കോതമംഗലത്ത് പെൺസുഹൃത്ത് യുവാവിനെ കൊന്നത് 'പാരക്വറ്റ്' നൽകി; അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്

യുവാവിന് വിഷം നൽകിയ വിവരം യുവതി മാതാവിനെ അറിയിച്ചിരുന്നു

കൊച്ചി: എറണാകുളം കോതമംഗലത്ത് യുവാവിനെ വിഷം കൊടുത്ത് കൊന്ന പെണ്‍സുഹൃത്ത് അറസ്റ്റില്‍. ചേലാട് സ്വദേശിനി അദീനയാണ് അറസ്റ്റിലായത്. മാതിരപ്പള്ളി സ്വദേശി അന്‍സിലിനെയാണ് പാരക്വറ്റ് എന്ന കളനാശിനി കൊടുത്ത് യുവതി കൊന്നത്. കുറ്റം സമ്മതിച്ച പ്രതി വീടിനടുത്ത് നിന്നാണ് വിഷം വാങ്ങിയതെന്ന് മൊഴി നല്‍കി. പാരാക്വറ്റ് എന്ന കളനാശിനി ഉള്ളില്‍ ചെന്നാണ് മരണം സംഭവിച്ചതെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമായിരുന്നു.

ഇന്നലെ രാത്രി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്‍സില്‍ മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചയാണ് വിഷം കഴിച്ച നിലയില്‍ യുവതിയുടെ വീട്ടില്‍ നിന്ന് ഇയാളെ കണ്ടെത്തിയത്. മകന് വിഷം നല്‍കിയെന്ന് യുവതി തന്നെ അന്‍സിലിന്റെ ഉമ്മയെ വിളിച്ച് അറിയിക്കുകയായിരുന്നു. പിന്നീട് അന്‍സിലും കോതമംഗലം പൊലീസിനെ വിളിച്ച് തന്നെ രക്ഷിക്കാന്‍ ആവശ്യപ്പെട്ടു. പൊലീസ് എത്തിയാണ് അന്‍സിലിനെ ആശുപത്രിയിലേക്ക് മാറ്റിയത്.

പെണ്‍സുഹൃത്ത് വീട്ടില്‍ വിളിച്ചുവരുത്തി തനിക്ക് വിഷം നല്‍കിയെന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ അന്‍സില്‍ സുഹൃത്തിനോട് പറഞ്ഞിരുന്നു. അന്‍സിലും യുവതിയും തമ്മില്‍ നേരത്തെ മുതല്‍ ബന്ധം ഉണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇവര്‍ക്കിടയില്‍ രൂപപ്പെട്ട പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് കാരണം. അന്‍സില്‍ വിവാഹിതനാണ്.

ഏറെക്കാലമായി പെണ്‍സുഹൃത്തുമായി അടുപ്പത്തിലായിരുന്നു അന്‍സില്‍. അതിനിടെ അന്‍സിലിന്റെ ഭാഗത്ത് നിന്ന് യുവതിക്ക് ദുരനുഭവമുണ്ടായി. തുടര്‍ന്ന് ഇയാളെ കരുതിക്കൂട്ടി വിളിച്ചുവരുത്തി വിഷം കലര്‍ത്തി നല്‍കുകയായിരുന്നുവെന്നാണ് വിവരം. അന്‍സിലിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാതിരപ്പളളി ജുമാ മസ്ജിദില്‍ ഖബറടക്കി.

Content Highlights: Women gives paraqaut poison to kill lover in Ernakulam arrested

To advertise here,contact us