തിരുവനന്തപുരം: മെഡിക്കല് കോളേജില് ഉപകരണം കാണാതായതുമായി ബന്ധപ്പെട്ട ആരോപണത്തില് ഡിഎംഇ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കല്. എല്ലാ വര്ഷവും ഓഡിറ്റ് നടക്കുന്നതാണെന്നും അന്വേഷണം നടക്കട്ടെയെന്നും ഹാരിസ് ചിറക്കല് പറഞ്ഞു. ഇന്നും നാളെയും താന് അവധിയിലാണെന്നും തിങ്കളാഴ്ച്ച മുതല് അന്വേഷണവുമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സമിതി എങ്ങനെയാണ് ഇത് അന്വേഷിച്ചതെന്ന് അറിയില്ലെന്നും ഉപകരണം കാണാതായിട്ടില്ല, ഉപയോഗിക്കാതെ മാറ്റിവെച്ചിരിക്കുകയാണെന്നും ഡോ. ഹാരിസ് ചിറക്കല് അറിയിച്ചു.
'എല്ലാ വര്ഷവും ഓഡിറ്റ് നടക്കുന്നതാണ്. അന്വേഷണം നടക്കട്ടെ. ഞാന് രണ്ടുദിവസം അവധിയിലാണ്. തിങ്കളാഴ്ച്ച മുതലേ ഡിപാര്ട്ട്മെന്റില് പോവുകയുളളു.അപ്പോൾ അന്വേഷണവുമായി സഹകരിക്കും. മോര്സെലേറ്റര് എന്നൊരു ഉപകരണമുണ്ട്. ആ ഉപകരണം ഇപ്പോള് ഉപയോഗിക്കുന്നില്ല. മാറ്റിവെച്ചിട്ടുണ്ട്. അത് ഉപയോഗിക്കാനറിയുന്ന ഡോക്ടര്മാര് നിലവില് ഞങ്ങളുടെ കൂട്ടത്തിലില്ല. ഉപകരണം കാണാതായതല്ല, മാറ്റിവെച്ചിരിക്കുകയാണ്. ഇതൊക്കെ അന്വേഷണസംഘത്തോട് നേരത്തെ പറഞ്ഞിരുന്നതാണ്. പരിചയമില്ലാത്ത ഉപകരണം വെച്ച് ഓപ്പറേഷന് ചെയ്ത് രോഗികളുടെ ജീവന് പ്രശ്നമുണ്ടാക്കുന്നതെന്തിനാണ്? അത് ഓപ്പറേഷന് തിയറ്ററില് തന്നെയുണ്ട്. ഏതെങ്കിലും ഡോക്ടര്മാര് അതിന് പരിശീലനം ചെയ്ത് വന്നാല് മാത്രമേ അത് ഇനി ഉപയോഗിക്കാനാകൂ. എംപി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഉപകരണമായതിനാല് നിരവധി തവണ ഫോട്ടോ എടുത്ത് കളക്ടറേറ്റിലേക്കുള്പ്പെടെ അയക്കേണ്ടിവന്നിട്ടുണ്ട്. കളക്ടറേറ്റില് നിന്ന് ഉദ്യോഗസ്ഥര് വന്നും ഫോട്ടോ എടുത്തിട്ടുണ്ട്'-ഡോ.ഹാരിസ് ചിറക്കൽ പറഞ്ഞു.
കഴിഞ്ഞ ദിവസം മെഡിക്കല് കോളേജിലെ യൂറോളജി വിഭാഗത്തില് എംപി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഉപകരണത്തിന്റെ ഒരുഭാഗം കാണുന്നില്ലെന്ന് അന്വേഷണ സമിതി കണ്ടെത്തിയതായി ആരോഗ്യമന്ത്രി വീണാ ജോര്ജ് പറഞ്ഞിരുന്നു. ഇക്കാര്യം മുന്പ് റിപ്പോര്ട്ട് ചെയ്യപ്പെട്ടില്ലെന്നും സംഭവത്തില് വകുപ്പുതല അന്വേഷണം നടത്തുമെന്നും കളവ് പോയെന്നാണ് സംശയമെന്നും മന്ത്രി പറഞ്ഞു. വകുപ്പുതല അന്വേഷണത്തിന് ശേഷം ആവശ്യമെങ്കില് പൊലീസില് പരാതി നല്കുന്ന കാര്യം പരിഗണിക്കുമെന്നും വീണാ ജോര്ജ് പറഞ്ഞു.
Content Highlights: Will cooperate with investigation says dr haris chirackal