കലാകാരനായാലും ദുർഗന്ധം വമിക്കുന്ന സവർണ ജാതി ബോധ്യം ഉപേക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ എന്ത് കാര്യം: ശ്യാംകുമാർ

അടൂരിന്റെ പരാമര്‍ശം മേല്‍ക്കോയ്മാ ജാതി ബോധ്യത്തില്‍ നിന്നുളവാകുന്നതാണെന്നും ശ്യാം കുമാര്‍

തിരുവനന്തപുരം: സിനിമാ കോണ്‍ക്ലേവ് വേദിയില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ അധിക്ഷേപ പരാമര്‍ശത്തിനെതിരെ ആക്ടിവിസ്റ്റ് ടി എസ് ശ്യാംകുമാര്‍. അടൂര്‍ ഗോപാലകൃഷ്ണന്റെ ജാതിവെറി ഇതിനകം തന്നെ പൊതു സമൂഹത്തില്‍ വെളിപ്പെട്ടിട്ടുള്ളതാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. മറ്റുള്ളവരുടെ കാര്യത്തിലില്ലാത്ത പരിശീലനം, പട്ടികജാതിക്കാര്‍ക്ക് കൊടുക്കണമെന്ന അടൂരിന്റെ പരാമര്‍ശം തന്നെ മേല്‍ക്കോയ്മാ ജാതി ബോധ്യത്തില്‍ നിന്നുളവാകുന്നതാണെന്നും അദ്ദേഹം കുറിച്ചു. എത്ര മഹാനായ കലാകാരനായാലും മനസില്‍ നിറഞ്ഞിരിക്കുന്ന നൂറ്റാണ്ടുകളുടെ ദുര്‍ഗന്ധം വമിക്കുന്ന സവര്‍ണ ജാതി ബോധ്യം ഉപേക്ഷിക്കാന്‍ കഴിയുന്നില്ലെങ്കില്‍ എന്ത് കാര്യമെന്നും ശ്യാം കുമാര്‍ ചോദിച്ചു.

സ്ത്രീകള്‍ക്കും ദളിത് വിഭാഗങ്ങള്‍ക്കും സിനിമ നിര്‍മിക്കാന്‍ സര്‍ക്കാര്‍ നല്‍കുന്ന ഫണ്ടിലായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശം. സര്‍ക്കാരിന്റെ ഫണ്ടില്‍ സിനിമ നിര്‍മിക്കാന്‍ ഇറങ്ങുന്നവര്‍ക്ക് മൂന്ന് മാസത്തെ ഇന്റന്‍സീവ് ട്രെയിനിങ് കൊടുക്കണമെന്ന് അടൂർ പറഞ്ഞിരുന്നു. സര്‍ക്കാര്‍ പട്ടികജാതി പട്ടികവര്‍ഗത്തിന് നല്‍കുന്ന പണം ഒന്നരക്കോടിയാണ്. അഴിമതിക്കുള്ള വഴിയുണ്ടാക്കുകയാണെന്ന് താന്‍ മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നു. ഉദ്ദേശ്യം വളരെ നല്ലതാണ്. എന്നാല്‍ ഈ തുക മൂന്ന് പേര്‍ക്കായി നല്‍കണം. മൂന്ന് മാസത്തെ പരിശീലനം നല്‍കണം. അവര്‍ക്ക് മൂന്ന് മാസം വിദഗ്ദരുടെ പരിശീലനം നല്‍കണമെന്നും അടൂർ പറഞ്ഞിരുന്നു.

പിന്നാലെ വിമര്‍ശനവുമായി നിരവധിപ്പേര്‍ രംഗത്തെത്തി. മന്ത്രി സജി ചെറിയാന്‍ വേദിയില്‍ വെച്ച് തന്നെ അടൂര്‍ പ്രകാശിന് മറുപടി നല്‍കി. കൂടുതല്‍ സിനിമകള്‍ക്ക് കൂടുതല്‍ പണം നല്‍കണമെന്നും അതൊരു തെറ്റായി താന്‍ കാണുന്നില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു. കൂടുതല്‍ പണം നല്‍കുമ്പോള്‍ ലാഭം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പട്ടിക ജാതി, പട്ടിക വര്‍ഗങ്ങള്‍ക്ക് 98 വര്‍ഷമായിട്ടും സിനിമയില്‍ മുഖ്യധാരയില്‍ എത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അവര്‍ക്ക് സഹായം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. സ്ത്രീകള്‍ക്കും അതേ പരിഗണന നല്‍കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

അടൂറിന്റെ പരാമര്‍ശത്തിനെതിരെ ഗായികയും സംഗീത നാടക അക്കാദമി അംഗവുമായ പുഷ്പാവതി പൊയ്പ്പാടത്തും രംഗത്തെത്തിയിരുന്നു. പട്ടിക ജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തിന്റെ ഉന്നമനത്തിന് തുരങ്കം വെയ്ക്കുന്ന നിലപാടാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞതെന്നും എസ്‌സി, എസ്ടി വിഭാഗം നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ട വിഭാഗമാണെന്നും പുഷ്പാവതി പറഞ്ഞു. എന്നാല്‍ അടൂറിന്റെ പരാമര്‍ശത്തില്‍ സദസ്സില്‍ നിന്നും ആരും പ്രതികരിക്കുന്നില്ലല്ലോ എന്നതാണ് ആലോചിച്ചതെന്നും പകരം നിറഞ്ഞ കൈയടി ലഭിച്ചെന്നും പുഷ്പാവതി പറഞ്ഞു. അത് തന്നെ അത്ഭുതപ്പെടുത്തിയെന്നും പുഷ്പാവതി കൂട്ടിച്ചേർത്തിരുന്നു.

Content Highlights: Dr T S Syamkumar against Adoor Gopalakrishnan controversy

To advertise here,contact us