ന്യൂഡൽഹി: കെടിയു, ഡിജിറ്റൽ സർവകലാശാലകളിലെ സ്ഥിരം വിസി നിയമനത്തിൽ സമവായ നിർദ്ദേശവുമായി സുപ്രീം കോടതി. സ്ഥിരം വിസി നിയമനത്തിൽ സംസ്ഥാന സർക്കാരും ചാൻസലറും സമവായത്തിലെത്തണം. സ്ഥിരം വിസിമാരെ നിയമിക്കുന്നതുവരെ നിലവിലെ വിസിമാർക്ക് തുടരാം. സർവകലാശാലകളിൽ രാഷ്ട്രീയം കലർത്തരുതെന്നും വിദ്യാർത്ഥികളെ പ്രതിസന്ധിയിലാക്കരുതെന്നും നിരീക്ഷിച്ചാണ് സുപ്രീംകോടതിയുടെ നടപടി. ചാൻസലറുടെ അപ്പീലിൽ സംസ്ഥാന സർക്കാർ രണ്ടാഴ്ചയ്ക്കകം മറുപടി നൽകണം.
സർക്കാർ നൽകുന്ന പാനലിൽ നിന്ന് നിയമനം നടത്തണമെന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് നൽകിയ അപ്പീലിലാണ് സുപ്രീം കോടതിയുടെ നടപടി. കേരള സാങ്കേതിക സർവകലാശാലയിലും ഡിജിറ്റൽ സർവകലാശാലയിലും നിലവിലെ താത്കാലിക വൈസ് ചാൻസലർമാർക്ക് തുടരാം. ഇതിനായി ചാൻസലർ പുതിയ വിജ്ഞാപനം ഇറക്കണം. സ്ഥിരം വൈസ് ചാൻസലർമാരെ നിയമിക്കാൻ നടപടികൾ ഉടൻ ആരംഭിക്കണം. സ്ഥിരം വിസി നിയമനക്കാര്യത്തിൽ സംസ്ഥാന സർക്കാരും ചാൻസലറും സമവായത്തിലെത്തണം. ഗവർണ്ണറും സർക്കാരും പരസ്പരം സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സൗഹാർദ്ദപരമായാണ് സർക്കാരും ഗവർണ്ണറും മുന്നോട്ട് പോകേണ്ടത്.
സർക്കാരിനാണോ ഗവർണ്ണർക്കാണോ നിയമനാധികാരം എന്നതല്ല പരിഗണനാ വിഷയം. ഇത്തരം വ്യവഹാരങ്ങളാൽ വിദ്യാർത്ഥികൾ പ്രതിസന്ധിയിലാകരുത്. സർവകലാശാലകളും വിദ്യാർത്ഥികളുമാണ് പ്രധാനം. രണ്ട് സർവകലാശാലകളിലും സ്ഥിരം വിസിമാരില്ലാത്തതാണ് പ്രധാന പ്രശ്നം. വസ്തുതകൾ പരിശോധിച്ചാണ് ഹൈക്കോടതി തീരുമാനമെടുത്തതെന്നും ജസ്റ്റിസുമാരായ ജെബി പാർഡിവാല, ആർ മഹാദേവൻ എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റെ നിരീക്ഷണം.
സർവകലാശാലകളിൽ ഭരണ സ്തംഭനം ഉണ്ടാകരുതെന്ന ഹൈക്കോടതിയുടെ നിരീക്ഷണം സുപ്രീംകോടതി ശരിവെച്ചു. സ്ഥിരം വിസി നിയമനത്തിനായുള്ള നടപടികൾ സംസ്ഥാന സർക്കാർ രണ്ടാഴ്ചയ്ക്കുള്ളിൽ അറിയിക്കണമെന്നുമാണ് സുപ്രീംകോടതിയുടെ നിർദ്ദേശം.
Content Highlights: Supreme Court on appointment of permanent VCs in KTU and digital universities