കുടിക്കാന്‍ വെള്ളം ചോദിച്ചു, അദീന നല്‍കിയത് കളനാശിനി ചേര്‍ത്ത വെള്ളം, സിസിടിവി ഓഫാക്കി, മൊബൈലും വലിച്ചെറിഞ്ഞു

കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട അന്‍സില്‍ ഇതിനായി അദീനയ്ക്ക് പണവും വാഗ്ദാനം ചെയ്തിരുന്നു

കൊച്ചി: കോതമംഗലത്ത് ആണ്‍ സുഹൃത്ത് അന്‍സിലിനെ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക കണ്ടെത്തലുമായി പൊലീസ്. കേസ് പിന്‍വലിക്കാന്‍ വാഗ്ദാനം ചെയ്ത പണം നല്‍കാത്തതിനെ തുടര്‍ന്നുള്ള തര്‍ക്കത്തിലാണ് പ്രതി അദീന, ആണ്‍ സുഹൃത്തായ അന്‍സിലിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ദീര്‍ഘകാലമായുള്ള ബന്ധത്തിനിടെ തന്നെ ഉപദ്രവിച്ചുവെന്ന പ്രതി അദീനയുടെ പരാതിയില്‍ കോതമംഗലം പൊലീസ് അന്‍സിലിനെതിരെ നേരത്തെ കേസ് എടുത്തിരുന്നു. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട അന്‍സില്‍ ഇതിനായി അദീനയ്ക്ക് പണവും വാഗ്ദാനം ചെയ്തു.

എന്നാല്‍ കേസ് പിന്‍വലിച്ചിട്ടും പണം നല്‍കാന്‍ അന്‍സില്‍ തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് പലപ്പോഴായി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഈ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് കണ്ടെത്തല്‍. കൃത്യമായ ആസൂത്രണത്തോടെയായിരുന്നു കൊലപാതകം എന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

കൊലപാതകത്തിനുള്ള തയ്യാറെടുപ്പ് രണ്ടു മാസങ്ങള്‍ക്കു മുന്‍പ് അദീന ആരംഭിച്ചിരുന്നു. അദീന ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടില്‍ ബുധനാഴ്ച പുലര്‍ച്ചെ 4.30 ഓടെയാണ് കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. വിഷം അന്‍സില്‍ കൊണ്ടുവന്നതെന്നായിരുന്നു അദീന ആദ്യം നല്‍കിയ മൊഴി. എന്നാല്‍ കളനാശിനി ദിവസങ്ങള്‍ക്ക് മുന്‍പുതന്നെ വാങ്ങിവെച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. ആശുപത്രിയിലേക്ക് പോകുമ്പോള്‍ ആംബുലന്‍സില്‍വെച്ച് അന്‍സില്‍ നടത്തിയ വെളിപ്പെടുത്തലും നിര്‍ണ്ണായകമായി. അവള്‍ വിഷം നല്‍കി, എന്നെ ചതിച്ചുവെന്നാണ് അന്‍സില്‍ പറഞ്ഞത്.

അന്‍സില്‍ കുടിക്കാനായി വെള്ളം ചോദിച്ചപ്പോള്‍ അദീന ഡിസ്‌പോസിബിള്‍ ഗ്ലാസില്‍ കളനാശിനി ശീതളപാനീയത്തില്‍ ചേര്‍ത്ത് നല്‍കുകയായിരുന്നുവെന്നാണ് വിവരം. അബോധാവസ്ഥയിലായതോടെ അന്‍സില്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്ന് അദീന പൊലീസിനെയും ബന്ധുക്കളെയും വിളിച്ച് അറിയിക്കുകയായിരുന്നു.

കൃത്യത്തിന് ശേഷം അന്‍സിലിന്റെ മൊബൈല്‍ വീടിനുസമീപം കാട്ടിലേക്ക് വലിച്ചെറിഞ്ഞിരുന്നു. വീട്ടിലെ സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌ക് എടുത്തുമാറ്റുകയും ചെയ്തിരുന്നു. ഫോണ്‍ പരിശോധനയ്ക്ക് അയക്കും. ഹാര്‍ഡ് ഡിസ്‌ക് കിട്ടിയാൽ നിര്‍ണ്ണായക വിവരം ലഭിക്കുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍.

ചോദ്യം ചെയ്യലിന്റെ തുടക്കത്തില്‍ കുറ്റം സമ്മതിക്കാന്‍ തയ്യാറാകാതിരുന്ന അദീന പിന്നീട് സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് മൊഴി നല്‍കിയിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിനായി പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.

Content Highlights: Kothamangalam Ansil Death accused Planned killing before two month said police

To advertise here,contact us