arrest

To advertise here,contact us