കേരള മിഷൻ പാളുന്നു, അനുനയത്തിന് രാജീവ് ചന്ദ്രശേഖർ: തൃശൂർ അതിരൂപത ആസ്ഥാനത്ത് കൂടിക്കാഴ്ച

ബിജെപിയുമായുള്ള ക്രൈസ്‌തവ സഭകളുടെ ബന്ധം വഷളായതിനെത്തുടർന്നാണ് രാജീവ് ചന്ദ്രശേഖർ കൂടിക്കാഴ്ചയ്ക്ക് എത്തിയത്

തൃശൂർ: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തൃശൂർ അതിരൂപത ആസ്ഥാനത്തെത്തി. മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിനെ തുടർന്ന് ബിജെപിയുമായുള്ള ക്രൈസ്‌തവ സഭകളുടെ ബന്ധം വഷളായതിനെത്തുടർന്നാണ് രാജീവ് ചന്ദ്രശേഖർ കൂടിക്കാഴ്ചയ്ക്ക് എത്തിയത്. സിബിസിഐ അധ്യക്ഷൻ ആർച് ബിഷപ്പ് അന്ദ്രൂസ് താഴത്ത്, മാർ ടോണി നീലങ്കാവിൽ എന്നിവരുമായാണ് രാജീവ് ചന്ദ്രശേഖർ കൂടിക്കാഴ്ച നടത്തുക. ബിജെപി ജില്ലാ നേതാക്കളെ പുറത്ത് നിർത്തിയാണ് രാജീവ് ചന്ദ്രശേഖറും പത്മജ വേണുഗോപാലും സഭാ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി. ഇതിനിടെ രാജീവ് ചന്ദ്രശേഖറിനെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടിയന്തരമായി ഡൽഹിക്ക് വിളിച്ചു. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് രാജീവ് ചന്ദ്രശേഖർ ഡൽഹിക്ക് തിരിക്കും.

കഴിഞ്ഞ ദിവസം സിറോ മലബാർ ആസ്ഥാനത്തെത്തിയും രാജീവ് ചന്ദ്രശേഖർ കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. ശേഷം മാധ്യമങ്ങളെ കണ്ട രാജീവ് അറസ്റ്റിലായ കന്യാസ്ത്രീകള്‍ നിരപരാധികളാണെന്നും അവരുടെ മോചനത്തിനായി സഹായിക്കാമെന്ന് അമിത് ഷാ ഉറപ്പുനല്‍കിയതായും പറഞ്ഞിരുന്നു. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ എതിര്‍ക്കില്ലെന്ന് ഛത്തീസ്ഗഡ് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതേസമയം, ഛത്തീസ്​ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ എൻഐഎ കോടതിയിൽ സമർപ്പിക്കാൻ തീരുമാനമായി. കുടുംബവും സഭാ അധികൃതരുമാണ് ജാമ്യാപേക്ഷയുമായി എൻഐഎ കോടതിയെ സമീപിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇന്നും നാളെയും NIA കോടതി പ്രവർത്തിക്കുന്നുവെന്നത് കണക്കിലെടുത്താണ് തീരുമാനം. കന്യാസ്ത്രീകളുടെ കുടുംബം, റായ്പൂർ അതിരൂപത നേതൃത്വം, റോജി എം ജോൺ എംഎൽഎ എന്നിവർ അഭിഭാഷകനുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമുണ്ടായത്.

കോടതി നടപടി അനുസരിച്ച് തുടർനീക്കം ആലോചിക്കും. പ്രതികൂല വിധിയെങ്കിൽ ഉച്ചക്ക് ശേഷമോ, തിങ്കളാഴ്ചയോ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം. മനുഷ്യക്കടത്ത് കേസ് ഉള്ളതിനാൽ എൻഐഎ കോടതിയെ സമീപിക്കാൻ നേരത്തെ ദുർഗ് സെഷൻസ് കോടതി നിർദ്ദേശിച്ചിരുന്നു.

മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ സെഷൻസ് കോടതിയിൽ ഛത്തീസ്​ഗഡ് സ‍ർക്കാർ എതി‍ർത്തിരുന്നു. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാൻ സെഷൻസ് കോടതിക്ക് അധികാരമില്ലെന്നായിരുന്നു പ്രോസിക്യൂഷൻ നിലപാട്. ഇത് അംഗീകരിച്ചികൊണ്ടാണ് സെഷൻസ് കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽ നിന്ന് പിന്മാറിയതും എൻഐഎ കോടതിയെ സമീപിക്കാൻ നി‍ർദ്ദേശിച്ചതും. ദുർഗ് മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയായിരുന്നു കന്യാസ്ത്രീകൾ ജാമ്യാപേക്ഷയുമായി സെഷൻസ് കോടതിയെ സമീപിച്ചത്.

എൻഐഎ കോടതിയിൽ സമീപിക്കേണ്ടതില്ലെന്ന നിയമോപദേശം ലഭിച്ചതായി നേരത്തെ റിപ്പോർ‌ട്ടുകളുണ്ടായിരുന്നു. എൻഐഎ കോടതിയിൽ നിയമനടപടികൾ സങ്കീർണമാകും എന്നായിരുന്നു വിലയിരുത്തൽ. ഇതിൻ്റെ അടിസ്ഥാനത്തിൽ കന്യാസ്ത്രീകൾക്കായി ഛത്തീസ്ഗഡ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കാനും ആലോചനയുണ്ടായിരുന്നു.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവക സിസ്റ്റർ പ്രീതി മേരി എന്നിവരായിരുന്നു അറസ്റ്റിലായത്. ഇവർക്കൊപ്പം മൂന്ന് പെൺകുട്ടികളുമുണ്ടായിരുന്നു. ഈ പെൺകുട്ടികളെ കടത്തുകയാണെന്നും നിർബന്ധിത പരിവർത്തനത്തിനിരയാക്കുകയാണെന്നും ആരോപിച്ച് ബജ്‌റംഗ്ദൾ പ്രവർത്തകരാണ് രംഗത്തെത്തിയത്. കന്യാസ്ത്രീകളെ ബജ്‌റംഗ്ദൾ പ്രവർത്തകർ തടഞ്ഞുവെയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. ഇരുവർക്കുമെതിരെ നിർബന്ധിത പരിവർത്തനം, മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സിസ്റ്റർ പ്രീതിയാണ് കേസിലെ ഒന്നാം പ്രതി. സിസ്റ്റർ വന്ദന രണ്ടാം പ്രതിയാണ്.

Content Highlights: rajeev chandrashekar at thrissur for discussions with christian religious leaders

To advertise here,contact us