'ഒരു നോക്കുകൊണ്ടോ വാക്കുകൊണ്ടോ പ്രസ്ഥാനത്തിന് ഒരു പോറലും ഉണ്ടാവരുത്'; കെ എം അഭിജിത്ത്

കെ എം അഭിജിത്തിനെ ഒഴിവാക്കിയതില്‍ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് ദേശീയ സമിതിയില്‍ തന്നെ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്നുണ്ടായ വിവിധ പ്രതികരണങ്ങളില്‍ അഭിപ്രായം രേഖപ്പെടുത്തി കെ എം അഭിജിത്ത്. ഒരു നോക്കുകൊണ്ടോ വാക്കുകൊണ്ടോ പ്രസ്ഥാനത്തിന് ഒരു പോറലും ഉണ്ടാവരുതെന്നാണ് അഭിജിത്തിന്റെ പ്രതികരണം.

സ്ഥാനമുള്ളവരും ഇല്ലാത്തവരുമായ അനേകായിരങ്ങളുടെ അഭയവും ആശ്വാസവുമാണ് യൂത്ത് കോണ്‍ഗ്രസ്. ഒരു നോക്കുകൊണ്ടോ വാക്കുകൊണ്ടോ പ്രസ്ഥാനത്തിന് ഒരു പോറലും ഉണ്ടാവരുത്. അഭിപ്രായങ്ങള്‍ സംഘടനയ്ക്കുള്ളില്‍ പ്രകടിപ്പിക്കണമെന്നും അഭിജിത്ത് പറഞ്ഞു. അഖിലേന്ത്യാ യൂത്ത് കോണ്‍ഗ്രസിന്റെ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് അഭിനന്ദനങ്ങള്‍ രേഖപ്പെടുത്തിയാണ് അഭിജിത്ത് തന്റെ പ്രതികരണം അവസാനിപ്പിച്ചത്.

കെ എം അഭിജിത്തിനെ ഒഴിവാക്കിയതില്‍ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

യൂത്ത് കോണ്‍ഗ്രസ് സംഘടനാ പദവിയുള്ളവരാണ് പ്രതിഷേധിക്കുന്നവരില്‍ ഭൂരിഭാഗവും. അര്‍ഹതയെ അവഗണിക്കുന്നുവെന്നും മാറ്റിനിര്‍ത്തിയവര്‍ അയോഗ്യത പറയണമെന്നും യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ജംഷെ ഫേസ്ബുക്കില്‍ കുറിച്ചു. സംഘടനയെ പ്രതിപക്ഷ ശബ്ദമാക്കി മാറ്റിയയാളാണ് അഭിജിത്ത് എന്നും അഭിജിത്ത് അഭിമാനമാണ് എന്നുമാണ് യൂത്ത് കോണ്‍ഗ്രസ് പയ്യാനക്കല്‍ മണ്ഡലം അധ്യക്ഷന്‍ സാദിഖ് പയ്യാനക്കല്‍ പ്രതികരിച്ചത്.

അഭിജിത്തിനെ യൂത്ത് കോണ്‍ഗ്രസ് ദേശീയ ഭാരവാഹിയാക്കാത്തതില്‍ കെ എസ് യു സംസ്ഥാന ഉപാധ്യക്ഷന്‍ അരുണ്‍ രാജേന്ദ്രനും രംഗത്തുവന്നിട്ടുണ്ട്. എന്താണ് ഇനിയും അഭിജിത്ത് പാര്‍ട്ടിക്ക് വേണ്ടി ചെയ്യേണ്ടതെന്നും എന്താണ് അഭിജിത്ത് ഇതുവരെ ചെയ്തതില്‍ ഒരു കുറവായി തോന്നിയത് എന്നുമാണ് അരുണ്‍ ചോദിക്കുന്നത്. നിരവധി കോണ്‍ഗ്രസ് സൈബര്‍ പേജുകളും അഭിജിത്തിന് പിന്തുണയുമായി രംഗത്തുവന്നിട്ടുണ്ട്. കേരളത്തിലെ തെരുവോരങ്ങളില്‍ അഭിജിത്ത് നയിച്ച രക്തരൂക്ഷിതമായ സമര പോരാട്ടങ്ങള്‍ എത്രയെന്നും അയാള്‍ കെഎസ്യുവിന് നല്‍കിയ സംഭാവനകള്‍ എത്രയെന്നും ഓര്‍മിച്ചപ്പിച്ചുകൊണ്ടായിരുന്നു കോണ്‍ഗ്രസ് എഡിറ്റര്‍സ് എന്ന പേജിലെ പോസ്റ്റ്. ഉമ്മന്‍ചാണ്ടിയോടൊപ്പമായിരുന്നു എന്നതാണ് വിഷയമെങ്കില്‍ അതയാള്‍ക്കൊരു പൂച്ചെണ്ടാണ് എന്നും പോസ്റ്റില്‍ പറയുന്നു.

കഴിഞ്ഞ ദിവസമാണ് യൂത്ത് കോണ്‍ഗ്രസ് ദേശീയ ഭാരവാഹിപ്പട്ടിക പ്രഖ്യാപിച്ചത്. കേരളത്തില്‍ നിന്ന് നാല് പേരാണ് അഖിലേന്ത്യാ സെക്രട്ടറിമാരായി തിരഞ്ഞെടുക്കപ്പെട്ടത്. ബിനു ചുള്ളിയില്‍, ജിന്‍ഷാദ് ജിന്നാസ്, ഷിബിന വി കെ, ശ്രീലാല്‍ ശ്രീധര്‍ എന്നിവര്‍ക്കാണ് ചുമതല.

Content Highlights: KM Abhijith commented on various responses

To advertise here,contact us