ആലപ്പുഴയിൽ വീട്ടുവളപ്പില്‍ അസ്ഥികൂടം കണ്ടെത്തിയ സംഭവം; വീട്ടുടമ അറസ്റ്റില്‍

സെബാസ്റ്റ്യന്‍ ചേര്‍ത്തല സ്വദേശി ബിന്ദു പത്മനാഭന്‍ എന്ന യുവതിയുടെ തിരോധാന കേസിലും ആരോപണ വിധേയനാണ്

ആലപ്പുഴ: ആലപ്പുഴ പള്ളിപ്പുറത്ത് വീട്ടുവളപ്പില്‍ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ വീട്ടുടമ അറസ്റ്റില്‍. കൊലപാതകം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. തെളിവ് നശിപ്പിക്കല്‍ ഉള്‍പ്പെടെ വകുപ്പുകളും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. അസ്ഥികൂടം ആരുടേതെന്ന് വ്യക്തമാക്കണമെങ്കില്‍ ഡിഎന്‍എ പരിശോധന ഫലം വരേണ്ടതുണ്ട്.

കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി ജൈനമ്മ എന്ന വീട്ടമ്മയുടേതാണോ അസ്ഥികൂടം എന്ന സംശയത്തിലാണ് പൊലീസ്. ഡിസംബര്‍ 23 നാണ് ജൈനമ്മയെ കാണാതായത്. പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ജൈനമ്മയുടെ ഫോണ്‍ പള്ളിപ്പുറത്ത് വെച്ചാണ് അവസാനമായി ഓണായതെന്ന് കണ്ടെത്തിയിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിലാണ് സെബാസ്റ്റ്യന്‍ എന്നയാളുടെ വീട്ടുവളപ്പില്‍ നിന്ന് അസ്ഥികൂടം ലഭിച്ചത്. സെബാസ്റ്റ്യന്‍ ചേര്‍ത്തല സ്വദേശി ബിന്ദു പത്മനാഭന്‍ എന്ന യുവതിയുടെ തിരോധാന കേസിലും ആരോപണ വിധേയനാണ്. ജൈനമ്മയുടേതാണോ അസ്ഥികൂടം മനസിലാക്കാനായുള്ള ഡി എന്‍ എ പരിശോധനയ്ക്കുള്ള സാമ്പിളുകള്‍ സഹോദരന്‍ നല്‍കിയിട്ടുണ്ട്.

കാണാതായ ജൈനമ്മ ധ്യാന കേന്ദ്രങ്ങളില്‍ പോവാറുണ്ടായിരുന്നു. ഇത്തരത്തിൽ ഏതെങ്കിലും ധ്യാന കേന്ദ്രങ്ങളില്‍ ജൈനമ്മ പോയതായിരിക്കുമെന്നാണ് കുടുംബം കരുതിയിരുന്നത്. എന്നാല്‍ നാല് ദിവസമായിട്ടും കാണാത്തതിനെ തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട് ജൈനമ്മയുടെ ഫോണിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പള്ളിപ്പുറത്താണ് അവസാനമായി എത്തിയതെന്ന് വിവരം മനസിലാക്കുന്നത്. അന്വേഷണ പ്രകാരം സ്ഥലത്തുള്ള ആളുകളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഈ സമയത്താണ് സെബാസ്റ്റിയനെയും ചോദ്യം ചെയ്തത്. ഇയാളുടെ മൊഴിയിലെ വൈരുദ്ധ്യം പൊലീസ് കണക്കിലെടുത്തിരുന്നു. 2013 ല്‍ കാണാതായ ബിന്ദു പത്മനാഭന്റെ കേസിലും ഇയാള്‍ ആരോപണ വിധേയനാണ്.ഡിഎന്‍എ പരിശോധന വഴി ബിന്ദുവിന്റെയോ ജൈനമ്മയുടെയോ കേസിലെ നിര്‍ണായക വിവരം പുറത്ത് വരുമെന്നാണ് പൊലീസ് കരുതുന്നത്.

Content Highlights- Skeleton found in Alappuzha home; Houseowner arrested

To advertise here,contact us