കണ്ണൂര്: കന്യാസ്ത്രീകളുടെ മോചനവുമായി ബന്ധപ്പെട്ട് വാക്ക് പാലിച്ചു എന്നതില് സന്തോഷമെന്ന് തലശ്ശേരി ആര്ച്ച് ബിഷപ്പ് മാര് ജോസഫ് പാംപ്ലാനി. സംസ്ഥാന സര്ക്കാരിന്റെ എതിര്പ്പിനെ മറികടന്ന് കേന്ദ്രസര്ക്കാരിന്റെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടല് ഉണ്ടായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും എടുത്ത നിലപാടിനെ അങ്ങേയറ്റം ശ്ലാഘിക്കുന്നുവെന്നും മാര് ജോസഫ് പാംപ്ലാനി പറഞ്ഞു.
ഇത്തരത്തിലുള്ള സംഭവങ്ങള് ആവര്ത്തിക്കാതിരിക്കാനും ഇടപെടല് ഉണ്ടാകണമെന്നും ജോസഫ് പാംപ്ലാനി പറഞ്ഞു. വകുപ്പുകള് പിന്വലിക്കാനുമുള്ള നടപടിക്രമങ്ങള് കൂടി സര്ക്കാര് ശ്രദ്ധാപൂര്വം നിറവേറ്റണം. വിഷയത്തിലെ രാഷ്ട്രീയ മാനങ്ങള് സഭ ഗൗരവത്തോടെ എടുക്കുന്നില്ല. കന്യാസ്ത്രീകളുടെ മോചനവും വിശ്വാസം അനുസരിച്ച് ജീവിക്കാനുള്ള അന്തരീക്ഷം രൂപപ്പെടുക എന്ന ലക്ഷ്യത്തോടെയാണ് തെരുവില് ഇറങ്ങിയതെന്നും ജോസഫ് പാംപ്ലാനി കൂട്ടിച്ചേര്ത്തു.
ഇന്ന് രാവിലെയാണ് കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചത്. കര്ശന വ്യവസ്ഥകളോടെയാണ് ബിലാസ്പുർ എൻഐഎ കോടതി കന്യാസ്ത്രീകൾക്ക് ജാമ്യം അനുവദിച്ചത്. എന്ഐഎ കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുതെന്നാണ് പ്രധാന വ്യവസ്ഥ. പാസ്പോര്ട്ട് എന്ഐഎ കോടതിയില് നല്കണമെന്നും ജാമ്യകാലയളവിലെ വാസസ്ഥലം എന്ഐഎയെ അറിയിക്കണമെന്നും വ്യവസ്ഥയിലുണ്ട്. രണ്ടാഴ്ചയില് ഒരിക്കല് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില് ഹാജരാകണം, അന്വേഷണ ഏജന്സി ആവശ്യപ്പെടുമ്പോള് ചോദ്യം ചെയ്യാന് ഹാജരാകണം, തെളിവ് നശിപ്പിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, മാധ്യമങ്ങളോട് സംസാരിക്കരുത്, കേസിനെപ്പറ്റി പൊതുമധ്യത്തില് പ്രതികരിക്കരുത് തുടങ്ങിയ വ്യവസ്ഥകളും എന്ഐഎ കോടതി മുന്നോട്ടുവെച്ചു. 50,000 രൂപയുടെ രണ്ട് ആള് ജാമ്യവും കോടതി നിർദേശിച്ചിരുന്നു. ജാമ്യം ലഭിച്ചതിന് പിന്നാലെ വൈകിട്ടോടെ കന്യാസ്ത്രീകൾ പുറത്തിറങ്ങി.
ജൂലൈ 25-നാണ് ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യകടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് മലയാളികളായ രണ്ട് കന്യാസ്ത്രീകളെ റെയിൽവെ പൊലീസ് അറസ്റ്റ് ചെയ്തത്. അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണ് അറസ്റ്റിലായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവർ.
Content Highlights- Mar Joseph pamplani reaction over malayali nuns jail release