'അവർക്ക് മാത്രം പരിശീലനം വേണമെന്ന് തോന്നുന്നത് പ്രത്യേകതരം കണ്ണാടി ഉപയോഗിക്കുന്നതുകൊണ്ട്'; അടൂറിനെതിരെ ഡോ.ബിജു

യാതൊരു പരിശീലനവും ഇല്ലാതെ സർഗ്ഗശേഷി മാത്രം കൈമുതലാക്കിയ അനേകം മനുഷ്യന്മാർക്ക് സിനിമ ചെയ്യാമെങ്കിൽ പട്ടികജാതി, പട്ടിക വർഗ, സ്ത്രീ വിഭാഗങ്ങൾക്കും സിനിമ ചെയ്യാം

തിരുവനന്തപുരം: സിനിമാ കോണ്‍ക്ലേവില്‍ ദളിത്, സ്ത്രീ വിഭാഗങ്ങളെ അധിക്ഷേപിച്ച അടൂര്‍ ഗോപാലകൃഷ്ണനെതിരെ വ്യാപക പ്രതിഷേധം. അവര്‍ക്ക് മാത്രം സിനിമ ചെയ്യണമെങ്കില്‍ മൂന്ന് മാസത്തെ പരിശീലനം വേണമെന്ന് തോന്നുന്നത് അവരെ നോക്കിക്കാണാന്‍ പ്രത്യേക തരം കണ്ണാടി ഉപയോഗിക്കുന്നത് കൊണ്ടാണെന്ന് സംവിധായകന്‍ ഡോ. ബിജു ഫേസ്ബുക്കില്‍ കുറിച്ചു.

യാതൊരു പരിശീലനവും ഇല്ലാതെ സര്‍ഗ്ഗശേഷി മാത്രം കൈമുതലാക്കിയ അനേകം മനുഷ്യന്മാര്‍ക്ക് ഈ നാട്ടില്‍ സിനിമ ചെയ്യാമെങ്കില്‍, അതേപോലെ തന്നെ പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്കും വനിതകള്‍ക്കും ഈ നാട്ടില്‍ സിനിമ ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. അത് അത്രമേല്‍ സ്വാഭാവികമായ ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

യാതൊരു പരിശീലനവും ഇല്ലാതെ സർഗ്ഗശേഷി മാത്രം കൈമുതലാക്കിയ അനേകം മനുഷ്യന്മാർക്ക് ഈ നാട്ടിൽ സിനിമ ചെയ്യാമെങ്കിൽ , അതേപോലെ തന്നെ പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗത്തിൽ പെട്ട ആളുകൾക്കും വനിതകൾക്കും ഈ നാട്ടിൽ സിനിമ ചെയ്യാം . അത് അത്രമേൽ സ്വാഭാവികമായ ഒന്നാണ് . അല്ലാതെ അവർക്ക് മാത്രം സിനിമ ചെയ്യണമെങ്കിൽ മൂന്ന് മാസത്തെ എങ്കിലും തീവ്രമായ പരിശീലനം വേണം എന്നൊക്കെ തോന്നുന്നത് അവരെ നോക്കിക്കാണാൻ പ്രത്യേക തരം കണ്ണാടി ഉപയോഗിക്കുന്നത് കൊണ്ടാണ്‌.

എന്ന്

യാതൊരു വിധ പരിശീലനവും ലഭിക്കാതെ ഇതുവരെ 15 സിനിമകൾ വിവിധ ഭാഷകളിലും രാജ്യങ്ങളിലും ആയി ചെയ്യുകയും മൂന്ന് ദേശീയ പുരസ്കാരങ്ങളും മുപ്പതിലധികം അന്തർദേശീയ പുരസ്കാരങ്ങളും ലഭിക്കുകയും ചെയ്ത പട്ടിക ജാതി വിഭാഗത്തിൽ പെട്ട ഒരു സംവിധായകൻ

സ്ത്രീകള്‍ക്കും ദളിത് വിഭാഗങ്ങള്‍ക്കും സിനിമ നിര്‍മിക്കാന്‍ സര്‍ക്കാര്‍ നല്‍കുന്ന ഫണ്ടിലായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശം. സര്‍ക്കാരിന്റെ ഫണ്ടില്‍ സിനിമ നിര്‍മിക്കാന്‍ ഇറങ്ങുന്നവര്‍ക്ക് മൂന്ന് മാസത്തെ ഇന്റന്‍സീവ് ട്രെയിനിങ് കൊടുക്കണമെന്ന് അടൂർ പറഞ്ഞിരുന്നു. സര്‍ക്കാര്‍ പട്ടികജാതി പട്ടികവര്‍ഗത്തിന് നല്‍കുന്ന പണം ഒന്നരക്കോടിയാണ്. അഴിമതിക്കുള്ള വഴിയുണ്ടാക്കുകയാണെന്ന് താന്‍ മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നു. ഉദ്ദേശ്യം വളരെ നല്ലതാണ്. എന്നാല്‍ ഈ തുക മൂന്ന് പേര്‍ക്കായി നല്‍കണം. മൂന്ന് മാസത്തെ പരിശീലനം നല്‍കണം. അവര്‍ക്ക് മൂന്ന് മാസം വിദഗ്ദരുടെ പരിശീലനം നല്‍കണമെന്നും അടൂർ പറഞ്ഞിരുന്നു

പിന്നാലെ വിമര്‍ശനവുമായി നിരവധിപ്പേര്‍ രംഗത്തെത്തി. മന്ത്രി സജി ചെറിയാന്‍ വേദിയില്‍ വെച്ച് തന്നെ അടൂര്‍ പ്രകാശിന് മറുപടി നല്‍കി. കൂടുതല്‍ സിനിമകള്‍ക്ക് കൂടുതല്‍ പണം നല്‍കണമെന്നും അതൊരു തെറ്റായി താന്‍ കാണുന്നില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു. കൂടുതല്‍ പണം നല്‍കുമ്പോള്‍ ലാഭം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പട്ടിക ജാതി, പട്ടിക വര്‍ഗങ്ങള്‍ക്ക് 98 വര്‍ഷമായിട്ടും സിനിമയില്‍ മുഖ്യധാരയില്‍ എത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അവര്‍ക്ക് സഹായം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. സ്ത്രീകള്‍ക്കും അതേ പരിഗണന നല്‍കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

അടൂറിന്റെ പരാമര്‍ശത്തിനെതിരെ ഗായികയും സംഗീത നാടക അക്കാദമി അംഗവുമായ പുഷ്പാവതി പൊയ്പ്പാടത്തും രംഗത്തെത്തിയിരുന്നു. പട്ടിക ജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തിന്റെ ഉന്നമനത്തിന് തുരങ്കം വെയ്ക്കുന്ന നിലപാടാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞതെന്നും എസ്‌സി, എസ്ടി വിഭാഗം നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ട വിഭാഗമാണെന്നും പുഷ്പാവതി പറഞ്ഞു. എന്നാല്‍ അടൂറിന്റെ പരാമര്‍ശത്തില്‍ സദസ്സില്‍ നിന്നും ആരും പ്രതികരിക്കുന്നില്ലല്ലോ എന്നതാണ് ആലോചിച്ചതെന്നും പകരം നിറഞ്ഞ കൈയടി ലഭിച്ചെന്നും പുഷ്പാവതി പറഞ്ഞു. അത് തന്നെ അത്ഭുതപ്പെടുത്തിയെന്നും പുഷ്പാവതി കൂട്ടിച്ചേർത്തിരുന്നു.

Content Highlights: Dr. Biju against Adoor Gopalakrishnan on Contrary statement

To advertise here,contact us