ദുരന്തമുണ്ടായി ഒരു വർഷം, ഇനിയും തീരുമാനമായില്ലേ; ബാങ്ക് വായ്പ എഴുതിത്തള്ളാത്തതിൽ കേന്ദ്രത്തിനെതിരെ ഹൈക്കോടതി

മുണ്ടക്കൈ-ചൂരല്‍മല ദുരന്തം സംഭവിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞെന്നും കേന്ദ്രത്തെ ഹൈക്കോടതി ഓര്‍മ്മപ്പെടുത്തി

കൊച്ചി: മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളാത്തതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം തുടര്‍ന്ന് ഹൈക്കോടതി. ദുരന്തം സംഭവിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും തീരുമാനമെടുക്കാനായില്ലേയെന്ന് ഡിവിഷന്‍ ബെഞ്ചിന്റെ ചോദ്യം. ബാങ്ക് വായ്പ എഴുതിത്തള്ളുന്നതില്‍ ഓഗസ്റ്റ് 13നകം കേന്ദ്ര സര്‍ക്കാര്‍ തീരുമാനം അറിയിക്കണം. മുണ്ടക്കൈ-ചൂരല്‍മല ദുരന്തം സംഭവിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞെന്നും കേന്ദ്രത്തെ ഹൈക്കോടതി ഓര്‍മ്മപ്പെടുത്തി.

ദുരിതബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളുന്നതില്‍ ഇതുവരെയും തീരുമാനമെടുക്കാനായില്ലേയെന്നും കേന്ദ്ര സര്‍ക്കാരിനോട് ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. വായ്പ എഴുതിത്തള്ളുന്നതില്‍ എപ്പോള്‍ തീരുമാനമെടുക്കുമെന്നും ഓഗസ്റ്റ് 13നകം തീരുമാനം അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കേരള ബാങ്ക് വായ്പ എഴുതിത്തള്ളിയത് മാതൃകയാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. വായ്പ എഴുതിത്തള്ളിയാലും ഇല്ലെങ്കിലും തീരുമാനം കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ അറിയിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. അതിനനുസരിച്ച് സംസ്ഥാനത്തിന് മുന്നോട്ട് പോകാനാകുമെന്നും അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു.

ദുരന്തമുഖത്തെ സൈനിക സേവനത്തിന് കേന്ദ്രം ആവശ്യപ്പെട്ട പ്രതിഫലത്തുക ദുരന്ത ബാധിതര്‍ക്കായി ചെലവഴിക്കാന്‍ പദ്ധതി തയ്യാറാക്കിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ദുരന്തമുഖത്തെ സൈനിക സേവനത്തിനുള്ള 17 വര്‍ഷത്തെ പ്രതിഫലത്തുകയാണ് മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതര്‍ക്കായി വിനിയോഗിക്കാന്‍ പദ്ധതി തയ്യാറാക്കിയെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. 104 കോടി രൂപ 18 പദ്ധതികള്‍ക്കായി വിനിയോഗിക്കും. 50 കോടി രൂപയുടെ 7 പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചു. മറ്റ് പദ്ധതികള്‍ക്ക് ഉടന്‍ ഭരണാനുമതി നല്‍കുമെന്നും സര്‍ക്കാരിന്റെ സത്യവാങ്മൂലം. മൂന്ന് സ്‌കൂളുകളുടെ കെട്ടിട നിര്‍മ്മാണത്തിനായി 23 കോടി രൂപ ചെലവഴിക്കും. വെള്ളാര്‍മല ഹൈസ്‌കൂള്‍ കെട്ടിടത്തിന് 11.5 കോടി രൂപയും ജിവിഎച്ച്എസ്എസ് കെട്ടിടത്തിന് 7.5 കോടി രൂപയും മുണ്ടക്കൈ ജിഎല്‍പിഎസ് കെട്ടിടത്തിന് 4 കോടി രൂപയും സംസ്ഥാന സര്‍ക്കാര്‍ ചെലവഴിക്കും.

Content Highlights: High Court criticized centre for not writing off the bank loans of disaster victims

To advertise here,contact us