തിരുവനന്തപുരം: ചവറ്റുകൊട്ടയിലിടേണ്ട സിനിമയാണ് ദ കേരള സ്റ്റോറിയെന്ന് എഐസിസി ജനറല് സെക്രട്ടറി കെ സി വേണുഗോപാല്. ദുഷിച്ച അജണ്ടയാണ് സിനിമ മുന്നോട്ടുവെക്കുന്നതെന്നും മനോഹരമായ തന്റെ സംസ്ഥാനത്തെ അപകീര്ത്തിപ്പെടുത്തുന്നുവെന്നും വേണുഗോപാല് സമൂഹമാധ്യമങ്ങളില് പങ്കുവെച്ചു.
'ബിജെപി എങ്ങനെയാണ് വിദ്വേഷത്തെ സ്പോണ്സര് ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഈ ചിത്രത്തിന് ലഭിച്ച ദേശീയ അവാര്ഡ്. സ്വന്തം രാജ്യത്തെ സര്ക്കാരില് നിന്ന് നേരിട്ട ഈ അപമാനം കേരളം ഒരിക്കലും സഹിക്കില്ല. കേരളത്തിലെ സ്നേഹവും സാഹോദര്യമനോഭാവവുമുള്ള ജനങ്ങള് ബിജെപിയെ കഠിനമായി ശിക്ഷിക്കും', കെ സി വേണുഗോപാല് പറഞ്ഞു.
ദ കേരള സ്റ്റോറിക്ക് ദേശീയ പുരസ്കാരം ലഭിച്ചതില് വിമര്ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തിയിരുന്നു. ദേശീയ ചലച്ചിത്ര പുരസ്കാരത്തിലും ബിജെപി സര്ക്കാര് ലക്ഷ്യമിടുന്നത് വിദ്വേഷ കാമ്പയിനാണെന്നാണ് വി ഡി സതീശന് പ്രതികരിച്ചത്. മത വിദ്വേഷം മാത്രം ലക്ഷ്യമിട്ടാണ് 'ദി കേരള സ്റ്റോറി' എന്ന സിനിമയ്ക്ക് പുരസ്കാരം നല്കിയതെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും വി ഡി സതീശന് പറഞ്ഞു.
കേരള സ്റ്റോറിക്ക് പുരസ്കാരം ലഭിച്ചതിന് പിന്നാലെ വ്യാപക പ്രതിഷേധമാണ് വരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും പുരസ്കാരത്തിനെതിരെ രംഗത്തെത്തിയിരുന്നു. വര്ഗീയ അജണ്ട നടപ്പാക്കാനുള്ള ആയുധമായി ചലച്ചിത്രത്തെ മാറ്റുക എന്ന സംഘപരിവാര് അജണ്ടയാണ് ഇതിലൂടെ അവര് നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി കുറിച്ചു. ഈ നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും പിണറായി വിജയന് പറഞ്ഞിരുന്നു.
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ദ കേരള സ്റ്റോറിക്ക് രണ്ട് പുരസ്കാരങ്ങളായിരുന്നു ലഭിച്ചത്. മികച്ച സംവിധായകനുള്ള പുരസ്കാരം കേരള സ്റ്റോറി സംവിധായകന് സുധിപ്തോ സെന്നും മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം പ്രശാന്തനു മോഹപാത്രയും കരസ്ഥമാക്കി. 2023 മെയ് അഞ്ചിനായിരുന്നു കേരള സ്റ്റോറിയുടെ റിലീസ്. കേരളത്തെ കുറിച്ച് ഇല്ലാത്ത വിവരണം നല്കിയ സിനിമ സംപ്രേഷണം ചെയ്ത മുതല് വലിയ വിവാദങ്ങള്ക്കിടയാക്കിയിരുന്നു. കേരളത്തില് വ്യാപകമായി മതപരിവര്ത്തനം നടക്കുന്നുണ്ടെന്നും 32,000 സ്ത്രീകളെ മതം മാറ്റി ഐഎസില് എത്തിച്ചെന്നും ആരോപിക്കുന്നതാണ് ചിത്രം.
Content Highlights: K C Venugopal against National Award for The Kerala Story