താൽക്കാലിക വി സി നിയമനത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി; ഗവര്‍ണര്‍ക്ക് കത്തയച്ചു

നിയമനം സുപ്രീംകോടതി വിധിയുടെ ലംഘനമെന്നും കത്തില്‍ സൂചിപ്പിക്കുന്നു

തിരുവനന്തപുരം: താൽക്കാലിക വി സി നിയമനത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ക്ക് കത്തയച്ചു. നിയമനം നടത്തിയത് സര്‍വകലാശാല ചട്ടം അനുസരിച്ചല്ലെന്ന് മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി. നിയമനം സുപ്രീംകോടതി വിധിയുടെ ലംഘനമെന്നും കത്തില്‍ സൂചിപ്പിക്കുന്നു.

സുപ്രീംകോടതി വിധിയുടെ അന്തസത്തക്ക് എതിരായ നടപടിയാണ് ഗവർണറുടേത്. ചാന്‍സലര്‍ സര്‍ക്കാറുമായി യോജിച്ച് തീരുമാനമെടുക്കണമെന്നാണ് സുപ്രീംകോടതി വിധി. ഗവര്‍ണര്‍ നിയമിച്ച വിസിമാര്‍ സര്‍ക്കാര്‍ പാനലില്‍ ഇല്ലാത്തവരാണെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കെടിയു, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ താൽക്കാലിക വി സി നിയമനത്തില്‍ ഗവര്‍ണര്‍ക്ക് കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ നിന്നും തിരിച്ചടി നേരിട്ടിരുന്നു.

വി സി നിയമനം സര്‍ക്കാര്‍ പാനലില്‍ നിന്ന് തന്നെ വേണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. സര്‍വകലാശാല നിയമം അനുസരിച്ച് വി സിമാരെ നിയമിക്കണമെന്നും ഇടക്കാല ഉത്തരവില്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. സര്‍ക്കാര്‍ പാനലില്‍ ഉള്‍പ്പെട്ടാല്‍ നിലവിലെ വി സിമാരെ വീണ്ടും നിയമിക്കാമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

രണ്ട് സര്‍വകലാശാലകളിലും സ്ഥിരം വി സിമാരില്ലാത്തതാണ് പ്രധാന പ്രശ്നമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു. വസ്തുതകള്‍ പരിശോധിച്ചാണ് ഹൈക്കോടതി തീരുമാനമെടുത്തതെന്നുമായിരുന്നു ജസ്റ്റിസുമാരായ ജെ ബി പാര്‍ഡിവാല, ആര്‍ മഹാദേവന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റെ നിരീക്ഷണം. സര്‍വകലാശാലകളില്‍ ഭരണ സ്തംഭനം ഉണ്ടാകരുതെന്ന ഹൈക്കോടതിയുടെ നിരീക്ഷണം സുപ്രീംകോടതി ശരിവെക്കുകയും ചെയ്തിരുന്നു. സ്ഥിരം വി സി നിയമനത്തിനായുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ അറിയിക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു.

Content Highlights: CM Pinarayi Vijayan write letter to Governor for Cancellation of VC appointment

To advertise here,contact us