തൃശൂര്: മദ്യക്കുപ്പിയുടെ പുറത്ത് രേഖപ്പെടുത്തിയതിനേക്കാള് 60 രൂപ കൂടുതല് ഈടാക്കിയ ബവ്റിജസ് കോര്പ്പറേഷനെതിരെ നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃ കമ്മീഷന്. 15,060 രൂപ ഉപഭോക്താവിന് നല്കണം. അധികമായി നല്കിയ 60 രൂപ ഉപഭോക്താവിന് തിരികെ നല്കുന്നതിന് പുറമെ 5,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവും 9 ശതമാനം പലിശ സഹിതം ഉപഭോക്താവിന് നല്കണമെന്നും കമ്മീഷന് ഉത്തരവിട്ടു.
ചാലക്കുടി പേരാമ്പ്ര സ്വദേശിയാണ് പരാതിക്കാരന്. 2011 ലെ പാക്കേജ്ഡ് കമ്മോഡിറ്റീസ് ചട്ടങ്ങളുടെ ലംഘനമാണ് ബെവ്കോ നടപടിയെന്ന് കമ്മീഷന് വിലയിരുത്തി. എംആര്പി അനുസരിച്ച് മാത്രമെ മദ്യം വില്ക്കുന്നുള്ളൂവെന്ന് ഉറപ്പാക്കണമെന്നും മദ്യവില കൂട്ടിയാല് അക്കാര്യം ഔട്ട്ലെറ്റുകളുടെ മുന്നില് പ്രദര്ശിപ്പിക്കണമെന്നും കമ്മീഷന് നിര്ദേശിച്ചു.
ബെവ്കോ ഔട്ട്ലെറ്റില് നിന്ന് 740 രൂപ എംആര്പി രേഖപ്പെടുത്തിയ ബ്രാണ്ടി വാങ്ങിയപ്പോള് 800 രൂപ ഈടാക്കിയെന്നാണ് പരാതി. കുപ്പിയുടെ പുറത്ത് കണ്ടതിനേക്കാള് കൂടുതല് തുക തരാനാകില്ലെന്ന് പരാതിക്കാരന് പറഞ്ഞെങ്കിലും മദ്യത്തിന് വില വര്ധിച്ചെന്ന് പറഞ്ഞ് പുതിയ നിരക്ക് ഈടാക്കുകയായിരുന്നു.
Content Highlights: Consumer Commission Directs compensation to Beverages Corporation over 15,600