പശുക്കടവിലെ വീട്ടമ്മയുടെ മരണം; സ്ഥലമുടമയെ ചോദ്യം ചെയ്ത് പൊലീസ്; നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചന

അനധികൃത ഫെൻസിംഗ് ഉണ്ടോയെന്ന് സംശയമുണ്ടെന്ന് നേരത്തെ വാർഡ് മെമ്പർ ആരോപിച്ചിരുന്നു

കോഴിക്കോട്; കോഴിക്കോട് പശുക്കടവിൽ വീട്ടമ്മ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്ഥലമുടമയെ ചോദ്യം ചെയ്ത് പൊലീസ്. ബോബിയേയും പശുവിനെയും മരിച്ച നിലയിൽ കണ്ടെത്തിയ പറമ്പിൻ്റെ ഉടമ ആലക്കൽ ജോസിനെയാണ് പൊലീസ് ചോദ്യം ചെയ്തത്. ഇയാളിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചതായി പൊലീസ് അറിയിച്ചു. സംശയമുള്ള മൂന്ന് പേരെ കൂടി ഉടൻ ചോദ്യം ചെയ്യുമെന്ന് തൊട്ടിൽപ്പാലം ഇൻസ്പെക്ടർ പറഞ്ഞു.

അതേസമയം ഇന്ന് നടത്തിയ പോസ്റ്റുമോർട്ടത്തിൽ വീട്ടമ്മയുടെ മരണം ഷോക്കേറ്റാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അനധികൃത ഫെൻസിംഗ് ഉണ്ടോയെന്ന് സംശയമുണ്ടെന്ന് നേരത്തെ വാർഡ് മെമ്പർ ആരോപിച്ചിരുന്നു.

കഴിഞ്ഞ ദിവസം വനാതിർത്തിയിൽ പശുവിനെ മേയ്ക്കാൻ കൊണ്ടുപോയതായിരുന്നു കോങ്ങാട് ചൂള പറമ്പിൽ ഷിജുവിന്റെ ഭാര്യ ബോബി. ഉച്ചയ്ക്ക് പശുവിനെ അഴിക്കാനായി വനാതിർത്തിയിലേക്ക് പോയ ബോബി പിന്നീട് തിരിച്ചുവന്നില്ല. തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരും പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും കുറ്റ്യാടി ദുരന്തനിവാരണ സേനയിലെ ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ തിരച്ചിലിൽ ആളൊഴിഞ്ഞ പറമ്പിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Content Highlight : Housewife dies in cowshed; police question landlord, indicate crucial information has been obtained

To advertise here,contact us