മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്; നീതി കിട്ടിയിട്ട് മതി ചായകുടി: ബിജെപി നേതൃത്വത്തിനെതിരെ ക്ലിമിസ് ബാവ

'കൃത്രിമമായി ഉണ്ടാക്കിയ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കേസ്'

തിരുവനന്തപുരം: മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൽ ബിജെപി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ബിഷപ്പ് കർദിനാൾ ബസേലിയോസ് ക്ലിമിസ് ബാവ. നീതി കിട്ടിയിട്ട് മതി ചായ കുടിയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വളരെ ഗൗരവകരമായി കാര്യങ്ങളെ കാണേണ്ടതുണ്ട്.

കൃത്രിമമായി ഉണ്ടാക്കിയ ആരോപണത്തിൻ്റെ അടിസ്ഥാനത്തിലാണ് ഈ കേസ്. ഭരണഘടന അനുശാസിക്കുന്ന സംരക്ഷണം സന്യാസിനിമാർക്ക് ലഭിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഭാരതത്തിലെ രണ്ട് സന്യാസിനിമാർ സ്വന്തം ദേശത്ത് അപമാനിക്കപ്പെട്ടു. രാഷ്ട്രീയ വ്യത്യാസമില്ലാതെ ദേശം ഒന്നായി പ്രവർത്തിക്കാനുള്ള സമയമാണിത്. സന്യാസിനിമാർ ഇപ്പോൾ ജയിലിലാണ് ജാമ്യം പോലും ലഭിച്ചിട്ടില്ലെന്നും ക്ലിമിസ് ബാവ ചൂണ്ടിക്കാണിച്ചു.

അവർക്ക് ലഭിക്കേണ്ട നീതി പോലും ലഭിച്ചിട്ടില്ല. പിന്നെ എന്ത് ചങ്ങാത്തമാണെന്നായിരുന്നു ബിജെപിയുടെ ഇരട്ടത്താപ്പിനെക്കുറിച്ചുള്ള ചോദ്യത്തിന് ക്ലിമിസ് ബാവയുടെ മറുപടി. സന്യാസിനിമാരുടെ വിഷയം മാനദണ്ഡമാക്കിയായിരിക്കും ബിജെപിയോടുള്ള ഇനിയുള്ള സമീപനം. നീതി കിട്ടിയിട്ട് മതി ചായ കുടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഛത്തീസ്ഗഡിൽ ജയിലിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കില്ലെന്ന് ദുർഗ് സെഷൻസ് കോടതി വ്യക്തമാക്കി. വിഷയത്തിൽ എൻഐഎ കോടതിയെ സമീപിക്കാനും നിർദേശം നൽകി. ജാമ്യാപേക്ഷ പരിഗണിക്കാതെ വന്നതോടെ കന്യാസ്ത്രീകൾ ജയിലിൽ തുടരും. കോടതിക്ക് പുറത്ത് ബജ്‌റംഗ്ദൾ പ്രവർത്തകർ ആഹ്ളാദപ്രകടനം നടത്തി.

ശനിയാഴ്ചയാണ് ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ചായിരുന്നു കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവക സിസ്റ്റര്‍ പ്രീതി മേരി എന്നിവരാണ് അറസ്റ്റിലായത്. സിസ്റ്റര്‍ പ്രീതിയെ ഒന്നാം പ്രതിയാക്കിയും വന്ദനയെ രണ്ടാം പ്രതിയാക്കിയുമാണ് കേസെടുത്തിരിക്കുന്നത്. അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണിവര്‍.

നാരായന്‍പുര്‍ ജില്ലയില്‍ നിന്നുള്ള മൂന്ന് പെണ്‍കുട്ടികളോടൊപ്പമായിരുന്നു കന്യാസ്ത്രീകള്‍ സഞ്ചരിച്ചിരുന്നത്. 19 മുതല്‍ 22 വയസ്സുള്ളവരായിരുന്നു ഇവര്‍. റെയില്‍വെ സ്റ്റേഷനിലെത്തിയ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇവര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും മനുഷ്യക്കടത്തും നടത്തുകയാണെന്ന് ആരോപിക്കുകയായിരുന്നു. തുടര്‍ന്ന് കന്യാസ്ത്രീകളെ തടഞ്ഞുവക്കുകയും ചെയ്തു.

കന്യാസ്ത്രീകള്‍ നടത്തുന്ന ആശുപത്രിയില്‍ ജോലിക്ക് പോവുകയാണെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു. മൂവരുടെയും രക്ഷിതാക്കള്‍ ജോലിക്ക് പോവാന്‍ നല്‍കിയ അനുമതി പത്രവും തിരിച്ചറിയല്‍ കാര്‍ഡുകളും പെണ്‍കുട്ടികള്‍ ഹാജരാക്കി. തങ്ങള്‍ നേരത്തെ തന്നെ ക്രൈസ്തവരാണെന്നും പെണ്‍കുട്ടികള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതൊന്നും അംഗീകരിക്കാന്‍ ബജ്റംഗ്ദളോ പൊലീസോ തയ്യാറായില്ലെന്നായിരുന്നു ആരോപണം.

Content Highlights: Baselios Cleemis bava against bjp on nuns arrest

To advertise here,contact us