കോണ്‍ഗ്രസില്‍ പുതു രക്തപ്രവാഹം നിലച്ചു,സ്ഥിരം മുഖങ്ങളെ ഒഴിവാക്കണം; പുനഃസംഘടനയില്‍ ചെറിയാന്‍ ഫിലിപ്പ്

പുനഃസംഘടനയില്‍ എഐസിസി നിര്‍ദേശം പാലിക്കണമെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ പുതു രക്തപ്രവാഹം നിലച്ചുവെന്നും ഇതാണ് സംഘടന ദൗര്‍ബല്യത്തിന് കാരണമെന്നും ചെറിയാന്‍ ഫിലിപ്പ്. തിരഞ്ഞെടുപ്പുകളില്‍ ജയിക്കണമെങ്കില്‍ തലമുറമാറ്റം വേണമെന്നും അദ്ദേഹം പറഞ്ഞു.

യുവജന മുന്നേറ്റവും അനിവാര്യമാണ്. ഗ്രൂപ്പ് ശിങ്കിടികളെ പരിഗണിക്കുന്നതിന് പകരം ജനസമ്മതിയുള്ളവരെ ഭാരവാഹികള്‍ ആക്കണം. അവസരം ലഭിക്കാത്ത പുതുമുഖങ്ങളെ ഭാരവാഹി പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും ചെറിയാന്‍ ഫിലിപ്പ് ആവശ്യപ്പെട്ടു.

ദീര്‍ഘകാലമായി അധികാര സ്ഥാനങ്ങളില്‍ തുടരുന്ന സ്ഥിരം മുഖങ്ങളെ ഒഴിവാക്കണം. പുനഃസംഘടനയില്‍ എഐസിസി നിര്‍ദേശം പാലിക്കണമെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.

കെപിസിസി - ഡിസിസി പുനഃസംഘടന ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്. ഈ സമയത്താണ് ചെറിയാന്‍ ഫിലിപ്പിന്റെ വിമര്‍ശനം. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് നേതാക്കളുമായി ആശയവിനിമയം തുടരുകയാണ്. കഴിഞ്ഞ ദിവസം രാത്രി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അധ്യക്ഷന്‍ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, വര്‍ക്കിങ് പ്രസിഡന്റ് കെ പി അനില്‍കുമാര്‍, രമേശ് ചെന്നിത്തല എന്നിവരുമായാണ് കൂടിക്കാഴ്ച നടന്നത്.

പുനഃസംഘടന ഉണ്ടാകുമ്പോള്‍ ഡിസിസി അധ്യക്ഷന്മാരിലാകും വലിയ മാറ്റമുണ്ടാകുക എന്നാണ് സൂചന. ഒന്‍പത് ഡിസിസി പ്രസിഡന്റുമാരെ മാറ്റിയേക്കും. പ്രവര്‍ത്തന മികവ് പുലര്‍ത്തിയവരെ മാറ്റേണ്ടതില്ലെന്ന് തീരുമാനമുണ്ടായതിനാല്‍ അഞ്ച് ഡിസിസി പ്രസിഡന്റുമാര്‍ തുടരും. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളിലെ പ്രസിഡന്റുമാരെയാകും നിലനിര്‍ത്തുക.

ബ്ലോക്ക് തലത്തിലെ പ്രവര്‍ത്തനം, ജില്ലാ കമ്മിറ്റി ഓഫീസ് നിര്‍മാണം എന്നിവയെല്ലാമാണ് കോഴിക്കോട് ജില്ലാ അധ്യക്ഷന്‍ കെ പ്രവീണ്‍കുമാറിന് ഗുണമായത്. നിലമ്പുര്‍ ഉപതെരഞ്ഞെടുപ്പ് സമയത്ത് പക്വതയോടെ ഇടപെട്ടതാണ് മലപ്പുറം ജില്ലാ അധ്യക്ഷന്‍ വി എസ് ജോയിക്ക് ഗുണമായത്. യുവനേതാവ്, സമരങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നയാള്‍ എന്ന ഇമേജ് എറണാകുളം ജില്ലാ അധ്യക്ഷന്‍ മുഹമ്മദ് ഷിയാസിനുണ്ട്. അതുകൊണ്ടുതന്നെ ഷിയാസിനെ മാറ്റിയേക്കില്ല. തൃശ്ശൂരില്‍ പുതിയ ഡിസിസി അധ്യക്ഷന്‍ ചുമതലയേറ്റെടുത്ത് അധികമായിട്ടില്ല എന്നതിനാല്‍ അവിടെ മാറ്റമുണ്ടാകില്ല.

കെപിസിസിയിലും സമഗ്ര അഴിച്ചുപണി ഉണ്ടായേക്കില്ല. ഭാരവാഹികളായ ഭൂരിഭാഗം പേരെയും നിലനിര്‍ത്താനാണ് തീരുമാനം. പരമാവധി 85 ഭാരവാഹികളെ ഉള്‍പ്പെടുത്താനാണ് നിലവില്‍ ആലോചനകള്‍ നടക്കുന്നത്. അഞ്ച് വൈസ് പ്രസിഡന്റുമാരെ നിയമിക്കാനും നീക്കമുണ്ട്. സംസ്ഥാനത്തെ എംപിമാരുടെ അഭിപ്രായങ്ങള്‍ കൂടി കേള്‍ക്കേണ്ടതിനാല്‍ ചര്‍ച്ചകള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. ആഗസ്റ്റ് ആദ്യവാരത്തോടെ പുനഃസംഘടന പൂര്‍ത്തിയാക്കാനാണ് പാര്‍ട്ടിയുടെ ശ്രമം.

Content Highlights: Cherian Philip on Congress reorganization process

To advertise here,contact us