കൊച്ചി: സംഘടനാതിരഞ്ഞെടുപ്പിനിടെ താരസംഘടന എഎംഎംഎയ്ക്ക് നികുതി ബാധ്യതാ കുരുക്ക്. അംഗത്വവിതരണത്തിലടക്കം എഎംഎംഎയ്ക്കുള്ളത് കോടികളുടെ ജിഎസ്ടി കുടിശികയാണ്. തെരഞ്ഞെടുപ്പ് നടന്ന് പുതിയ ഭാരവാഹികള് ചുമതല ഏറ്റെടുത്താൽ ആദ്യം പരിഹരിക്കേണ്ടി വരിക നികുതിക്കുരുക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങളായിരിക്കും.
എട്ട് കോടിയോളം രൂപയുടെ നികുതിക്കുരുക്കാണ് സംഘടനയ്ക്ക് വന്നിരിക്കുന്നത്. ഇതിൽ 2014 മുതലുള്ള സ്റ്റേജ് ഷോയും മറ്റും നടത്തിയതുമായി ബന്ധപ്പെട്ട് അടയ്ക്കേണ്ട ജിഎസ്ടി, ആദായനികുതി എന്നിവയിലാണ് കുടിശ്ശികയുള്ളത്. ഇവ അടയ്ക്കാനാവശ്യപ്പെട്ട് നോട്ടീസ് നൽകിയെങ്കിലും ആഡ്ഹോക്ക് കമ്മിറ്റി ആയിരുന്നു ചുമതലയിൽ ഉണ്ടായിരുന്നതിനാൽ നിയമപ്രശ്നങ്ങൾ ഉയർന്നുവന്നു. ഇതോടെ സാവകാശം തേടുകയായിരുന്നു.
മുതിർന്ന താരങ്ങളുടെ പിന്തുണ മുൻപത്തെപ്പോലെ സംഘടനയ്ക്ക് ഇല്ല എന്നതും പ്രതിസന്ധിയാകുന്നുണ്ട്. തിരഞ്ഞെടുപ്പിൽ നിന്ന് സീനിയർ താരങ്ങൾ ഒരുമിച്ച് മാറിനിന്നത് പ്രതിസന്ധിയുടെ സൂചനയായാണ് കണക്കാക്കപ്പെടുന്നത്. തിരഞ്ഞെടുപ്പിൽ ആരെയെങ്കിലും പരസ്യമായി പിന്തുണയ്ക്കാൻ പോലും താരങ്ങൾ തയ്യാറായിട്ടില്ല. ഹേമാ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എഎംഎംഎയിൽ പ്രതിസന്ധി ഉടലെടുത്തത്.
Content Highlights: Tax issues for AMMA